തിരിച്ചു പിടിക്കും മാവേലിക്കര; ആത്മവിശ്വാസം നൂറു ശതമാനമെന്ന് കെകെ ഷാജു

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈയില്‍ വിജയിച്ചയിടമാണ് ആലപ്പുഴ ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമായ മാവേലിക്കര. 2006ലായിരുന്നു യുഡിഎഫ് ഏറ്റവുമൊടുവില്‍ മാവേലിക്കരയില്‍ വെന്നിക്കൊടി പാറിച്ചത്. എന്നാല്‍, ഇത്തവണ മണ്ഡലം എങ്ങനെയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെകെ ഷാജുവിന്‍റെ പേരാണ് മാവേലിക്കരയെ പ്രതിനിധീകരിക്കാന്‍ യുഡിഎഫില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്.

2011ൽ ജെഎസ്എസ് ടിക്കറ്റില്‍ മാവേലിക്കരയില്‍ നിന്ന് ജനവിധി നേടിയ ഷാജു സിപിഎമ്മിലെ ആര്‍ രാജേഷിനോട് പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍ ഇത്തവണ, ഭരണപക്ഷത്തിന്‍റെ വികലമായ വികസനപ്രവര്‍ത്തനങ്ങളില്‍ മനം മടുത്ത ജനം യുഡിഎഫിനൊപ്പം നിലകൊള്ളുമെന്ന ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പങ്കത്തിന് തയ്യാറെടുക്കുകയാണ് ഷാജു. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മാവേലിക്കരയിലെ വിജയസാധ്യത അവലോകനം ചെയ്ത് കെകെ ഷാജു അന്വേഷണം. കോമിനൊപ്പം ചേരുന്നു…

ഇത്തവണ താങ്കളുടെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള സാധ്യതകള്‍ എത്രത്തോളമാണ്?

നൂറു ശതമാനവും സാധ്യതയുണ്ട്. സ്ഥാനാർത്ഥി പട്ടികയ്ക്കുള്ള ചർച്ചകളും നീക്കങ്ങളും പുരോഗമിക്കുകയാണ്. ചര്‍ച്ച അവസാനിക്കുന്ന മുറയ്ക്ക് പ്രഖ്യാപനം വരും. തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് നില്‍ക്കുന്നത്.

രണ്ടു തവണ തുടർച്ചയായി പരാജയപ്പെട്ടവര്‍ക്ക് സീറ്റ് നൽകില്ലെന്ന തെരഞ്ഞെടുപ്പു സമിതി തീരുമാനം നടപ്പിലായാല്‍ മത്സരിക്കാനുള്ള സാധ്യത മങ്ങുമോ?

ഇത്തരമൊരു നിബന്ധന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കര്‍ശനമായി പരിഗണിക്കുന്നില്ലെന്നാണ് ഞാന്‍ അറിഞ്ഞത്. ഇനി മറിച്ചാണെങ്കിലും ഈ തീരുമാനം എന്നെ ഒരു തരത്തിലും ബാധിക്കില്ല. കാരണം, ഞാന്‍ കോണ്‍ഗ്രസില്‍ വരുന്നത് തന്നെ 2016ലാണ്. അതിനു മുമ്പ് ജെഎസ്എസിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. അതൊന്നും ഇവിടെ പരിഗണിക്കേണ്ട കാര്യമില്ല. ഒരു തവണമാത്രമെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചിട്ടുള്ളൂ. ഒരു മണ്ഡലത്തിലും തുടര്‍ച്ചയായി ഞാന്‍ തോറ്റിട്ടുമില്ല. കൂടാതെ, ദളിത് കോണ്‍ഗ്രസ് പോലുള്ള ഒരു പോഷക സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയില്‍ ഇത്തരം നിബന്ധനകള്‍ എന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കുമെന്ന് കരുതുന്നില്ല.

കെകെ ഷാജു

കഴിഞ്ഞ രണ്ട് തവണയും എല്‍ഡിഎഫിനൊപ്പമായിരുന്നല്ലോ മാവേലിക്കര, ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്‍റെ ശ്രമങ്ങള്‍ എങ്ങനെയാണ് പുരോഗമിക്കുന്നത്?

യുഡിഎഫിനെതിരായി ശക്തമായ രാഷ്ട്രീയ സാഹചര്യം നിലനിന്ന സന്ദര്‍ഭത്തിലാണ് രണ്ട് തവണ പരാജയങ്ങളുണ്ടായത്. 2011ലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ജെഎസ്എസ് സ്ഥാനാര്‍ത്ഥിയായ ഞാന്‍ പരാജയപ്പെട്ടാല്‍, പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ വ്യക്തമായ പ്രതിപ്രവര്‍ത്തനം മാവേലിക്കരയില്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആ നേതാവ് മത്സരിച്ചപ്പോള്‍ 32000ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുകയാണുണ്ടായത്. എന്നെ തോല്‍പ്പിക്കാനുള്ള വ്യാപകമായ പരിശ്രമത്തിന്‍റെ ഫലമായാണ് 2011ല്‍ ഞാന്‍ 5000 വോട്ടിനു പരാജയപ്പെട്ടത്. അല്ലാതെ ഞാന്‍ ജനവിരുദ്ധനായതുകൊണ്ടൊന്നുമല്ല. അതിനു മുമ്പ് രണ്ടുവട്ടം ജയിച്ച എനിക്ക് അമിത ആത്മവിശ്വാസവുമുണ്ടായിരുന്നു. അതു പക്ഷെ 2011ല്‍ പ്രതികൂലമായാണ് ബാധിച്ചത്.

2016ല്‍ ഏറ്റവും മോശം സാഹചര്യമായിരുന്നല്ലോ യുഡിഎഫിനെ സംബന്ധിച്ച്. വളരെ വിചിത്രമായ പല ആരോപണങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന് യുഡിഎഫിനെ കരിവാരിത്തേക്കുന്ന രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫ് രൂപപ്പെടുത്തിയെടുത്തിരുന്നു. ഇത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചു. പക്ഷെ പിന്നീട് 2019ല്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍, യുഡിഎഫ് മാവേലിക്കരയില്‍ ആയിരത്തോളം വോട്ടിന്‍റെ മേല്‍ക്കൈ നേടിയിരുന്നു. ഇത്തവണ ശക്തമായ ജനപിന്തുണയോടെ വലിയ ഭൂരിപക്ഷത്തില്‍ ഞങ്ങള്‍ ജയിക്കുമെന്നതും നൂറുശതമാനം ഉറപ്പാണ്.

എങ്ങനെയെങ്കിലും ഈ സര്‍ക്കാരിനെ ഇറക്കിവിടണമെന്നാണ് ഇപ്പോള്‍ ജനം ആഗ്രഹിക്കുന്നത്. അത്രയ്ക്ക് വികൃതമായ ഒരു ഗവണ്‍മെന്‍റാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഏറ്റവും ഒടുവില്‍ മത്സ്യത്തൊഴിലാളി മേഖലയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിച്ചാണ് സര്‍ക്കാര്‍ ഇറങ്ങാന്‍ പോകുന്നത്. കടലു വില്‍ക്കാന്‍ എടുത്ത തീരുമാനം കയ്യോടെ പിടികൂടി. എന്നാല്‍, വിവിധങ്ങളായ അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്നുണ്ട്. അതൊന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ ഈ കൊള്ളരുതായ്മകളും വികലമായ വികസന പ്രവര്‍ത്തനങ്ങളും നിയമസഭ തെരഞ്ഞെടുപ്പില്‍ ചോദ്യം ചെയ്യപ്പെടും.

മാത്രമല്ല, കഴിഞ്ഞ പത്തുവര്‍ഷമായി മാവേലിക്കരയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനോ, നിലവിലുള്ള റോഡുകള്‍ ടാറു ചെയ്തു എന്നല്ലാതെ പഞ്ചായത്തുകളുടെ ബാധ്യതയിലുള്ള ഏതെങ്കിലും ഒരു പുതിയ റോഡ് ഏറ്റെടുത്ത് നടപ്പിലാക്കാനോ, എംഎല്‍എ ഫണ്ട് കൃത്യമായി വിനിയോഗിക്കാനോ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. പ്രത്യേകിച്ചും പട്ടികജാതി വിഭാഗത്തിന്‍റെ ഉന്നമനത്തിനായി എംഎല്‍എ ഫണ്ടുപയോഗിച്ച് ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം അറിയാന്‍ സാധിച്ചത്. ഇതൊക്കെ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാകും.


രണ്ടുവട്ടം ജയിച്ചുകയറിയ ആര്‍ രാജേഷിനെ മാറ്റിനിര്‍ത്തി യുവനേതാവായ എംഎസ് അരുണ്‍കുമാറാണല്ലോ ഇത്തവണ മാവേലിക്കരയില്‍ എല്‍ഡിഎഫിന്‍റെ സാരഥി, ഇത് കോണ്‍ഗ്രസിന്‍റെ വിജയസാധ്യതയെ എങ്ങനെ ബാധിക്കും?

മാവേലിക്കര മണ്ഡലത്തില്‍ എംഎല്‍എയെക്കാളും കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് എംപിയായ കൊടിക്കുന്നില്‍ സുരേഷ്. അതുപോലെ തന്നെ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി എംഎല്‍എയെക്കാളുപരി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. മരണമായാലും കല്ല്യാണമായാലും മറ്റ് പൊതുപരിപാടികളായാലും ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായാലും ഞാന്‍ മുന്നില്‍ നില്‍ക്കാറുണ്ട്. ഇരുപത് വര്‍ഷക്കാലമായി നൂറനാട്ടില്‍ സ്ഥിരതാമസക്കാരനാണ് ഞാന്‍. ഇത്രയും കാലം ജനങ്ങളുമായി ആരോഗ്യപരമായ ബന്ധം പുലര്‍ത്തിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെ യുവനേതാവിനെ ഇറക്കിക്കളിച്ചാലൊന്നും യുഡിഎഫിനെയോ എന്നെയോ തളര്‍ത്താനാവില്ല. പിന്നെ, രണ്ടു വട്ടം തുടര്‍ച്ചയായി വിജയിച്ചവരെ മാറ്റി നിര്‍ത്തിയ നടപടിയൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ സ്വാധീനം ചെലുത്താന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടോ? ഇത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പകരുന്നതാണോ?

തീര്‍ച്ചയായും, തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തിയിരുന്നു. 2015ലെ തെരഞ്ഞെടുപ്പില്‍ മാവേലിക്കര നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും യുഡിഎഫിന് നഷ്ടപ്പെട്ടു. എന്നാല്‍ ഇത്തവണ ഞങ്ങള്‍ മാവേലിക്കര മുനിസിപ്പാലിറ്റിയും താമരക്കുളം പഞ്ചായത്തും തിരിച്ചു പിടിച്ചു. തഴക്കര, തെക്കേക്കര എന്നീ പഞ്ചായത്തുകളില്‍ അല്‍പം പുറകോട്ടു പോയപ്പോള്‍ മറ്റ് പഞ്ചായത്തുകളില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ നമുക്ക് സാധിച്ചിരുന്നു.

പൊതുവെ വിലയിരുത്തുമ്പോള്‍ മാവേലിക്കരയില്‍ എന്തുകൊണ്ടും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നത്. ഇതിനോടകം തന്നെ മണ്ഡലത്തിലെ മുഴുവന്‍ ബൂത്ത് കമ്മിറ്റികളും സജീവമായിക്കഴിഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ അതിനുള്ള പ്രവര്‍ത്തങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഷാജു പ്രവര്‍ത്തകര്‍ക്കൊപ്പം

സംവരണ മണ്ഡലമാണെങ്കിലും ജാതി, സാമുദായിക ഘടകങ്ങള്‍ക്ക് മാവേലിക്കരയില്‍ ശക്തമായ സ്വാധീനമുണ്ടല്ലോ? ഇത് യുഡിഎഫിന് മുതല്‍ക്കൂട്ടാകുമോ?

ഒരു സംശയവുമില്ല. എല്ലാ സാമുദായിക ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണ്. കൂടാതെ, വിശ്വാസി സമൂഹവും ഞങ്ങളോടൊപ്പമുണ്ട്. ശബരിമല പ്രശ്നത്തില്‍ സമാധാനപരമായ സമരപരിപാടികളിലൂടെ ഞങ്ങള്‍ ഇടപെട്ടു. ആത്മാര്‍ത്ഥമായി വിശ്വാസി സമൂഹത്തോടൊപ്പം നില്‍ക്കുന്നത് ഞങ്ങളാണ്. യുഡിഎഫ് ശബരിമല പ്രശ്നത്തില്‍ അന്നും ഇന്നും ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സംരക്ഷണ നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഈ തീരുമാനം നമുക്ക് വലിയ മുന്നേറ്റം ഉണ്ടാക്കുന്നത് തന്നെയാണ്.

പിന്നാക്ക സമൂഹത്തെ സംബന്ധിച്ച് അവര്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും എക്കാലവും യുഡിഎഫ് സര്‍ക്കാരിന്‍റെയും കോണ്‍ഗ്രസിന്‍റെയും ഭാഗത്ത് നിന്നാണ് ഉണ്ടായിട്ടുള്ളത്. ഇനിയും അത് തുടരുമെന്നതില്‍ യാതൊരു സംശയവുമില്ല. പട്ടിക ജാതിക്കാര്‍ക്ക് കേരളത്തില്‍ ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനമുണ്ടായിരുന്നില്ല. യുഡിഎഫ് സര്‍ക്കാരാണ് പട്ടികജാതിക്കാര്‍ക്ക് വേണ്ടി പാലക്കാട് മെഡിക്കല്‍ കോളേജ് കൊണ്ടുവന്നത്, വിശ്വകര്‍മ്മ സമുദായത്തിന് എഞ്ചിനിയറിങ് കോളേജിനായുള്ള സ്ഥലവും സാമ്പത്തിക സഹായവും നല്‍കിയത്. അതേസമയം, എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച വിദ്യാഭ്യാസ നയം അങ്ങേയറ്റം അപലപനീയമാണ്. സാമുദായിക സംഘടനകളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ മേഖലയെ ഒന്നാകെ സ്തംഭിപ്പിക്കുന്ന തരത്തിലായിരുന്നു സര്‍ക്കാരിന്‍റെ നടപടികള്‍. ഇതിനൊക്കെയുള്ള മറുപടി ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല.

മൂന്നാം മുന്നണിയും പോരാട്ടത്തിനിറങ്ങുമ്പോള്‍ മാവേലിക്കരയില്‍ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കാമോ?

ബിജെപി ഇത്തവണ ത്രികോണ മത്സരമുണ്ടാക്കുമെന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദുര്‍ബ്ബലനായതുകൊണ്ട് അവര്‍ക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെന്നേ ഉള്ളൂ. ബിജെപിക്ക് പരമ്പരാഗതമായി കിട്ടുന്ന വോട്ടുണ്ട്. അത് ഇത്തവണയും കിട്ടുമായിരിക്കും. അല്ലാതെ ബിഡിജെഎസ് അനുകൂലികള്‍ പോലും ഇത്തവണ യുഡിഎഫിന് വോട്ടുചെയ്യുമെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം.


മാവേലിക്കരയില്‍ ജയിച്ചുകയറാന്‍ യുഡിഎഫ് ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തൊക്കെയാണ്?

ഏറ്റവും പ്രധാനപ്പെട്ട കാര്യം കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്നതാണ്. നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്ന സമഗ്ര മാവേലിക്കര കുടിവെള്ള പദ്ധതി ഞങ്ങള്‍ പുനരുജ്ജീവിപ്പിക്കും. നൂറനാട് പാറ്റൂര്‍ കുടിവെള്ള പദ്ധതിയുടെ അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. മണ്ഡലത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കൊന്നും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ല. ഈ പ്രശ്നം ഞങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കും. കല്ലട ഇറിഗേഷന്‍ പ്രൊജക്ടും പമ്പ ഇറിഗേഷന്‍ പ്രൊജക്ടും മണ്ഡലത്തില്‍ കൃത്യമായി വെള്ളം എത്തിക്കുന്നില്ല. ഈ ജലസേചന പദ്ധതികള്‍ ആവശ്യമുള്ളപ്പോള്‍ തുറക്കാതെ അനാവശ്യ സമയത്ത് തുറന്ന് കൃഷി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ആക്ഷേപങ്ങള്‍ക്കും പരിഹാരം കാണും.

വെല്ലുവിളി നേരിടുന്ന കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് മറ്റൊരു സുപ്രധാന ലക്ഷ്യം. കൂടാതെ പുതിയ ചില റോഡുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്ന് പഞ്ചായത്തുകളെ രക്ഷിക്കാനാകും. പല പാലങ്ങളും പണി പൂര്‍ത്തിയാകാതെ കിടക്കുന്നുണ്ട്. അവയുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരമാനമെടുക്കണം. വെട്ടിക്കോട് ചാല്‍ ടൂറിസം പദ്ദതി അടക്കം മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാവിഷ്കരിക്കണം. ചുനക്കര-നൂറനാട് ബണ്ട് പുന‍ര്‍നിര്‍മ്മിച്ച് റോഡാക്കി മാറ്റണം. ഇതൊക്കെയാണ് അടിയന്തര ഇടപെടല്‍ ആവശ്യമായ കാര്യങ്ങള്‍.

Latest News