തിരുനെല്‍വേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇതിനേക്കാള്‍ വലിയ ശത്രുവിനെ നമ്മള് തോല്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. തിരുനെല്‍വേലി സെന്റ് സേവ്യേഴ്സ് കോളേജില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മളെല്ലാവരും ഒരു പ്രബലനായ ശത്രുവിനോടാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ഈ രാജ്യത്ത് പണാധിപത്യം പുലര്‍ത്തുന്ന, എതിരാളികളെ തകര്‍ക്കുന്ന ശത്രുവിനോടാണ് നാം പോരാടുന്നത്. നാം ഇതിലും വലിയ ശത്രുവിനെ (ബ്രിട്ടീഷുകാരെ) തോല്‍പ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ആരാണ് നരേന്ദ്രമോദി? ഈ രാജ്യത്തെ ജനങ്ങള്‍ ബ്രിട്ടീഷുകാരെ തിരിച്ചയച്ചവരാണ്. അതേരീതിയില്‍ നാം മോദിയെ നാഗ്പുരിലേക്ക് തിരിച്ചയയ്ക്കും’, രാഹുല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വിചാരിക്കുന്നതു പോലെ വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ സാമ്ബത്തിക ക്രയവസ്തുക്കള്‍ അല്ല. രാജ്യത്തിന് ബിസിനസ് ആവശ്യമാണ്. എന്നാല്‍ പാവപ്പെട്ടവര്‍ക്കു ലാഭമല്ലാത്ത വിധം വിദ്യാഭ്യാസം. കൃഷി, ആരോഗ്യം എന്നിവ മാറരുത്. നിര്‍ഭാഗ്യവശാല്‍ അതാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ശാക്തീകരണത്തിന്റെ പ്രധാന ആയുധം വിദ്യാഭ്യാസമാണെന്നും അദേഹം വ്യക്തമാക്കി.