ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം യാസ് തിങ്കളാഴ്ച അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കേരളം അടക്കമുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക സാധ്യതയെന്നും മുന്നറിയിപ്പ്. യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയുണ്ടാകും.
ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഢീഷ, പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി. കിഴക്കന്‍ തീരങ്ങളിലെ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്രം നല്കി. മുംബൈ ബാര്‍ജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തീരത്ത് നിന്നും അകലെ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതടക്കം നടപടികള്‍ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ 85 സംഘങ്ങളെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെ നാല് കപ്പലുകള്‍ക്ക് രക്ഷപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്കി. കോസ്റ്റ് ഗാര്‍ഡിന്റെ നേത്യത്വത്തിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കേന്ദ്രം അതീവജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ നിരവധി ട്രെയിനുകളും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ തീരത്തെ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കനത്ത മഴയുണ്ടാകുമെന്നും സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ മേഖലകളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നത് ഒന്നര മീറ്റര്‍ ആക്കി വീണ്ടും ഉയര്‍ത്തി. പത്തനംതിട്ട, ആലപ്പുഴ്, കോട്ടയം , ഇടുക്കി ജില്ലകളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം കേരളത്തിലേക്കെത്തുന്നതും, യാസ് ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ന്യൂനമര്‍ദവും ചേര്‍ന്ന് കേരളത്തിനും തെക്കന്‍ കേരളത്തിനുമിടയില്‍ മഴ തുടരും.