ഷാർജ: തീരദേശ മേഖലയ്ക്ക് ആകാശംമുട്ടെ അഭിമാനം പകർന്നുകൊണ്ട് ജെനി ജെറോം തിരുവനന്തപുരത്ത് പറന്നിറങ്ങും. ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് തെക്കൻ തിരുവനന്തപുരത്തെ തീരദേശത്ത് നിന്നുള്ള 23കാരിയായ ജെനി ജെറോം ആണ്. തീരദേശത്തെ ധീരപെൺകൊടിയുടെ പ്രതീകമായ ജെനിയുടെ നേട്ടം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു.
കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി ജെനിയെ തേടി എത്തുകയാണ്. ജെറോം ജോറിസിന്റെ മകളായ ജെനി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പൈലറ്റ് ആകണമെന്ന ആഗ്രഹം ഏവരേയും അറിയിക്കുന്നത്. പെൺകുട്ടിയല്ലേ എന്ന ചോദ്യമൊന്നും അവളെ തളർത്തിയില്ല. പൈലറ്റ് ആകണമെന്ന ആഗ്രഹത്തിനു കൂടെ നിന്നത് അച്ഛൻ ജെറൊം തന്നെയാണ്.
പ്ലസ് ടു കഴിഞ്ഞ് ഷാർജയിലെ ആൽഫ ഏവിയേഷൻ അക്കാദമിയിൽ പൈലറ്റ് പരിശീലനത്തിനു പ്രവേശനം ലഭിച്ച ജെനിയുടെ ആഗ്രഹങ്ങൾക്ക് ചിറക് മുളച്ചുതുടങ്ങി. ആ ആത്മവിശ്വാസമാണ് ഇൗ യുവതിയെ ഇന്നു കടൽമക്കൾക്കു മാത്രമല്ല, കേരളക്കരയ്ക്കു തന്നെ അഭിമാനകരമായ വനിതാ പൈലറ്റാക്കിയിരിക്കുന്നത്.