തിരുവനന്തപുരം: മൂന്നാർ വൈദിക സമ്മേളനവുമായി ഉണ്ടായ നിയമ ലംഘനങ്ങളും കോവിഡ് പ്രോട്ടോകോൾ ലംഘനവും തുടരുന്നു. നിയമം ലംഘിച്ച് ധ്യാനം നടത്താൻ കൂട്ട് നിന്ന സി.എസ്.ഐ. ദക്ഷിണ കേരള മഹാഇടവക അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ. ടി.ടി. പ്രവീണിന്റെ നേതൃത്വത്തിലാണ് നിയമം ലംഘനങ്ങൾ തുടർക്കഥയാകുന്നത്. എന്നാൽ നിയമ ലംഘനവും കോവിഡ് പ്രോട്ടോകോൾ ലംഘനവും ഉണ്ടായിട്ടും ഇവർക്കെതിരെ നടപടി ഉണ്ടായിട്ടില്ല.
മൂന്നാറിൽ കോവിഡ് രൂക്ഷമായ ഏപ്രിൽ 13 മുതൽ 17 വരെ നിയമം ലംഘിച്ച് വൈദികരുടെ ധ്യാന സമ്മേളനം നടത്തിയതിനെ തുടർന്ന് കോവിഡ് ബാധിച്ച് രണ്ട് വൈദികർ മരിക്കുകയും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന വൈദികരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശിച്ച് വീണ്ടും നിയമം ലംഘിച്ചിരുന്നു. ഇതിന് പിന്നാലെ ഇതേ വ്യക്തികൾ വീണ്ടും പൊതു ഇടങ്ങളിൽ കിറ്റ് വിതരണം ചെയ്തു.
കോവിഡ് പ്രതിരോധത്തിന് വേണ്ട പി.പി.ഇ കിറ്റോ മറ്റ് നിയന്ത്രണങ്ങളോ മുൻ കരുതലുകളോ പാലിക്കാതെയാണ് ആശുപത്രിയില്‍ കോവിഡ് രോഗികളെ സന്ദര്‍ശിച്ചതും തുടർന്ന് നിയമം ലംഘിച്ചവർ തന്നെ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തത്. ഇത് കോവിഡ് വ്യാപനത്തിന് പ്രത്യക്ഷ രീതിയിൽ തന്നെ കാരണമാകും. യാതൊരു മുൻ കരുതലും ഇല്ലാതെയാണ് കോവിഡ് രോഗികളുമായി ഇവർ നേരിട്ട് സമ്പർക്കം പുലർത്തിയത്. ഇതിന് ശേഷം ക്വാറന്റൈൻ ഇരിക്കേണ്ടതിന് പകരം ഇവർ പൊതു ഇടങ്ങളിൽ കിറ്റ് വിതരണം ചെയ്യുകയായുണ്ടായത്.
സംഭവത്തിൽ സാമൂഹിക, വിവരാവകാശ പ്രവർത്തകനും, സഭാ അംഗവുമായ സാബു സ്റ്റീഫൻ അധികാരികൾക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, കേരള ഡിജിപി, തിരുവനന്തപുരം കളക്ടർ, തിരുവനന്തപുരം റൂറൽ എസ്പി, തിരുവനന്തപുരം ഡിഎംഒ , നെയ്യാറ്റിൻകര ഡിവൈഎസ്പി, വെള്ളറട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്.
ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, എപ്പിഡമിക് ഡീസീസ് ആക്ട്, ഇന്ത്യൻ പീനൽ കോഡ് എന്നിവ അടിസ്ഥാനമാക്കിയാണ് പരാതി നൽകിയത്. എന്നാൽ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും ഇതുവരെയും ടി.ടി. പ്രവീണിനെയോ മറ്റുള്ളവരെയോ പോലീസ് ചോദ്യം ചെയ്യുകയോ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കോവിഡ് വാർഡിൽ സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ഇവരെ കടത്തിവിട്ടതിന് കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ബെനറ്റ് ഇബ്രാഹിമെയും പ്രതി ചേർത്താണ് പരാതി നൽകിയത്.
മൂന്നാർ സിഐഐ ക്രൈസ്റ്റ് ചർച്ചിൽ വെച്ച് 480 പേർ പങ്കെടുത്ത വൈദിക സമ്മേളനം ആദ്യം റിപ്പോർട്ട് ചെയ്തതത് അന്വേഷണം.കോം ആയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ഏറെ ചർച്ചയായത്. എന്നാൽ ഇത്രയും വലിയ നിയമലംഘനം നടന്നിട്ടും ഇതുവരെയും നടപടിയുണ്ടാകാതിന്റെ ബാക്കി പത്രമാണ് ആശുപത്രി സന്ദർശനവും അത് കഴിഞ്ഞുള്ള കിറ്റ് വിതരണവും.
പി.പി.ഇ കിറ്റ് പോലും ധരിക്കാതെ രോഗികളെ സന്ദർശിച്ച ഇവർ തുടർന്നും ഇടവകയിൽ കിറ്റ് വിതരണത്തിന്റെ പേരിൽ കയറി ഇറങ്ങിയിട്ടുണ്ടെങ്കിൽ അവ എത്രത്തോളം രോഗ്യ വ്യാപനത്തിന് കാരണമായേക്കാം എന്നത് ഊഹിക്കാവുന്നതിന് അപ്പുറമാണ്. ഒരേ സമയം കോവിഡിനെതിരെ പോരാടുന്ന സർക്കാർ ഇത്രയധികം ഗുരുതര സാഹചര്യം ഉണ്ടാക്കുന്നവർക്കതിരെ നടപടി എടുക്കാൻ വൈകരുതെന്നാണ് സാബു സ്റ്റീഫനെ പോലുള്ളവരുടെ ആവശ്യം.