കോല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വെടിവയ്പ്പിനിടെ നാല് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദി അമിത്ഷായാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു.
എല്ലാ സംഭവങ്ങളുടെയും പൂര്‍ണ ഉത്തരവാദി അമിത്ഷായാണ്. അദ്ദേഹമാണ് ഗൂഡാലോചന നടത്തിയത്. കേന്ദ്രസേനയെ ഞാന്‍ കുറ്റം പറയില്ല. കാരണം അവര്‍ പ്രവര്‍ത്തിക്കുന്നത് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ്. അമിത്ഷാ രാജി വയ്ക്കണം.-മമതാ ബാനര്‍ജി പറഞ്ഞു.
കുച്ച് ബിഹാര്‍ ജില്ലയിലെ സീതാള്‍കച്ചി നിയമസഭ മണ്ഡലത്തിലാണ് സംസ്ഥാനത്ത് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അനിഷ്ട സംഭവങ്ങള്‍ നടന്നത്. പ്രദേശിക ജനങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്രസേന നടത്തിയ വെടിവയ്പ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത് എന്നാണ് ബംഗാള്‍ പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് ഈ മണ്ഡലത്തിലെ 126 ബൂത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ത്തിവച്ചു.
അതേ സമയം സ്വയം രക്ഷയ്ക്കാണ് വെടിവച്ചത് എന്ന കേന്ദ്രസേനയുടെ വാദം മമത ബാനര്‍ജി തള്ളി. സംഭവുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണം നടത്തുമെന്ന് മമത പ്രഖ്യാപിച്ചു. സംഭവത്തിന്റെ വീഡിയോ തെളിവുകളോ, മറ്റെന്തെങ്കിലും തെളിവുകളോ കേന്ദ്രസേനയുടെ വാദം തെളിയിക്കാന്‍ ലഭിച്ചിട്ടില്ലെന്നും മമത പറഞ്ഞു.