ശരീര ഭാരം വളരെപെട്ടെന്ന് എങ്ങനെ കുറയ്ക്കാം എന്നാണ് മിക്കവരും ചിന്തിക്കുന്നത്. ഇതിനായി വിവിധങ്ങളായ കുറുക്കുവഴികള്‍ പ്രചരിപ്പിക്കുന്നവരും അത് പരീക്ഷിക്കുന്നവരും നിരവധിയാണ്. എന്നാല്‍ തോന്നിയപോലെ ശരീര ഭാരം കുറയ്ക്കുന്നത് ഗുണം ചെയ്യുമോ? വിശദീകരണവുമായി ന്യൂട്രീഷൻ കോച്ചും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രയോ ലീഗ് ന്യൂട്രീഷന്‍ ക്ലബ് ഉടമയുമായ രശ്മി മാക്സിം അന്വേഷണം. കോമിനൊപ്പം ചേരുന്നു…
ഭാരം കുറയ്ക്കാനുള്ള കുറുക്കുവഴികളും ദോഷങ്ങളും?
ശരീര ഭാരം വളരെ പെട്ടെന്ന് കുറയ്ക്കാം എന്ന പേരില്‍ നമുക്ക് ഇന്ന് ലഭ്യമാകുന്ന എല്ലാ കുറുക്കുവഴികളും കേവലം താല്‍ക്കാലിക പരിഹാരം മാത്രം നല്‍കുന്നവയാണ്. അതിലേറ്റവും പ്രധാനപ്പെട്ടതും എല്ലാവരും പരീക്ഷിക്കുന്നതുമാണ് പട്ടിണി കിടക്കുക എന്നത്.
ശരീരത്തില്‍ അമിത അളവിലുള്ള കൊഴുപ്പില്ലാതാക്കുക മാത്രമാണ് പട്ടിണികൊണ്ട് സാധ്യമാകുന്നത്. അതേസമയം ശരീരത്തിനാവശ്യമായ പല പോഷകങ്ങളും (മൈക്രോ, മാക്രോ ന്യൂട്രിയന്‍റ്സ്) കിട്ടാതെ വരികയും ചെയ്യും. ശരീരത്തിലെ എന്‍സൈമുകളുടെയടക്കം പ്രവര്‍ത്തനത്തെ ഇത് ദോഷകരമായി ബാധിക്കും. ഇതിന്‍റെ പരിണിതഫലമായി ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഹെല്‍ത്ത് മോശമാവുകയും ചെയ്യും.
ഇതിനൊക്കെ അപ്പുറം ശരീരത്തിന്‍റെ ഘടന തന്നെ പട്ടിണി കാരണം മാറാം. കണ്ണു കുഴിഞ്ഞ്, മുടി പൊഴിഞ്ഞ്, ചര്‍മ്മത്തിന് ക്ഷതം സംഭവിച്ച് തീര്‍ത്തും അനാരോഗ്യകരമായ അവസ്ഥയിലേക്ക് പട്ടിണി നമ്മെ കൊണ്ടെത്തിക്കും. വണ്ണം കുറയ്ക്കേണ്ട തിരക്കില്‍ ശരീരത്തിലുണ്ടാകുന്ന ഇത്തരം പോരായ്മകള്‍ വകവെക്കാതിരിക്കുന്നത് നല്ലതല്ല.
കൂടാതെ ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ്, കീറ്റോ ഡയറ്റ് തുടങ്ങി വിവിധ തരം ഡയറ്റ് പ്ലാനുകളും പലതരം പാനീയങ്ങള്‍ കലക്കിക്കുടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമൊക്കെ ഇന്ന് എവിടെയും ലഭ്യമാണ്. പക്ഷെ നാം മനസ്സിലാക്കേണ്ട കാര്യം എല്ലാത്തിനും ഒരു പരിമിതി ഉണ്ടെന്നതാണ്. അതില്‍ കവിഞ്ഞ് നമ്മളെന്ത് ചെയ്താലും തെറ്റായി ഭവിക്കും.
ഉദാഹരണത്തിന്, പാശ്ചാത്യരാജ്യങ്ങളിലൊക്കെ പ്രായാധിക്യവും പൊണ്ണത്തടിയുമുള്ളവര്‍ക്ക് അസുഖങ്ങള്‍ വന്നാല്‍ ചികിത്സകള്‍ പോലും ഫലിക്കാത്ത വരുമ്പോള്‍ ശരീരഭാരം കുറച്ച് ചികിത്സ ഫലിപ്പിക്കാന്‍ നിഷ്കര്‍ഷിക്കുന്നതാണ് കീറ്റോ ഡയറ്റ്. ഇതാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തുള്‍പ്പെടെ യുവതലമുറയ്ക്കിടയില്‍ വലിയ ഫാഷനായി മാറിയിരിക്കുന്നത്. ശരീരത്തിലേക്ക് ദിവസേന നല്‍കേണ്ട കാര്‍ബോഹൈഡ്രേറ്റ് എന്ന മാക്രോ ന്യൂട്രിയന്‍റിനെ, ദീര്‍ഘകാലത്തേക്ക് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് കീറ്റോ ഡയറ്റിലൂടെ ചെയ്യുന്നത്. ഇത് ദോഷകരമായാണ് ശരീരത്തെ ബാധിക്കുക.
കൂടാതെ, രക്ത പരിശോധന നടത്തി വൈറ്റല്‍സിന്‍റെ അവസ്ഥ പരിശോധിക്കാതെയാണ് മിക്കവരും ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത്. ഇത് പലവിധങ്ങളായ ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ശരീരഭാരം കുറയ്ക്കാനുള്ള കുറുക്കുവഴികള്‍ എല്ലാം തന്നെ വളരെ കുറച്ചു കാലയളവിലേക്ക് ആശ്വാസം പകരുന്നവയാണ്. അല്ലാതെ കാലാതീതമായ ഫലം നമുക്ക് കിട്ടില്ല. നമ്മുടെ ശരീരത്തിന്‍റെ ആവശ്യങ്ങൾ മനസ്സിലാക്കി ചിട്ടയോടെ ഉള്ള ഒരു ജീവിതശൈലി അവലംബിക്കുകയാണ് പ്രധാനം.
നിശ്ചിത കാലോറി ഡയറ്റ് പ്ലാൻ ഗുണം ചെയ്യുമോ?
നിശ്ചിത കാലോറി ഡയറ്റ് പ്ലാൻ ഗുണം ചെയ്യുമെന്ന് ഞാന്‍ സമ്മതിക്കില്ല. കാരണം, ഓരോരുത്തര്‍ക്കും ഓരോ മെറ്റബോളിക് റേറ്റ് ആണ്. അമ്പത് കിലോ ഭാരമുള്ള രണ്ട് വ്യക്തികളെ താരതമ്യം ചെയ്യുമ്പോള്‍ ഒരേ മെറ്റബോളിക് റേറ്റ് ആയിരിക്കണമെന്നുമില്ല. ഒരേ പ്രായത്തിലുള്ള വ്യക്തികളില്‍ തന്നെ മെറ്റബോളിക് എഫിഷ്യന്‍സിയില്‍ ഒരുപാട് വ്യത്യാസമുണ്ടാകും.
അതുകൊണ്ട് തന്നെ നിശ്ചിത കലോറി ഡയറ്റ് അപ്രായോഗികമാണ്. ബ്രയോ ലീഗിനെ സമീപിക്കുന്നവര്‍ക്ക് അവരുടെ തൂക്കവും മെറ്റബോളിക് റേറ്റും ഭക്ഷണത്തോടുള്ള ഇഷ്ടവും മറ്റ് സുപ്രധാന ഘടകങ്ങളും പരിശോധിച്ച് ഒരു വ്യക്തിഗത പ്ലാന്‍ തയ്യാറാക്കി നിര്‍ദ്ദേശിക്കുകയാണ് പതിവ്. ഓരോ വ്യക്തിക്കും വ്യത്യസ്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് കൊടുക്കുന്നത്.
ഇഷ്ട ഭക്ഷണം ഒഴിവാക്കാതെ വണ്ണം കുറയ്ക്കാമോ?
ഇഷ്ട ഭക്ഷണം ഒഴിവാക്കാതെ ഭാരം കുറയ്ക്കുന്നതല്ലേ ഏറ്റവും നല്ലത്? ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍ എത്രനാള്‍ സാധിക്കും? ലോകത്തിന്‍റെ ഏത് കോണില്‍ ചെന്നാലും റെസ്റ്റോറന്‍റ് ബിസിനസുകള്‍ വന്‍ വിജയമായിരിക്കും. ഇത് ഭക്ഷണത്തിന്‍റെ കാര്യത്തില്‍ മനുഷ്യന് ഒരിക്കലും പെര്‍ഫെക്റ്റ് ആകാന്‍ സാധിക്കില്ലെന്നതിന്‍റെ സൂചനയാണ്.
അപ്പോള്‍ ഒരു ദിവസത്തെ ഡയറ്റില്‍ 20-30ശതമാനം അമിത കലോറി അടങ്ങിയിരിക്കുന്ന ഭക്ഷണം ഉള്‍പ്പെടുത്തുമ്പോള്‍ ബാക്കി വരുന്ന 70 ശതമാനത്തില്‍ ആരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് പ്രാധാന്യമുണ്ടാകണം. അങ്ങനെയെങ്കില്‍ ശരീരഭാരം സ്ഥിരമായി നിയന്ത്രിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരു പ്ലാന്‍ ഉണ്ടാക്കാന്‍ സാധിക്കും. അല്ലാത്തപക്ഷം ഒരു പ്ലാനും നിലനില്‍ക്കില്ല.
ഇഷ്ടഭക്ഷണം തന്നെ പാചകം ചെയ്യുന്ന രീതിയില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ ഗുണം ചെയ്യും. ഉദാഹരണത്തിന് ചിക്കന്‍ പാകം ചെയ്യുമ്പോള്‍, വളരെ സങ്കീര്‍ണ്ണമായ പാചകരീതികള്‍ പ്രയോഗിക്കാതെ അത്യാവശ്യമായതും എന്നാല്‍, ശരീരത്തിന് ഗുണം ചെയ്യുന്നതുമായ മസാലകള്‍ ചേര്‍ത്ത് ഗ്രില്‍ ചെയ്തോ എയര്‍ ഫ്രൈ ചെയ്തോ ഉപയോഗിക്കുകയാണെങ്കില്‍ നല്ലതാണ്.
നമ്മുടെ ഡയറ്റില്‍ ഏറ്റവും പ്രധാനമായും പഴവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. പഴങ്ങള്‍ ജ്യൂസ് ആയല്ലാതെ കഷ്ണങ്ങളായി മുറിച്ച് കഴിക്കാം. പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കാനും ശ്രദ്ധിക്കണം. അതേസമയം, ചില പച്ചക്കറികള്‍ വേവിച്ചാലാണ് ഗുണം കൂടുന്നത്. അങ്ങനെയുള്ളവ തെരഞ്ഞെടുത്ത് ഓരോരുത്തരുടെയും ശരീരത്തിന്‍റെ ആവശ്യത്തിനനുസരിച്ച് കഴിക്കണം. വ്യക്തികളുടെ ഇഷ്ടങ്ങള്‍, സൗകര്യം, ചെലവു വഹിക്കാനുള്ള സാഹചര്യം എന്നിവ പരിഗണിച്ചാണ് ബ്രയോ ലീഗ് ഇത്തരം പ്ലാനുകള്‍ നിര്‍ദ്ദേശിക്കുന്നത്.
വെള്ളം കുടിക്കേണ്ടതിന്‍റെ ആവശ്യകത?
വെള്ളം വളരെ മാജിക്കല്‍ പവറുള്ള ഒരു ഘടകമാണ്. ഗണ്യമായ തോതില്‍ ശരീരഭാരം കുറയ്ക്കാന്‍ ഒരു വ്യക്തിയുടെ ശരീരത്തിന് ആനുപാതികമായി വെള്ളം കൊടുക്കണം. ഫാറ്റ് മെറ്റബോളിസം ത്വരിതപ്പെടുത്താന്‍ വെള്ളം അത്യാവശ്യമാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ച് ശരീരത്തിന് വെള്ളം ആവശ്യമായി വരും. അതേസമയം, ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം ഏത് സമയത്ത് വേണമെങ്കിലും നമുക്ക് വെള്ളം കുടിക്കാം.
ആധുനിക ജീവിത രീതികള്‍ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?
ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് മാത്രമല്ല, ജോലിയിലെ ഷിഫ്റ്റുകളും ജോലിഭാരം കൊണ്ടുള്ള മാനസിക പിരിമുറുക്കങ്ങളും ആധുനിക കാലത്ത് ആരോഗ്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഷിഫ്റ്റുകള്‍ മാറുന്നതിനനുസരിച്ച് ഭക്ഷണക്രമവും ഉറക്കവുമൊക്കെ മാറിമറിയുകയാണ്. അത്തരക്കാരുടെ ഡയറ്റില്‍ ഒരുപാട് പുനഃക്രമീകരണങ്ങള്‍ ആവശ്യമായി വരും. ബ്രയോ ലീഗിനെ സമീപിക്കുന്നവരില്‍ വ്യക്തമായ ക്ലിനിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് ഇത്തരം പ്ലാനുകള്‍ നിര്‍ദ്ദേശിക്കുന്നത്. അതിനാവശ്യമായ സൗകര്യങ്ങളും മെഡിക്കല്‍ ക്യാമ്പുകളും ബ്രയോ ലീഗ് സംഘടിപ്പിക്കാറുണ്ട്.
ന്യൂട്രാസ്യൂട്ടിക്കൽ സപ്ലിമെന്‍റുകൾ ഗുണം ചെയ്യുമോ?
ശരീരഭാരം കുറയ്ക്കാനുള്ള പ്രക്രിയയില്‍ ചില ന്യൂട്രാസ്യൂട്ടിക്കൽ സപ്ലിമെന്‍റുകളുടെ സഹായം തേടുന്നുണ്ട്. ശരീരത്തില്‍ അമിത അളവിലുള്ള കൊഴുപ്പ് ഉപയോഗിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുമ്പോള്‍, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറലും പ്രോട്ടീനും ഫൈബറുമൊക്കെ കുറഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാനാണ് ന്യൂട്രാസ്യൂട്ടിക്കൽ സപ്ലിമെന്‍റുകള്‍ ഉപയോഗിക്കുന്നത്. അല്ലാതെ ഭാരം കുറയ്ക്കാന്‍ അവ ഒരു തരത്തിലും സഹായിക്കില്ല.
ഇനി, ഭക്ഷണം പാടെ ഒഴിവാക്കി ഇത്തരം സപ്ലിമെന്‍റുകള്‍ കഴിക്കുകയാണെങ്കില്‍ ശരീരഭാരം സ്വാഭാവികമായും കുറയും. പക്ഷെ അത് സുഗമമായ മെറ്റബോളിക് റേറ്റിനെ സാരമായി ബാധിക്കും. കൂടാതെ കൃത്യമായ ക്ലിനിക്കല്‍ പരിശോധന നടത്തി ശരീരത്തിന്‍റെ ആവശ്യാനുസരണം ഇത്തരം സപ്ലിമെന്‍റുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ.
വ്യായാമത്തിന്‍റെ പ്രാധാന്യം?
കലോറി ബേണ്‍ ചെയ്യാനെന്ന രീതിയിലല്ല ഞാന്‍ വ്യായാമത്തെ സമീപിക്കുന്നത്. മാനസിക പിരിമുറുക്കവും വ്യാകുലതകളും അഭിമുഖീകരിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം ജനങ്ങളും. അത്തരക്കാരില്‍ എന്‍ഡോര്‍ഫിന്‍ പോലുള്ള സ്ട്രസ്സ് ഹോര്‍മോണ്‍ റിലീസ് ചെയ്യാനും മറ്റും വ്യായാമം നല്ലരീതിയില്‍ ഗുണം ചെയ്യും. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്ക് ഭാരം വര്‍ദ്ധിക്കുകയും അതേസമയം, അവരുടെ ഭാരം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുമാണ്.
സ്ട്രസ്സ് കാരണം ഉറക്കം നഷ്ടപ്പെടുന്നതും മറ്റും വന്‍ തോതില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘടകമാണ് ഉറക്കം. ഒരു ശരാശരി മനുഷ്യ ശരീരം 60-70 ശതമാനം കലോറി ഉപയോഗിക്കുന്നത് ഉറക്കസമയത്താണ്. ഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും മാത്രമല്ല ആരോഗ്യകരമായ ജീവിതശൈലിക്ക് ഏറ്റവും അനിവാര്യമാണ് ഉറക്കം. അതിനാല്‍ ഭാരം കുറയ്ക്കാനുള്ള പ്രക്രിയയെ ബാധിക്കുന്ന കാര്യങ്ങളെ മറികടക്കാനാണ് വ്യായാമം സഹായിക്കുന്നത്. ബ്രിയോ ലീഗിനെ സംബന്ധിച്ചിടത്തോളം സൂംബ, യോഗ, തുടങ്ങി വിവിധ വ്യായാമ ക്ലാസുകള്‍ വാരാവാരം സംഘടിപ്പിക്കുന്നുണ്ട്.
(ബ്രിയോ ലീഗ് എന്ന WELLNESS സെന്റർ ന്റെ സ്ഥാപക എന്നതിലുപരി ഒരു പ്രോസസ്സ് മാനേജ്‌മന്റ് കണ്സൽറ്റൻറ് കൂടിയായ രശ്മി മാക്സിം, ഡൽഹിയിലെ IGMPI യിൽ ന്യൂട്രിഷൻ ആൻഡ് ഡൈറ്റിറ്റിക്‌സ് ഇൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.)