കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാജല്‍ സിന്‍ഹ കോവിഡ് ബാധിച്ച് മരിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് മരണവിവരം പുറത്തുവിട്ടത്. ഖര്‍ദഹ നിയോജക മണ്ഡലത്തില്‍ നിന്നാണ് കാജല്‍ സിന്‍ഹ മത്സരിച്ചത്.
അതേസമയം, കാജല്‍ സിന്‍ഹയുടെ വിയോഗത്തില്‍ മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി. ജനങ്ങളെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് സിന്‍ഹയെന്നും അശ്രാന്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് അദ്ദേഹം നടത്തിയതെന്നും മമത ട്വീറ്റ് ചെയ്തു. തൃണമൂലിന്റെ പ്രതിബദ്ധതയുള്ള അംഗമായിരുന്നു. സിന്‍ഹയുടെ കുടുംബത്തോടും അനുയായികളോടും അനുശോചനം അറിയിക്കുന്നുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.