തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിൻ ഉത്പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്സിൻ നിര്‍മിക്കാനാകുമോ എന്നാലോചിക്കും. ഇതിനായി വാക്സിന് ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ക്യാമ്പസില്‍ വാക്സിന് കമ്പനിയുടെ ശാഖ ആരംഭിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. ഈ മേഖലയിലെ വിദദ്ധര്‍, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാര്‍ നടത്തി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിസിന് ആന്‍ഡ് അലൈഡ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സയ്ക്കായി ഒരു മരുന്ന് നിര്‍മ്മിച്ചിട്ടുണ്ട്. കോവിഡ് വൈറസ് ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്റി വൈറല്‍ മരുന്നായ ഇതിന് ഡ്രഗ് കണ്ട്രോള് ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ മരുന്നിന്റെ അന്‍പതിനായിരം ഡോസിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്ലാക്ക് ഫംഗസ് ചികിത്സയില്‍ മരുന്നും ചികിത്സയും ഇവിടെ ഉറപ്പാക്കും. അത് സംബന്ധിച്ച ബോധവല്‍ക്കരണവും നടത്തും. കൊവിഡിന് മുന്‍പുള്ള നിരക്കിനേക്കാളും ബ്ലാക്ക് ഫംഗസ് ഇപ്പോള്‍ വര്‍ധിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.