ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന 24 മുതല്‍ ഒരാഴ്ചത്തേക്കാണ് നീട്ടിയത്. ലോക്ക്ഡൗണില്‍ സ്വകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യണം. എ.ടി.എമ്മുകളും പെട്രോള്‍ പാമ്പുകളും പ്രവര്‍ത്തിക്കും.
കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്. പാല്, പത്രം പോലുള്ള അവശ്യ സര്‍വീസുകളെയും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പച്ചക്കറികളും പഴങ്ങളും വാഹനങ്ങളില്‍ വിതരണം ചെയ്യും. കൂടാതെ അവശ്യവസ്തുക്കള്‍ വാങ്ങി ശേഖരിക്കാനായി ശനിയും ഞായറും രാത്രി 9 മണിവരെ കടകള്‍ പ്രവര്‍ത്തിക്കാം. ഈ രണ്ടുദിവസം പൊതുഗതാഗതവും ഉണ്ടായിരിക്കും. എന്നാല്‍ മാളുകള്‍ അടഞ്ഞു കിടക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, തമിഴ്നാട്ടില്‍ ഇന്നലെ 36,184 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 467 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.8 ശതമാനമാണ്.