ലഖ്നോ: ഹാഥ്രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് എതിരെ പ്രത്യേക ദൗത്യ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. സിദ്ദിഖിന് എതിരെ നേരത്തെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. സിദ്ദിഖ് കാപ്പനെതിരെ തെളിവുണ്ടെന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ വാദം.
സിദ്ദിഖ് കാപ്പൻ മാധ്യമപ്രവർത്തനം മറയാക്കുകയായിരുന്നുവെന്നും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഹാഥ്രസ് യാത്ര നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് മേയ് ഒന്നിന് പരിഗണിക്കും. നിലവില്‍ മഥുര ജയിലില്‍ കഴിയുകയാണ് കാപ്പന്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് യു.പിയിലെ ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോവുന്നതിനിടെയാണ് കാപ്പനടക്കം നാലുപേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസമായി ജയിലില്‍ കഴിയുകയാണ് കാപ്പന്. ഇതിനിടെ, അസുഖ ബാധിതയായ മാതാവിനെ കാണാന്‍ ഫെബ്രുവരിയില്‍ അഞ്ചു ദിവസത്തേക്ക് കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. മേഖലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ആദ്യം മഥുര പൊലീസ് സിദ്ദിഖിനെതിരെ ചുമത്തിയിരുന്നത്. പിന്നീട് രാജ്യദ്രോഹക്കുറ്റം, യു.എ.പി.എ, ഐ.ടി നിയമലംഘനം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.