തിരുവനന്തപുരം: തനിക്ക് കിട്ടിയ സ്ഥാനത്തിൽ താൻ ഏറെ തൃപതനും സന്തോഷവാനുമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ആയി തെരെഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാർ. വളരെയധികം ഉത്തരവാദിത്വമുള്ള ജോലിയെ തന്നെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. സത്യസന്ധമായും നീതിപൂർവമായും തനിക്ക് കിട്ടിയ കർത്തവ്യം പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകുന്നതായും ചിറ്റയം ഗോപകുമാർ അന്വേഷണം ന്യൂസിനോട് പ്രതികരിച്ചു.
അടൂർ മണ്ഡലത്തിന്റെ വികസനത്തിന് ഇപ്പോൾ ലഭിച്ചത് സ്ഥാനം കൂടുതൽ ഉപകാരപ്രദമാകുമെന്നും അദ്ദേഹം. അടൂരിൽ നിന്ന് മൂന്നാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സ്ഥാനം ലഭിക്കുന്നത്. 2011, 2016, 2021 വർഷങ്ങളിലാണ് സിപിഐയുടെ എൽഡിഎഫ് പ്രതിനിധിയായി അടൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.
എഐഎസ്എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ചിറ്റയം ഗോപകുമാർ തൊഴിലാളി സംഘടനയുടെ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കൊട്ടാക്കര പഞ്ചായത്ത് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. 2011 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പന്തളം സുധാകരനെ 607 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിൽ എത്തിയത്.
2016 ൽ കോൺഗ്രസിന്റെ കെ കെ ഷാജുവിനെ 25460 വോട്ടിന് പരാജയപ്പെടുത്തിയാണ് വീണ്ടും നിയസഭയിൽ എത്തിയത്. 2021 ൽ കോൺഗ്രസ് സ്ഥാനാർഥി എം ജി കണ്ണനെ 2919 വോട്ടിന് തോൽപ്പിച്ചാണ് മൂന്നാം തവണയും നിയമസഭയിൽ എത്തിയത്. ഇതിനിടെ 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവായ കൊടിക്കുന്നിൽ സുരേഷിനോട് തോൽക്കുകയായിരുന്നു.