കോവിഡ് രോഗികൾ വിദഗ്ദ്ധ നിർദേശം സ്വീകരിക്കാതെ സ്വയം ചികിത്സ നടത്തുന്നത് ബ്ലാക്ക് ഫംഗസിന് കാരണമാകുമെന്ന് പഠനം. നേരിയ ലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികൾ വീടുകളിൽ ചികിത്സ തുടർന്നാൽ മതിയെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും രോഗാവസ്ഥ ശരിയായ മനസിലാകാതെ പലരും സ്വയം മരുന്ന് വാങ്ങി ചികില്സിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദർ പറയുന്നു.
സാധാരണയായി കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും മറ്റു സ്റ്റീറോയിഡുകളും രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നും ഇത്തരം മരുന്നുകൾ ഡോക്ടറുടെ മേൽനോട്ടത്തിൽ അല്ലാതെ ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് വരാൻ കാരണമാകും. കോവിഡ് സ്ഥിരീകരിച്ചതിനെ ശേഷം മൂന്ന് നാല് ദിവസത്തേക്ക് സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം മരുന്നുകൾക്ക് ഡോക്ടറുടെ കുറിപ്പ് വേണ്ടാത്തതിനാൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും എളുപ്പം ലഭിക്കും.
സ്റ്റീറോയിഡുകളുടെ ഉപയോഗം രോഗിയുടെ രക്തത്തിലെ ഷുഗർ ലെവെലിനെ ബാധിക്കാൻ സാധ്യത ഉണ്ട്. ഇത് പ്രതിരോധ ശേഷി കുറയ്ക്കുകയും ബ്ലാക്ക് ഫംഗസ് പിടിപെടാനും കാരണമാകും.സംസ്ഥാനത്ത് ഇതുവരെ 20 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദീർഘനാൾ ഐ സി യുവിൽ കിടന്ന് സ്റ്റിറോയ്ഡ് എടുത്തവർ,പ്രമേഹ രോഗികൾ,അർബുദ രോഗികൾ,അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയവർ കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.