ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും. വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി യാസ് ബുധനാഴ്ചയോടെ ബംഗാള്‍, ഒഡിഷ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
അതിനിടെ ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴപെയ്തു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതേ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.