ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്- ഡിഎംകെ സഖ്യത്തിൽ സീറ്റ് ധാരണയായി. 25 സീറ്റുകളാണ് ഡിഎംകെ കോൺഗ്രസിന് നൽകിയിരിക്കുന്നത്. അന്തരിച്ച കോണ്‍ഗ്രസ് എം.പി. വസന്തകുമാറിന്റെ മണ്ഡലമായ കന്യാകുമാരിയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കും.
ഇരുപത്തിയഞ്ച് നിയമസഭാസീറ്റുകളിലും കന്യാകുമാരിയിലെ ലോക്സഭാസീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. രണ്ട് പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും തങ്ങള്‍ വിജയിക്കുമെന്നും തമിഴ്നാടിന്റെ ചുമതലയുളള കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് 45 സീറ്റുകളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സീറ്റ് ചർച്ച നടക്കുമ്പോൾ അഭിപ്രായ ഭിന്നത ഉണ്ടാകുന്നത് സാധാരണയാണെന്നും കോൺഗ്രസ് ഡിഎംകെ സഖ്യത്തിൽ വിള്ളൽ ഉണ്ടായെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
234 സീറ്റുകളാണ് തമിഴ്നാട് നിയമസഭയിൽ ഉളളത്. ഏപ്രിൽ ആറിന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.