മുംബൈ: ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി. സ്വകാര്യ വാര്‍ത്താ ചാനലില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനാണ് മുംബൈ അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മുമ്ബാകെ അക്തര്‍ ക്രിമിനല്‍ പരാതി നല്‍കിയത്. സുശാന്ത് സിങ് രജ്പുത്തിെന്റ മരണവുമായി ബന്ധപ്പെട്ട് കങ്കണ തെന്റ പേര് അനാവശ്യമായി വലിച്ചിഴച്ചതായി പരാതിയില്‍ ഉന്നയിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി കങ്കണക്ക് സമണ്‍സ് അയച്ചിരുന്നു. എന്നാല്‍ അവര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് മജിസ്ട്രേറ്റ് ആര്. ആര്. ഖാന് അവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
നടിക്ക് സമന്‍സയച്ച നടപടി ചട്ടപ്രകാരമല്ലെന്ന് അവരുടെ അഭിഭാഷകന് റിസ്വാന് സിദ്ദിഖി വാദിച്ചു. മജിസ്ട്രേറ്റ് കോടതിയുടെ നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന് അറിയിച്ചു. എന്നാല്‍ കങ്കണയ്ക്കെതിരെ ജാമ്യം ലഭിക്കാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് ജാവേദ് അക്തറുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ആവശ്യപ്പെട്ടത്. നടിയുടെ അഭിഭാഷകന് ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ് കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചത്.
ജൂലൈ 19 ന് കങ്കണ ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞപ്പോള്‍ തനിക്കെതിരേ തെറ്റായ പ്രസ്താവന നടത്തിയതായാണ് അക്തര്‍ പരാതിയില്‍ പറയുന്നത്. തനിക്ക് സുശാന്തിന്റെ മരണത്തെകുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കെയാണ് കങ്കണ തന്റെ പേര് വലിച്ചിഴച്ചതെന്നും ഓവേദ് അക്തര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് മാര്‍ച്ച് 26 ന് വീണ്ടും പരിഗണിക്കും.