തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെ പ്രശസ്ത ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മുതിര്‍ന്ന ഛായാഗ്രാഹകന്‍ വി ജയറാം (70) അന്തരിച്ചു. കൊറോണ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ഹൈദരാബാദില്‍ വച്ചാണ് മരണം സംഭവിച്ചത് .
തെലുങ്കില്‍ എന്‍ടിആര്‍, അക്കിനേനി നാഗേശ്വര റാവു, കൃഷ്ണ, ചിരഞ്ജീവി, ബാലകൃഷ്ണ എന്നിവര്‍ നായകരായ ശ്രദ്ധേയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. മലയാളത്തില്‍ ഐ വി ശശിയുടെ പ്രിയ ഛായാഗ്രാഹകനായിരുന്നു. ഐ വി ശശിയുടെ ദേവാസുരം, മൃഗയ, 1921, ആവനാഴി, അപാരത, അബ്കാരി, അനുരാഗി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു.
തെലുങ്കില്‍ കെ രാഘവേന്ദ്ര റാവു സംവിധാനം നിര്‍വ്വഹിച്ച പല പ്രശസ്ത ചിത്രങ്ങളുടെയും സിനിമാറ്റോഗ്രഫര്‍ ജയറാം ആയിരുന്നു. പെല്ലി സണ്ടാഡി, പരദേശി, പാണ്ഡുരംഗഡു, ഇഡ്ഡരു മിഥ്രുലു എന്നിവ അവയില്‍ ചിലത്. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘മേര സപ്നോ കി റാണി’യുടെ ഛായാഗ്രഹണവും ജയറാമായിരുന്നു. ഛായാഗ്രഹണത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.