മുസ്ലീം ലീഗിന്റെ കോട്ട പൊളിച്ച വീറുമായാണ് അബുദ്റഹ്മാൻ പിണറായി മന്ത്രിസഭയിലേക്ക് എത്തുന്നത്. തുടർച്ചയായി രണ്ടാം തവണയും വിജയിച്ചാണ് താനൂരിന്റെ ചരിത്രം അബുദ്റഹ്മാൻ തിരുത്തുന്നത്.
വെള്ളേക്കാട്ട് മുഹമ്മദ് ഹംസയുടെയും നേതിയിൽ ഖദീജയുടെയും മകനാണ് 59 കാരനായ വി അബ്ദുറഹിമാൻ.തിരൂർ പൂക്കയിൽ സ്വദേശിയായ അബുറഹ്മാന്റെ രാഷ്ട്രീയത്തിലേക്കുള്ള തുടക്കം കെഎസ് യു താലൂക്ക് സെക്രട്ടറിയായിട്ടാണ്. യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഐഎൻടിയുസി യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി, കെപിസി സി അംഗം എന്നീ പദവികൾ കോൺഗ്രസിൽ വഹിച്ചു. തിരൂർ നഗരസഭാ വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളി ലും പ്രവർത്തിച്ചു.
കോൺഗ്രസ് വിട്ട് 2014ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി പൊന്നാനിയിൽ നിന്ന് മത്സരിച്ച വി അബ്ദുറഹിമാൻ നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. 2016ൽ ലീഗിലെ സിറ്റിങ് എഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണിയെ തോല്പിച്ച് കൊണ്ടാണ് സിപിഐ എം സ്വതന്ത്രനായി താനൂരിൽനിന്നും നിയമസഭയിലേക്ക് അബ്ദുറഹ്മാൻ എത്തുന്നത്.
സന്നദ്ധ, ജീവകാരുണ്യ രംഗത്തും സജീവം സാന്നിദ്യമായിരുന്നു. താനൂരിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ ഉമൈത്താനകത്ത് കുഞ്ഞിഖാദർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരിയും ആക്ട് തിരൂരിന്റെ പ്രസിഡന്റുമായി പ്രവർത്തിച്ചു.