തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും ഏറെ ഫലപ്രദമെന്ന് അനുഭവത്തിലൂടെ പതിനായിരങ്ങള്‍ക്ക് ബോധ്യമായിരിക്കുന്ന ആയുഷ് ചികിത്സാ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാല്‍ മെയ് 24ന് പ്രതിഷേധ ദിനമാചരിക്കുന്നു. ആയുഷ് വിഭാഗങ്ങളില്‍പ്പെട്ട വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ ഡോക്ടര്‍മാരുടെ പത്തോളം സംഘടനകള്‍ ഒത്തു ചേര്‍ന്നാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ആയുഷ് വിഭാഗങ്ങളുടെ സേവനം കോവിഡ് പ്രതിരോധരംഗത്തും ചികിത്സാരംഗത്തും പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ നിലപാടെടുത്തിട്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് അതനുസരിച്ചുള്ള നടപടികളുണ്ടാകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ആയുഷ് ചികിത്സാ വിഭാഗങ്ങളായ ആയുര്‍വേദ, ഹോമിയോ, യോഗാ & നാച്ചുറോപ്പതി, സിദ്ധ ,യുനാനി എന്നീ രംഗങ്ങളിലെ ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ കൂട്ടായി ഈ അവഗണനക്കെതിരെ നീങ്ങാന്‍ തീരുമാനമെടുത്തത്.
ഈ വിഷയത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനവും സംഘടനകള്‍ ഒത്തുചേര്‍ന്ന് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
പ്രതിഷേധ ദിനമാചരിക്കുന്ന മെയ് 24ന് കറുത്ത ബാഡ്ജ് ധരിച്ചും സ്വന്തം സ്ഥാപനങ്ങളില്‍ ബാനറുകളുയര്ത്തിയുമാവും ഡോക്ടര്‍മാര്‍ ജോലി ചെയ്യുക. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള നാനാവിധ പ്രതിസന്ധികള്‍ രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ചിലവു കുറഞ്ഞതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ചികിത്സാരീതികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.ഇക്കാര്യത്തില്‍ പൊതു സമൂഹത്തിന്റെ പിന്തുണയുമുണ്ടാവേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ആയുഷ് ജനകീയ ഐക്യവേദിയും രൂപീകരിച്ചിട്ടുണ്ട്.