ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസിലെ പ്രതിക്കു ജാമ്യം ലഭിക്കാന്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കൈയില്‍ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ ഒന്‍പത് വനിതാ അഭിഭാഷകര്‍ നല്കിയ ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്. പുരുഷാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്നതും പഴഞ്ചന്‍ ചിന്താഗതിയിലുള്ളതുമായ ജാമ്യ ഉപാധികളും ഉത്തരവുകളും ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ലൈംഗിക പീഡനത്തിന് ഇരകളാകുന്നവരെ പ്രതിയില്‍നിന്നു സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നുമാ ണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ നടപടി അതിനു വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചത്. പ്രതിയുടെ ജാമ്യത്തിനായി ഇരയുടെ വീട്ടില്‍ ചെന്ന് രാഖി കെട്ടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത് പെണ്‍കുട്ടിയുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ വീണ്ടും ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന വാദം കോടതി അംഗീകരിച്ചു. അതിക്രമത്തിന് ഇരകളാകുന്നവര്‍ അനുഭവിച്ച മാനസികപീഡനം പരിഗണിക്കപ്പെടേണ്ടതാണെന്നു ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പീഡനത്തിനിരയായ ആളിന്റെ പശ്ചാത്തലങ്ങളും പെരുമാറ്റവും ഭൂതകാല സ്വഭാവ വിശേഷങ്ങളും ധാര്‍മികതയുമൊന്നും ജാമ്യം നല്‍കുന്നതിനായി ചൂണ്ടിക്കാട്ടേണ്ട കാര്യമില്ല. പ്രതിക്കു ജാമ്യം നല്കുന്പോള് ഇരകള്‍ക്ക് മാനസിക ശാരീരിക പീഡനങ്ങളില്‍നിന്നു സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും വിധിന്യായത്തില്‍ നിര്‍ദേശിക്കുന്നു.
2020 ഏപ്രിലിലുണ്ടായ ലൈംഗികപീഡന കേസില്‍ ജാമ്യം തേടിയ വിക്രം ബാഗ്രി എന്ന പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച്, പെണ്‍കുട്ടിയുടെ കൈയില്‍ രാഖി കെട്ടാന്‍ നിര്‍ദേശിച്ചത്. പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്ന് സംരക്ഷണം ഏറ്റെടുക്കണമെന്നും 11,000 രൂപ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.