ധാക്ക: ഇസ്രായേലിലേക്കുള്ള പത്ത് വര്‍ഷമായി തുടരുന്ന യാത്രാവിലക്ക് നീക്കി ബംഗ്ലാദേശ്. ‘ഇസ്രായേല്‍ ഒഴികെ എല്ലാ രാജ്യങ്ങളിലേക്കും സാധുതയുള്ള പാസ്പോര്‍ട്ട്’ എന്ന ഉപാധി നിലവിലെ പാസ്പോര്ട്ടുകളില്നിന്നു നീക്കുമെന്നും ‘ലോകമെമ്പാടും സാധുതയുള്ളത്’ എന്നാക്കി മാറ്റുമെന്നും ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു.
യാത്രാവിലക്ക് നീക്കിയതിനെ സ്വാഗതം ചെയ്ത ഇസ്രായേല്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി തെല്‍ അവിവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ബംഗ്ലാദേശിനോട് ആഹ്വാനം ചെയ്തു.
പാസ്പോര്ട്ടുകള് അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് കമാല്‍ പറഞ്ഞു. യാത്രാവിലക്ക് മാറ്റിയെങ്കിലും ഇസ്രായേലിനോടുള്ള നയനിലപാടില്‍ മാറ്റമില്ലെന്ന് അസദുസ്സമാന്‍ ഖാന് കമാല്‍ അറിയിച്ചു.