ന്യൂഡല്‍ഹി: ഹരിദ്വാറില്‍ നടന്നുവരുന്ന മെഗാ കുംഭമേള ഏപ്രില്‍ 30 വരെ തുടരും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പ് തന്നെ കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിക്കുകയും ചെയ്തു.
നേരത്തെ, അതിരൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ മഹാകുംഭമേള ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ജനുവരിയില്‍ നടക്കേണ്ടിയിരുന്ന കുംഭമേള കോവിഡിനെ തുടര്‍ന്നാണ് ഏപ്രിലിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തനിക്ക് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റും കുംഭമേള ഓഫീസറുമായ ദീപക് റാവത്ത് പറഞ്ഞു.
മേള നേരത്തെ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മേള തടസ്സമില്ലാതെ തുടരുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, ഒന്‍പത് മതനേതാക്കളടക്കം കുംഭമേളയില്‍ പങ്കെടുത്ത നൂറുകണക്കിന് പേര് കൊവിഡ് പോസിറ്റീവായതായാണ് റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ വച്ച് നടന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭാഗമായത്. രണ്ട് മാസത്തോളം നീളുന്ന മേളയുടെ ഭാഗമായി 30 ലക്ഷത്തിലധികം പേര് ഗംഗാസ്നാനം ചെയ്തുവെന്നും ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നു. ചൊവ്വാഴ്ച ശേഖരിച്ച 20000 സാംപിളുകളില്‍ 110 പേര് കൊവിഡ് പോസിറ്റീവായെന്നാണ് കുംഭമേളയുടെ കൊവിഡ് ടെസ്റ്റിംഗ് സെല്‍ ബിബിസിയോട് പ്രതികരിച്ചത്. തിങ്കളാഴ്ച 184 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
രോഗബാധ സ്ഥിരീകരിച്ചവരെ ഐസൊലേറ്റ് ചെയ്തെന്നും ചിലരെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഒന്‍പത് മുഖ്യ മതനേതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചതായി കുംഭമേളയുടെ ഹെല്‍ത്ത് ഓഫീസറായ ഡോ അര്ജുന് സെന്‍ഗാര്‍ ബിബിസിയോട് വിശദമാക്കി. 14 ഹിന്ദു ഗ്രൂപ്പുകളുടെ നേതാവായ നരേന്ദ്ര ഗിരി,ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള പ്രമുഖരും കൊവിഡ് പോസിറ്റീവായി.