ന്യൂഡൽഹി: കോവിഡ് മഹാമാരി ഏറ്റവും രൂക്ഷമായ ഡൽഹിയിൽ അവക്കെതിരെ മുൻനിര പോരാട്ടം നടത്തുന്ന ആശുപത്രിയാണ് ഡൽഹി എയിംസ്. എന്നാൽ അവിടെ ജോലിയെടുക്കുന്ന 65 വിദേശ ഡോക്ടർമാർക്ക് കഴിഞ്ഞ ഒരു വർഷമായി ഒരു രൂപ പോലും ശമ്പളം നൽകിയില്ല. നേപ്പാളിൽ നിന്ന് ഉൾപ്പെടെയുള്ള 65 ട്രെയിനി ഡോക്ടർമാക്കാണ് പണം നൽകാത്തത് – എഎൻഐ റിപ്പോർട്ട്.
റസിഡന്റ് ഡോക്ടർസ് അസോസിയേഷൻ (ആർഡിഎ) പറയുന്നത് പ്രകാരം, 2018 മെയ് മാസത്തിൽ ട്രെയിനി ഡോക്ടർമാർക്ക് സ്റ്റെയ്പ്പെന്റ് നൽകാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കത്തിൽ ഉറപ്പ് നൽകിയിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശകാര്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം സ്റ്റെയ്പ്പെന്റ് പണം അനുവദിക്കാമെന്ന് 2018 സെപ്റ്റംബറിൽ അറിയിച്ചിരുന്നു.
എയിംസ് ഡൽഹി, പിജിഐ ചണ്ഡീഗഡ്, ജിപ്മെർ പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 151 നേപ്പാളി ഡോക്ടർമാരാണ് ഉള്ളത്. ഇതിൽ എയിംസിലെ 65 ഡോക്ടർമാരാക്കാൻ ഒരു വർഷമായിട്ടും പണം അനുവദിക്കാത്തത്.
ട്രെയിനി ഡോകറ്റർമാർ എന്നതിന് പുറമെ കഴിഞ്ഞ ഒരു വർഷമായി കോവിഡ് പോരാട്ടത്തിൽ ഇവരും മുൻപന്തിയിലുണ്ട്. ഇവരുടെ ജീവൻപോലും പണയം വെച്ചാണ് നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മുൻപിൽ നിൽക്കുന്നത്. അവർക്ക് ശമ്പളം നൽകാതിരിക്കുന്നത് ശരിയല്ലെന്ന് ആർഡിഎ പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ഇവർക്ക് എത്രയും വേഗം പണം അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യവും കത്തിൽ ഉന്നയിക്കുന്നു.