റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് 99122 കോടി രൂപ ഡിവിഡന്റായി നൽകും. ജൂലൈ 2020 മുതൽ മാർച്ച് 2021 വരെയുള്ള ഒൻപത് മാസക്കാലത്തെ നീക്കിയിരുപ്പിൽ നിന്നാണ് ഈ തുക റിസേർവ് ബാങ്ക് നൽകുക.സെൻട്രൽ ബോർഡ് ഓഫ് റഗുലേറ്റേർസാണ് കേന്ദ്രസർക്കാരിന് നൽകേണ്ട തുകയുടെ കാര്യത്തിൽ തീരുമാനം എടുത്തത്.
2021-22 സാമ്പത്തിക വർഷം മുതൽ ഏപ്രിലിൽ ആരംഭിച്ച് മാർച്ചിൽ അവസാനിക്കുന്നതാണ് റിസർവ് ബാങ്കിന്റെ കണക്കെടുപ്പ് കാലയളവ്. ഇതേ തുടർന്നാണ് കേന്ദ്രസർക്കാരിന് ഒൻപത് മാസത്തെ വിഹിതം ലഭിച്ചത്.
2019-20 കാലത്ത് കേന്ദ്ര ബാങ്ക് കേന്ദ്രസർക്കാരിന് നൽകിയത് 57128 കോടി രൂപയാണ്. ഇതിന് തൊട്ടുമുൻപത്തെ വർഷം 1.76 ലക്ഷം കോടി രൂപയായിരുന്നു നൽകിയത്. ഇതിൽ 1.23 ലക്ഷം കോടി ഡിവിഡന്റും 52637 കോടി രൂപ എക്സസ് പ്രൊവിഷനുമായിരുന്നു.