കൊച്ചി: ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് നാല് മരണംകൂടി. എറണാകുളം, കോട്ടയും ജില്ലകളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് മരിച്ചത്. ഇവരില്‍ രണ്ടുപേര്‍ എറണാകുളം സ്വദേശികളാണ്. പത്തനംതിട്ട സ്വദേശികളാണ് മരിച്ച മറ്റുരണ്ടു പേര്. പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേരില്‍ ഒരാള്‍ എറണാകുളത്തെ ആശുപത്രിയിലും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്.
എറണാകുളം ജില്ലയിൽ ഇതുവരെ ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ 58 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശിയാണ്. ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളായ മൂക്കന്നൂർ സ്വദേശി (45 വയസ്സ്) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
എറണാകുളം ജില്ലയില്‍ നിലവില്‍ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലായാണ് ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്കുള്ള ചികിത്സ നടത്തുന്നത്. വരുംദിവസങ്ങളില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക് ഒരു സ്ഥലത്ത് ചികിത്സയും ശസ്ത്രക്രിയയും നടത്താനുള്ള സൗകര്യം ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.