തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന വിഡി സതീശന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങള്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. എം.പിമാരുടെയും യുവ എം.എല്‍.എമാരുടെയും ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്.
നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ഡി. സതീശന് പറവൂരില്‍ നിന്നുള്ള നിയുക്ത എം.എല്‍.എയാണ്. 2001ലെ കന്നി തെരഞ്ഞെടുപ്പില്‍ പറവൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2006ലും 2011ലും 2016ലും വിജയം ആവര്‍ത്തിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി.