ന്യൂഡല്‍ഹി: അലോപ്പതിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയ യോഗഗുരു ബാബാ രാംദേവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന് രംഗത്ത്. താങ്കള്‍ കോവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചെന്ന് ഹര്ഷവര്ധന് രാംദേവിന് അയച്ച കത്തില്‍ പറഞ്ഞു.
”അലോപ്പതിക്കെതിരെയുള്ള താങ്കളുടെ പ്രതികരണം രാജ്യത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഇത് ഞാന്‍ ഫോണിലൂടെ പറഞ്ഞതാണ്.ജീവന് പണയം വെച്ച് കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ദൈവങ്ങളാണ്.
നിങ്ങള്‍ ഇവരെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെ മൊത്തം വേദനിപ്പിച്ചു. നിങ്ങളുടെ വിശദീകരണം പോര. ഇതിനെക്കുറിച്ച് ഗാഢമായി ചിന്തിച്ച് പ്രസ്താവന പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു” -ആരോഗ്യമന്ത്രി കത്തില്‍ പറഞ്ഞു.
അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന.
ബാബാ രാംദേവിന്റെ പ്രസ്താവനക്കെതിരെയ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ശക്തമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി രാംദേവ് രംഗത്തെത്തി. നേരത്തെ കൊവിഡിനെതിരെ ബാബാ രാംദേവിന്റെ പതഞ്ജലി കൊറോണില്‍ എന്ന മരുന്ന് പുറത്തിറക്കിയതും വിവാദമായിരുന്നു.