ജല്ലിക്കട്ട് പ്രമേയമായി മലയാളി സംവിധായകന് ‘വിനോദ് ഗുരുവായൂര്‍ തമിഴ് ചിത്രം ഒരുക്കുന്നു. സിനിമയുടെ ഷൂട്ടിംഗ് മെയ് 15ന് പഴനിയില്‍ ആരംഭിക്കും. ജല്ലിക്കട്ട് മത്സരത്തിന്റെ ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അതില്‍ പങ്കെടുക്കുന്നവരുടെ ജീവിതങ്ങളുമാണ് സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. തമിഴിലെ താരങ്ങള്‍ക്കാെപ്പം മലയാളത്തിലെ അഭിനേതാക്കളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ജല്ലിക്കട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയിലാണ് പ്രധാന ലൊക്കേഷന്‍. ‘തമിഴ്നാട്ടിലെ വലിയൊരു ആചാരമെന്നു തന്നെ പറയാവുന്ന ജല്ലിക്കട്ട് ഉത്സവാഘോഷത്തെ ആസ്പദമാക്കിയാണ് സിനിമയുടെ ഉള്ളടക്കം .
വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെങ്കിലും തന്റെ വളരെ നാളത്തെ സ്വപ്നമായിരുന്നു തമിഴ് സിനിമ ചെയ്യുക എന്നത് എന്നാണ് വിനോദ് ഗുരുവായൂർ പറഞ്ഞത്.സിനിമയുടെ കാര്യങ്ങള്‍ക്കായി ചെന്നൈയില്‍ പോയിരുന്ന കാലം തൊട്ടേ തമിഴ്നാടും തമിഴ് സംസ്കാരവും എന്നെ ആകര്‍ഷിച്ചിരുന്നു. അവരുടെ ജീവിത കാഴ്ചപ്പാടുകളും കാര്‍ഷിക സംസ്കാരവും എന്നില്‍ കൗതുകം ഉണര്‍ത്തിയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ജല്ലിക്കട്ട് നിരോധനവും തുടര്‍ന്നുണ്ടായ സമരവും പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നിരോധനം നീക്കലുമൊക്കെ ലോക ശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളാണ്.
പഴനിയിലെ റിച്ച് മള്‍ട്ടി മീഡിയയുടെ ഡയറക്ടര്‍ ഡോക്ടര്‍ ജയറാം ശിവറാം ജല്ലിക്കട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോള്‍ വലിയ സന്തോഷത്തോടെ ഞാനത് ഏറ്റെടുക്കുകയായിരുന്നു എന്നും സംവിധായകന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു.