ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. മമതയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് സസ്പെന്‍ഡ് ചെയ്തത്. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മമതയ്ക്ക് പരിക്കേറ്റത്.
ഡയറക്ടര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ വിവേക് സഹായ്ക്കെതിരെയായിരുന്നു നടപടി. ഡയറക്ടര്‍ സെക്യൂരിറ്റി സ്ഥാനത്തുനിന്നും വിവേകിനെ നീക്കിയശേഷമാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവം ആക്രമണം അല്ലെന്നും അപകടമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു.
മമതയുടെ കാലിനാണ് പരിക്കേറ്റത്. ഏതാനും ബിജെപി പ്രവര്‍ത്തകര്‍ ബോധപൂര്‍വം തിക്കുംതിരക്കും സൃഷ്ടിച്ചതിനെത്തുടര്‍ന്നാണു മുഖ്യമന്ത്രി അപകടത്തില്‍പ്പെട്ടതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.