ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും പഞ്ചാബിലും കോവിഡ് വ്യാപനം ഗുരുതരമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്. ഡല്‍ഹിയില്‍ കോവിഡ് തല്‍സ്ഥിതി വിവരം വാര്‍ത്താമാധ്യമങ്ങളുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളുടെ സ്ഥിതിയാണ് ഗുരുതരമായിട്ടുള്ളത്. മഹാരാഷ്ട്രയിലും പഞ്ചാബിലും രോഗവ്യാപനം തീക്ഷ്ണമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 28,000 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ചാബില്‍ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്ബോള്‍ വ്യാപനം തീവ്രമാണ്. മഹാരാഷ്ട്രയിലെ ഒമ്ബത് ജില്ലകളും കര്‍ണാടകയിലെ ഒരു ജില്ലയും കേന്ദ്രീകരിച്ചാണ് കോവിഡ് കേസുകള്‍ വര്ധിക്കുന്നതെന്നെന്നും ഭൂഷന് പറഞ്ഞു.
ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകൾ കൂടുതലായി കാണുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു.
കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഈ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം ശനിയാഴ്ച നടക്കും. സജീവ കോവിഡ് കേസുകള്‍ ഏറ്റവും അധികമുള്ള രാജ്യത്തെ പത്ത് ജില്ലകളില്‍ ഒന്‍പതും മാഹാരാഷ്ട്രയിലാണ്. പുണെ, നാഗ്പുര്‍, മുംബൈ, താനെ, നാസിക്, ഔറംഗബാദ്, നന്ദേത്, ജാലഗോണ്‍, അകോല എന്നിവയാണ് ഒന്‍പത് ജില്ലകള്‍. കര്‍ണാടകയിലെ ബെംഗളൂരു അര്‍ബനാണ് പത്താമത്തെ ജില്ലയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവരുടെ കാര്യം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 88 ശതമാനവും 45 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഈ വിഭാഗക്കാരിലെ മരണനിരക്ക് 2.85 ശതമാനമാണ്. ഈ കാരണത്താലാണ് ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് കുത്തിവെപ്പ് തുടങ്ങാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.