റായ്പുര്‍: ഛത്തീസ്ഗഢില്‍ ലോക്ക്ഡൗണിനിടെ മരുന്നു വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിന്റെ കരണത്തടിച്ച ജില്ലാകളക്ടര്‍ക്കെതിരെ അച്ചടക്കനടപടി. സൂരജ്പുര്‍ കളക്ടര്‍ രണ്‍ബീര്‍ ശര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയായി മുഖ്യമന്ത്രി ഭൂപേഷ് ബാഗല് അറിയിച്ചു. കളക്ടറുടെ നടപടിയില്‍ അപലപിച്ച മുഖ്യമന്ത്രി യുവാവിനോടും കുടുംബത്തോടും മാപ്പ് പറയുന്നതായും ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കളക്ടര്‍ യുവാവിന്റെ കരണത്തടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതോടെ കളക്ടര്‍ യുവാവിനോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി എന്നാരോപിച്ചായിരുന്നു യുവാവിനോട് കളക്ടര്‍ അപമര്യാദയായി പെരുമാറിയത്. യുവാവിന്റെ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് വലിച്ചെറിഞ്ഞശേഷം മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും യുവാവിനെ മര്‍ദ്ദിച്ചിരുന്നു.