തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായ എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രി മുതൽ നിലവില്‍ വരും. മറ്റു പത്തു ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരും.
ഈ മാസം 23 വരെയാണ് നിയന്ത്രണങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ജില്ലകളില്‍ പ്രവേശിക്കാനും അവിടെ നിന്ന് പുറത്തു പോകാനും ഒരു വഴി മാത്രമേ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടുക, മാസ്ക്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമ നടപടികള്‍ക്ക് വിധേയമാകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ജില്ലകളെ മേഖലകളാക്കി നിയന്ത്രണം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ആള്‍ക്കൂട്ടത്തെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്റൈന് ലംഘനം കണ്ടെത്താന്‍ ജിയോ ഫെന്‍സിംഗും ഉപയോഗിക്കും.
ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കും അതിനു സഹായിക്കുന്നവര്‍ക്കും എതിരെ കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം നടപടി എടുക്കും.
ഭക്ഷണം എത്തിക്കാന്‍ വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കണം. കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കാം. മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണമായി ഒഴിവാക്കണം. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുള്ള, അവശ്യവിഭാഗക്കാര്ക്ക് മാത്രമേ യാത്രാനുമതി ഉണ്ടാകൂ. അകത്തേക്കും പുറത്തേക്കും ഒരു റോഡ് ഒഴികെ കണ്ടെയ്ന്മെന്റ് സോണ്‍ മുഴുവനായും അടയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു