ചണ്ഡീഗഢ്: കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി ഹരിയാന സര്‍ക്കാര്‍. ഹിസാര്‍ ജില്ലയില്‍ പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ നാളെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വസതി ഉപരോധിച്ച് നടത്തുന്ന സമരത്തെ നേരിടാന്‍ മൂവായിരത്തോളം സായുധ പൊലീസിനെയാണ് ഹരിയാന സര്‍ക്കാര്‍ നിയോഗിക്കുന്നത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെതിരെ പ്രതിഷേധിച്ച 350ഓളം കര്‍ഷകര്‍ക്കെതിരെ ഹിസാര്‍ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വധശ്രമം, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിരോധന നിയമവും ഇവര്‍ക്കെതിരെ ചുമത്തി.
തുടര്‍ന്ന്, കേസെടുക്കാന്‍ നിര്‍ദേശം നല്കിയ പൊലീസ് ഐ.ജിയുടെ ഹിസാറിലെ വസതി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.
കര്‍ഷകദ്രോഹപരമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കഴിഞ്ഞ ആറു മാസമായി പ്രക്ഷോഭത്തിലാണ് കര്‍ഷകര്‍. സമരത്തിന് ആറുമാസം തികയുന്ന ബുധനാഴ്ച ബ്ലാക്ക് ഡേ ആചരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നുണ്ട്.