തിരുവനന്തപുരം∙ മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചര്‍ച്ച ഇടതുമുന്നണി ഇന്നു പുനരാരംഭിക്കും. സിപിഐ നേതൃത്വവുമായി രണ്ടാംഘട്ട ചര്‍ച്ചയും എന്‍സിപി, ജെഡിഎസ് എന്നിവരുമായി ആദ്യഘട്ട ചര്‍ച്ചയുമാണ് നടക്കുക. 20ന് വൈകിട്ട് സത്യപ്രതിഞ്ജ നടത്തുന്നത് ലക്ഷ്യമിട്ടാണ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ഒറ്റ അംഗമുള്ള കക്ഷികളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കാമെന്നാണ് സൂചനകൾ. മന്ത്രിസഭയുടെ അംഗസംഖ്യ അനുവദനീയമായ 21 ആക്കി ഉയര്‍ത്തുന്നതിനു സിപിഎം – സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. പുതിയതായി മുന്നണിയിലേക്കെത്തിയതില് കേരള കോണ്‍ഗ്രസിനു മാത്രമാകും മന്ത്രിസ്ഥാനം നല്‍കുക എന്നാണു സൂചന.
ജെഡിഎസിനും എല്‍ജെഡിക്കും കൂടി മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്നും ഇരുപാര്‍ട്ടികളും ലയിക്കണമെന്നുമാണ് സിപിഎം നിര്‍ദേശം. സിറ്റിങ് സീറ്റുകളായ വടകരയും കല്‍പ്പറ്റയും വാശിപിടിച്ചു മത്സരിച്ചശേഷം പരാജയപ്പെട്ടതും എല്‍ജെഡിക്കു മന്ത്രിസ്ഥാനം നഷ്ടമാകാന്‍ ഇടയാക്കുമെന്നാണു സൂചന.
സിപിഎം ഒരു മന്ത്രിസ്ഥാനവും സിപിഐ ചീഫ് വിപ്പ് പദവിയും വിട്ടുനല്‍കും. ഇതു രണ്ടും കേരള കോണ്‍ഗ്രസ് എമ്മിനാകും ലഭിക്കുക. കടന്നപ്പള്ളി രാമചന്ദ്രന് മന്ത്രിസ്ഥാനത്തുനിന്നു മാറിനിന്നേക്കും. ഈ ഒഴിവ് ജനാധിപത്യ കേരള കോണ്‍ഗ്രസിനോ കേരള കോണ്‍ഗ്രസ് (ബി)ക്കോ നല്‍കും. മുന്നണിയുടെ ഭാഗമല്ലാത്തതിനാല്‍ കോവൂര്‍ കുഞ്ഞുമോന് മന്ത്രിസ്ഥാനം നല്‍കില്ലെന്നാണ് ഇതുവരെയുള്ള ധാരണ.
മുതിര്‍ന്ന എംഎല്‍എ എന്ന നിലയില്‍ കെ.ബി. ഗണേഷ്കുമാർ മന്ത്രിസ്ഥാനത്തേക്കു വന്നേക്കും. ഐഎന്‍എല്ലിനു മന്ത്രിസ്ഥാനം ലഭിക്കില്ല. എന്‍സിപിക്കും ജെഡിഎസിനും ഓരോ മന്ത്രിസ്ഥാനമുണ്ടാകും. അവരുടെ എംഎല്‍എമാരില്‍ ആരു മന്ത്രിയാകണമെന്ന് ആ പാര്‍ട്ടി തീരുമാനിക്കണം.
എന്നാലും കഴിഞ്ഞ മന്ത്രിസഭയിലുള്ളവര്‍ മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന നിര്‍ദേശമാണു സിപിഎമ്മിനുള്ളത്. ഇന്നും നാളെയുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിലൂടെ നിര്‍ദേശങ്ങള്‍ സിപിഎം മുന്നോട്ടുവയ്ക്കും. ഇതിനു ശേഷമേ മന്ത്രിസഭാ രൂപീകരണത്തിന്റെ അന്തിമചിത്രം വ്യക്തമാകൂ.