വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റിനെതിരെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസ്താവനയിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വീണ്ടും ശീതയുദ്ധം തുടങ്ങി . കൊലയാളി പുടിൻ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിനെ കുറിച്ച് അമേരിക്കൻ പ്രസിഡന്റെ പ്രതികരിച്ചത്. യുഎസ് ടെലിവിഷൻ ചാനലായ എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ നേതാവ് ഇടപെട്ടുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. പ്രതിപക്ഷ നേതാവ് അലക്സി നാവൽനിക്ക് വിഷം നൽകി കൊലപാതകശ്രമം നടത്തിയ സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ അതെയന്ന് ആയിരുന്നു ബൈഡന്റെ മറുപടി.
റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാൻ അടുത്തിടെ അമേരിക്ക തീരുമാനമെടുത്ത സാഹചര്യത്തിൽ പ്രതികരണം ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്തതോടെ റഷ്യ രംഗത്തെത്തി.അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റാനോവിനെ മോസ്കോയിലേക്ക് വിളിച്ചു വരുത്തിയ അധികൃതർ വിശദീകരണം തേടി. ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം വീണ്ടും വഷളാകുന്നതിന്റെ ഉത്തരവാദിത്വം പൂർണമായി അമേരിക്കക്കാകുമെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റ്യാബ്കോവ് പറഞ്ഞു.