ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് ബാധയിൽ കർശന മുന്നറിയിപ്പുമായി കേന്ദ്ര സര്ക്കാർ. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സമിതിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രോഗത്തെ നിസ്സാരമായി കാണരുത്. സ്വയം ചികിത്സ അപകടമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. സമിതിയുടെ അധ്യക്ഷൻ ഡോ.ഗുലേറിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ബ്ലാക്ക് ഫംഗസിന്റെ വ്യാപനം കൂടുമ്പോഴും പല കോണുകളിലും വീഴ്ച പറ്റുന്നതായി സമിതി വിലയിരുത്തി. കോവിഡ് വന്നു പോയവരിൽ വിട്ടു മാറാത്ത തലവേദനയും മുഖത്തിന്റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും എല്ലാം രോഗലക്ഷണമാണ്.നിസാരമെന്ന് കരുതുന്ന പലതുമാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ.
അതിനാൽ ലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ ഡോക്ടറെ കാണണം. വായ്ക്ക് ഉള്ളിൽ നിറമാറ്റമോ മുഖത്തു എവിടെയെങ്കിലും സ്പർശന ശേഷി കുറയുന്നതോ ആയി അനുഭവപ്പെട്ടാൽ ചികിത്സ തേടണം. പല്ലുകൾ ഇളകുന്നത് പോലെ തോന്നിയാലും ഡോക്ടറെ കാണണമെന്ന് മുന്നറിയിപ്പ് ഉണ്ട് .