മോസ്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലെക്സി നവാല്‍നിയെ ചികിത്സിച്ച ഡോക്ടറെ കാണാതായി. സൈബീരിയന്‍ ഡോക്ടറായ അലക്സാണ്ടര്‍ മുറഖോവ്സ്കിയെയാണ് കാണാതായത്. കാട്ടില്‍ വേട്ടക്ക് പോയ ഡോക്ടറെ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
മോസ്കോയില്‍നിന്നും 2200 കിലോമീറ്റര്‍ അകലെ ഓംസ്ക് മേഖലയിലെ കാട്ടിലാണ് സംഭവം. വെള്ളിയാഴ്ച വേട്ടക്ക് പോയ ഒക്ടറെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചില്‍.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൈബീരിയയില്‍നിന്ന് മോസ്കോയിലേക്കുള്ള യാത്രയില്‍ അലെക്സി നവാല്‍നി കുഴഞ്ഞുവീഴുകയും വിമാനം തിരിച്ചറിക്കി സൈബീരിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കോമയിലായ നവാല്‍നിയെ സൈബീരിയയിലെ ആശുപത്രിയില്‍ ചികിത്സിച്ചത് ഡോ. അലക്സാണ്ടര്‍ മുറഖോവ്സ്കിയായിരുന്നു. ഇദ്ദേഹത്തെയാണ് ഇപ്പോൾ കാണാതായത്. സംഭവത്തിൽ ദുരൂഹത ഉണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്.
മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ ലാബുകളില്‍ നടത്തിയ പരിശോധനകളില്‍ നവാല്‍നിയുടെ ശരീരത്തില്‍ വിഷ പ്രയോഗം നടത്തിയത് കണ്ടെത്തിയിരുന്നു. വിഷ വസ്തു പ്രയോഗിച്ച് കൊല്ലാന്‍ ശ്രമം നടത്തിയത് പുടിന് ആണെന്നാണ് നവാല്‍നിയും അദ്ദേഹത്തിന്റെ അനുയായികളും പറയുന്നത്. നവാല്‍നിയെ വിദഗ്ധ ചികിത്സക്ക് ജര്‍മനിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.