നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ തന്നെ വിജയം നേടിയ പി.എ.മുഹമ്മദ് റിയാസിനെ ഇത്തവണ തേടിയെത്തുന്നത് മന്ത്രിസ്ഥാനം കൂടിയാണ്. ബേപ്പൂരില്‍ നിന്നാണ് റിയാസ് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ യുവജനപ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് റിയാസിന് ഇടം ലഭിച്ചത്. രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന പ്രത്യേകതയും റിയാസിനുണ്ട്.
റിട്ട.ഐപിഎസ് ഉദ്യോഗസ്ഥന് പി.എം. അബ്ദുല്‍ ഖാദറിന്റെയും കെ.എം. ആയിശാബിയുടെയും മകനാണ് റിയാസ്. സെയ്ന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് എസ്എഫ്ഐയിലുടെയാണ് രാഷ്ട്രീയസംഘടനാ പ്രവര്‍ത്തനമാരംഭിച്ച റിയാസ് കോഴിക്കോട് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. 2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
2017 ലാണ് ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.നിലവില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനാണ് ഭാര്യ.
വ്യക്തിപരമായ അധിക്ഷേപങ്ങൾ റിയാസിനെതിരെ ഉന്നയിക്കുമ്പോഴും അതിലൊന്നും തളരാത്ത മനസാണ് റിയാസിന്റേത്. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും സമീപിക്കാവുന്ന ജനപ്രതിനിധി എന്ന ഉറപ്പാണ് പി.എ മുഹമ്മദ് റിയാസ് തരുന്നത്.