ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുവെന്നും 22 സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരെക്കാള്‍ കൂടുതല്‍ രോഗമുക്തരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ആന്ധ്രാ, ബംഗാള്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്. 382 ജില്ലകളില്‍ 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്കുണ്ടെന്നും തമിഴ്നാട്ടിലെ കേസുകള്‍ ഇപ്പോഴും ആശങ്കാജനകമാണെന്നും മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ ബ്ലാക്ക് ഫംഗസ് ചികിത്സക്കായുള്ള മരുന്ന് കൂടുതല്‍ കമ്പനികള്‍ നിര്‍മ്മിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്കരിക്കണമെന്നും ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സമിതികള്‍ രൂപീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
അതിനിടെ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4194 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,62,89,290 ആയി. രാജ്യത്തെ ആകെ മരണസംഖ്യ 2,95,525 ആണ്. നിലവില്‍ 29,23,400 പേരാണ് ചികിത്സയില്‍ ഉള്ളത്.19,33,72,819 പേര് ഇതുവരെ വാക്സിന് സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. തമിഴ്നാട്ടില്‍ ഇന്നലെ 30 ,000 നും മുകളില്‍ കേസുകളുണ്ട്. തമിഴ്നാട്ടില്‍ 36,184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 467 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ 29,644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 555 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.