കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഒളിമ്പിക്സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റിലായി. മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. സുശീല്‍ കുമാര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ടോള്‍പ്ലാസയില്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ്സുശീല് കുമാറിന്റെ അറസ്റ്റ് നടന്നത്.
മേയ് നാലിനാണ് 23 വയസ്സുകാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സുശീല്‍ കുമാറും കൂട്ടാളികളും മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഡല്‍ഹി കോടതി സുശീല്‍ കുമാറിനും കൂട്ടാളികളായ മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു.സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.