അങ്കത്തട്ടുണര്‍ന്നു; അരക്കച്ചമുറുക്കി അഞ്ചിടങ്ങള്‍

അഞ്ചുവര്‍ഷത്തെ ഭരണകാലയളവിന് പരിസമാപ്തികുറിച്ചുകൊണ്ട്, രാജ്യത്തെ ഒരു കേന്ദ്രഭരണപ്രദേശമുള്‍പ്പെടെ അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് ഗോധയൊരുങ്ങിക്കഴിഞ്ഞു. കേരളവും തമിഴ്നാടും ബംഗാളും അസമും പുതുച്ചേരിയും അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഭരണപക്ഷത്തെ തെരഞ്ഞെടുക്കാന്‍ സുസജ്ജമാകുമ്പോള്‍ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളും മുന്നണി സമവാക്യങ്ങളുമൊക്കെ ആശയും ആശങ്കകളും തീര്‍ത്ത് കൂടെയുണ്ട്.

വികസന പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിര്‍ത്തി നാടിനെ വീണ്ടും ചുവപ്പണിയിക്കാന്‍ അരയും തലയും മുറുക്കുകയാണ് കേരളത്തിലെ ഇടതുപക്ഷം. അഴിമതി ഭരണത്തിനെതിരെ ജനം വിധിയെഴുതുമെന്ന ശുഭാപ്തി വിശ്വാസവുമായി യുഡിഎഫും അടിവേരു പിടിപ്പിക്കാന്‍ തത്രപ്പെടുന്ന മൂന്നാം മുന്നണിയും കേരളത്തില്‍ സജീവമാണ്. പുരട്ചി തലൈവിയും കലൈഞ്ജറുമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുമ്പോള്‍ തമിഴ്നാട് രാഷ്ട്രീയവും ഏറെ കലുഷിതം തന്നെ.

ബംഗാളില്‍ മമതയുടെ ഒറ്റയാള്‍ പട്ടാളത്തിന് സാക്ഷാല്‍ നരേന്ദ്രമോദിയാണ് വിലങ്ങുതടി. വിവാദ പൗരത്വ നിയമത്തിനെതിരെ മുറവിളികള്‍ അലയടിച്ച അസമില്‍ ബിജെപി- കോണ്‍ഗ്രസ് പോര് ശക്തമാണ്. രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്കും കൂറുമാറ്റങ്ങള്‍ക്കും സാക്ഷിയായ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്‍റെ തട്ടകം ബിജെപി പിടിച്ചെടുക്കുമോ എന്നതാണ് നിര്‍ണ്ണായക ചോദ്യം. ഈ അഞ്ചിടങ്ങളില്‍ നിലവിലുള്ള രാഷ്ട്രീയ സ്ഥിതിവിഗതികള്‍ തെരഞ്ഞെടുപ്പങ്കത്തെ എങ്ങനെ സ്വാധീനിക്കും? പോരാട്ടത്തിന് തിരശ്ശീല വീഴുമ്പോള്‍ ആര് ആര്‍ക്കൊപ്പം നില്‍ക്കും?

ഐക്യകേരളത്തെ ആര് നയിക്കും?

കേരളത്തിന്‍റെ 15ാം നിയമസഭയിലേക്കുള്ള വിധിയെഴുത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് കേരളത്തിലെ 140 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മലപ്പുറത്തെ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും. ആത്മവിശ്വാസവും അവകാശ വാദവുമായി മൂന്ന് മുന്നണികളും കട്ടയ്ക്ക് നില്‍ക്കുമ്പോള്‍ തികച്ചും ആവേശപൂര്‍ണ്ണമായ പോരാട്ടത്തിന് കേരളം സാക്ഷിയാകുമെന്നത് നിസ്സംശയം പറയാം. ഉറച്ച ജയം മുന്നിൽ കണ്ട്, സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാനുള്ള തിരക്കിലാണ് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍.


ഭരണത്തിന്‍റെ അഞ്ചാം വർഷത്തിൽ എല്‍ഡിഎഫിന്‍റെ വ്യക്തമായ മേല്‍ക്കൈയും വിജയവും ചൂണ്ടിക്കാട്ടി സര്‍വ്വെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വികസനത്തിൻ്റെ കാര്യത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ച എൽഡിഎഫ് സര്‍ക്കാരിന് ഭരണം തുടരാന്‍ സാധിക്കുമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. എല്‍ഡിഎഫിന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പ് വിധിയും മുന്നിലുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, റേഷന്‍ കടകളിലൂടെ നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍, ക്ഷേമപെന്‍ഷന്‍ വിതരണം എന്നിവ വോട്ടാകുമെന്ന പ്രതീക്ഷ വേറെയും. അതേസമയം, ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശമടക്കം വിവാദങ്ങളുടെയും ആരോപണങ്ങളുടെയും തീരാക്കയത്തില്‍ കാലിട്ടടിച്ച ഇടതുമുന്നണിയുടെ ചിത്രം മങ്ങാതെ കിടക്കുന്നത് തിരിച്ചടിയാണ്.

കേരള കോൺഗ്രസി(എം)ന്‍റെ പിളർപ്പും ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനവും പാലായുടെ പേരില്‍ ഇടതു ചേരി വിട്ട് യുഡിഎഫിൽ ചേർന്ന മാണി സി കാപ്പന്‍റെ നീക്കവുമൊക്കെ നിലവിലുണ്ടായിരുന്ന മുന്നണി സമവാക്യങ്ങളെ കീഴ്മേല്‍ മറിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) എൽഡിഎഫ് ഘടകകക്ഷിയായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പുമാണിത്. 24 വർഷത്തോളം മുന്നണിക്കു പുറത്തു നിന്നുള്ള പിന്തുണയുമായി കഴിയുകയായിരുന്ന ഐഎൻഎൽ 2018ൽ ആണ് ഇടതു മുന്നണിയുടെ ഘടക കക്ഷിയാകുന്നത്.


നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ ലക്ഷ്യമിട്ടാണ് യുഡിഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഇത്തവണയും കൈവിട്ടാല്‍ മുന്നണിക്കുതന്നെ കാര്യമായ പോറലുകൾ ഏൽക്കുമെന്നതില്‍ സംശയമില്ല. സ്പ്രിംഗ്ലര്‍ ഇടപാട്, കെഫോണ്‍- ലൈഫ് മിഷന്‍ അഴിമതി, പിന്‍വാതില്‍ നിയമനങ്ങള്‍, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ തുടങ്ങി എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ആരോപണങ്ങളും വിവാദങ്ങളും തന്നെയാണ് യുഡിഎഫിന്‍റെ തുറുപ്പുചീട്ട്. ശബരിമല സ്ത്രീപ്രവേശം ഒരിക്കല്‍കൂടി തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള ശ്രമങ്ങളുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് എക്കാലത്തും ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ നല്‍കുന്നതാണെന്നും തുടര്‍ന്നുവന്നിട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം അതായിരുന്നില്ലെന്നുമുള്ള വിലയിരുത്തലില്‍ ആശ്വാസം കാണാനും യുഡിഎഫ് മറന്നില്ല.

ശക്തി കേന്ദ്രമായ മധ്യകേരളത്തിൽ മുൻ വർഷങ്ങളിൽ നേരിട്ട തിരിച്ചടി ഇത്തവണ ഒഴിവാക്കാൻ സാമുദായിക പരിഗണനകൾ ഉറപ്പായും പാലിക്കപ്പെടണമെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുകയെന്ന സൂചനയുമുണ്ട്. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നുമറിയുന്നു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു സമിതിയുടെ പ്രവര്‍ത്തനങ്ങളും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്രയും മുഖം രക്ഷിക്കാന്‍ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷ മുന്നണിയില്‍ മുഴച്ചുനില്‍ക്കുന്നുമുണ്ട്.


രാജ്യത്ത് തെരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിൽ അധികാരത്തിലേക്കു തിരിച്ചുവരാൻ ഏറ്റവും സാധ്യതയുള്ളതു കേരളത്തിലാണെന്ന് എഐസിസി കരുതുന്നു. കേരളത്തിൽ വീണ്ടും ഭരണം പിടിച്ച് ദേശീയ രാഷ്ട്രീയത്തിൽ പിടിച്ചുകയറുകയെന്ന ലക്ഷ്യവും കോൺഗ്രസിന്‍റെ കേന്ദ്ര നേതൃത്വത്തിനുണ്ട്. കേരളത്തിൽ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന പ്രസ്താവനയുമായെത്തിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ശക്തിപകരുന്നുണ്ടെങ്കിലും വയനാട് എംപി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പ്രകടനം പാര്‍ട്ടിക്ക് അഭിമാന പ്രശ്നമാവുകയും ചെയ്യും.

ഇക്കുറി സീറ്റെണ്ണവും വോട്ട് വിഹിതവും ഉറപ്പായും കൂട്ടുമെന്ന വിശ്വാസത്തിലാണ് മൂന്നാം മുന്നണിയായ എന്‍ഡിഎ. പാർട്ടി 30,000ത്തിലധികം വോട്ട് നേടുന്ന 42 മണ്ഡലങ്ങളാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. 20 ശതമാനത്തിലധികം വോട്ട് കിട്ടുന്ന മണ്ഡലങ്ങളുമുണ്ട്. ഇത്തരം മണ്ഡലങ്ങളിൽ 15,000 വോട്ടുകൂടി വന്നാൽ ജയം ഉറപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ ശക്തമായ മത്സരത്തിന് എൻഡിഎ സജ്ജമാണ്. സ്വർണക്കടത്ത് കേസ് മുതൽ ശബരിമല പ്രശ്നംവരെ സർക്കാരിനെതിരെ ശക്തമായ നിലപാടാണ് ബിജെപി സംസ്ഥാനത്ത് സ്വീകരിച്ചുപോരുന്നത്. സർക്കാരിനെതിരായ പോരാട്ടത്തിന് യുഡിഎഫിന് വേണ്ടത്ര കെൽപ്പില്ലെന്ന ആക്ഷേപവും സജീവമാണ്.


ഇ ശ്രീധരനെപ്പോലെ പൊതുസമൂഹത്തിന്‍റെ അംഗീകാരമുള്ളവർ പാർട്ടിയുടെ ഭാഗമായതും ബിജെപി ശുഭസൂചകമായി കാണുന്നു. കൂടാതെ അകലം പാലിച്ചിരുന്ന ക്രിസ്ത്യൻ, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളോട് കൂടുതൽ അടുക്കാൻ നിലവിൽ കഴിയുന്നുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പ്രധാനമന്ത്രിയുമായി ക്രിസ്ത്യൻ മതമേധാവികള്‍ ചർച്ച സംഘടിപ്പിച്ചതും മറ്റും അനുകൂലചിന്താഗതിക്ക് കാരണമായിട്ടുണ്ടെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ജയസാധ്യതയുള്ളയിടങ്ങളിൽ പാർട്ടി വോട്ടുകൾക്കപ്പുറം പിന്തുണ തേടാൻ കഴിവുള്ളവരെ അവതരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

2016‌ൽ കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടിയാണ് സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണി അധികാരത്തിലെത്തിയത്. 86 സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിച്ചപ്പോൾ അഞ്ചു സ്വതന്ത്രരും ഇവർക്കൊപ്പം നിന്നു. ഭരണപക്ഷമായിരുന്ന യുഡിഎഫ് ആകട്ടെ 47 സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു. 84 നിയോജക മണ്ഡലത്തിൽ ജനവിധി തേടിയ സിപിഎം 58 ഇടത്തും സിപിഐ 25 സീറ്റിൽ മത്സരിച്ച് 19 ഇടത്തും നാലു സീറ്റിൽ മത്സരിച്ച എൻസിപി രണ്ടിടത്തും ജയിച്ചു.


യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസ് 87 ഇടത്ത് മത്സരിച്ചതിൽ 22 സീറ്റുകളിലാണു വിജയിച്ചത്. 23 ഇടത്ത് മത്സരിച്ച മുസ്ലീം ലീഗ് 18 സീറ്റുകൾ നേടി. 15 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് എം ജയിച്ചത് ആറ് സീറ്റിലും. മാറി മറിഞ്ഞ മുന്നണി സമവാക്യങ്ങളും കെഎം മാണിയുടെ മരണവും ജോസ് കെ മാണിയുടെ മുന്നണി മാറ്റവും ഈ കണക്കുകളെ എങ്ങനെ മാറ്റുമെന്നാണ് ഇനി അറിയേണ്ടത്.

എൻഡിഎയിലെ പ്രധാന കക്ഷിയായ ബിജെപി 98 ഇടത്ത് മത്സരിച്ചെങ്കിലും നേമത്ത് ഒ രാജഗോപാലിലൂടെ ഒരു സീറ്റു മാത്രമാണ് ലഭിച്ചത്. 2016ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകകഷിയായി ഉദയം കൊണ്ട ബിഡിജെഎസ് ആകട്ടെ 36 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തു പോലും വിജയിച്ചില്ല. ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്ക്കു മത്സരിച്ച പിസി ജോർജ് സ്വതന്ത്രനായും ജയിച്ചു.

ഇത്തവണ രണ്ട് കോടി 67 ലക്ഷത്തിലേറെ വോട്ടർമാരുള്ള സംസ്ഥാനത്ത് 5,79,033പേർ പുതിയ വോട്ടർമാരാണ്. 221 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യും. വോട്ടർ പട്ടികയുടെ അന്തിമ കണക്കിൽ ഇനിയും വോട്ടർമാർ കൂടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മാറി മറിഞ്ഞ മുന്നണി സമവാക്യങ്ങള്‍ക്കൊപ്പം മുന്‍കാല വിധികളും തകിടം മറിയും.

തമിഴ്നാടിന്‍റെ തട്ടകം ആരു വാഴും?

തമിഴ്നാട് നിയമസഭ മണ്ഡലങ്ങള്‍

ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിനു ശേഷമുള്ള സുപ്രധാന തെരഞ്ഞെടുപ്പിനാണ് തമിഴ്നാട് വേദിയാകുന്നത്. കേരളത്തിലെന്ന പോലെ ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. മെയ് രണ്ടിനു തന്നെ വോട്ടെണ്ണും. ദക്ഷിണേന്ത്യയില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്നത് ഏറ്റവും ചൂടേറിയ തെരഞ്ഞെടുപ്പ് പോരാട്ടമാകുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്തെ പ്രധാന പാർട്ടിയായ എഐഎഡിഎംകെ 234 ഇടത്തു മത്സരിച്ച് 135 സീറ്റുകൾ നേടിയാണ് കഴിഞ്ഞ തവണ ഭരണത്തിലേറിയത്. എതിർ കക്ഷിയായ ഡിഎംകെ 180 സീറ്റുകളിൽ മത്സരിച്ചതിൽ 88 സീറ്റുകളിലാണ് വിജയിച്ചത്. ദേശീയ പാർട്ടിയായ ബിജെപി 188 നിയോജക മണ്ഡലത്തിൽ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും ഒരു സീറ്റിൽ പോലും വിജയിച്ചില്ല. 41 ഇടങ്ങളില്‍ മത്സരിച്ച, ഡിഎംകെയുടെ ഭാഗമായ കോണ്‍ഗ്രസ് 8 സീറ്റുകൾ നേടി. ഡിഎംകെയുടെ തന്നെ സഖ്യകക്ഷിയായ മുസ്‌ലിം ലീഗ് (ഐയുഎംഎൽ) ഒരു സീറ്റാണ് സ്വന്താമാക്കിയത്. അതേസമയം, 25 ഇടത്തു വീതം മത്സരിച്ച സിപിഎമ്മിനും സിപിഐയ്ക്കും ഒരു സീറ്റു പോലും ലഭിച്ചില്ല. തഞ്ചാവൂർ, അരുവാകുറിച്ചി മണ്ഡലങ്ങളിൽ ‘വോട്ടിനു നോട്ട്’ വിവാദത്തോടെ മാറ്റിവച്ച തെരഞ്ഞെടുപ്പ് 2019ല്‍ നടന്നപ്പോള്‍ ഡിഎംകെയ്ക്കായിരുന്നു വിജയം.


ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ സ്വാധീനം ചെലുത്താന്‍ ബിജെപിക്കാകുമോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. കേന്ദ്രപദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുമാസത്തിനിടെ തമിഴ്നാട്ടില്‍ എത്തിയത് മൂന്ന് തവണയാണ്. ദേശീയ നേതാക്കളെയടക്കം മുന്നില്‍ നിര്‍ത്തി തമിഴ്നാട്ടില്‍ ക്യാമ്പ് ചെയ്താണ് ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. രജനികാന്ത് പിന്‍മാറിയെങ്കിലും ചെറുകക്ഷികളെ അടുപ്പിച്ച് അണ്ണാ ഡിഎംകെയ്‌ക്കൊപ്പം ഭരണതുടര്‍ച്ചയാണ് ബിജെപിയുടെ ലക്ഷ്യം.

ചെന്നൈ മെട്രോ റെയിൽ ഒന്നാംഘട്ട വിപുലീകരണോദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഒ പന്നീർസെൽവം എന്നിവര്‍ക്കൊപ്പം

പ്രത്യക്ഷത്തില്‍ ബിജെപിയുടെ ഘടകക്ഷിയായിട്ടില്ലെങ്കിലും ബിജെപിയുടെ പരസ്യമായ പിന്തുണ എഐഎഡിഎംകെക്ക് ഉണ്ട്. തമിഴ്നാട്ടില്‍ നില മെച്ചപ്പെടുത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം പോലും ബിജെപി ആവശ്യപ്പെട്ടേക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന വേളയില്‍ ജാമ്യം ലഭിച്ച് ശശികല എത്തിയത് മറ്റൊരു കോളിളക്കം സൃഷ്ടിച്ചു. നിലവില്‍ പളനിസ്വാമി, പനീര്‍സെല്‍വം പക്ഷവുമായി ശശികല അത്ര നല്ല ബന്ധത്തിലല്ലാത്തതിനാല്‍ ഇരുവിഭാഗങ്ങളെയും പ്രതിരോധത്തിലാക്കി എഡിഎംകെയില്‍ പിടിമുറുക്കാന്‍ അവര്‍ ശ്രമിക്കുമോ എന്നതാണ് ആശങ്ക.

തെരഞ്ഞെടുപ്പ് പടിവാതുക്കലെത്തിയിട്ടും സീറ്റ് വിഭജനത്തിന്‍റെ പേരിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട്ടിലെ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം. കരുണാനിധിക്കു ശേഷം മകനായ സ്റ്റാലിന്‍ സ്വതന്ത്രമായി നയിക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന വിശേഷണവും ഇത്തവണയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറിയെങ്കിലും തമിഴ്‌നാട്ടിലെ മൂന്നാം മുന്നണിയായ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി കമല്‍ഹാസന്‍ തെരഞ്ഞെടുപ്പങ്കത്തിന് സുസജ്ജമാണ്. ഡിഎംകെ, എഐഎഡിഎംകെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ചെന്നൈയിലെ മൈലാപൂര്‍, വേളാച്ചേരി എന്നിവിടങ്ങളിലോ കോയമ്പത്തൂര്‍, മധുര ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നോ കമല്‍ ജനവിധി തേടുമെന്നാണ് സൂചന.

രാഹുല്‍ ഗാന്ധി, എംകെ സ്റ്റാലിന്‍

മോദി- മമത പോരുമായി ബംഗാള്‍

പശ്ചിമ ബംഗാളില്‍ എട്ടുഘട്ടമായാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 ന് നടക്കും. രണ്ടാംഘട്ടം ഏപ്രില്‍ 1 നും മൂന്നാംഘട്ടം ഏപ്രില്‍ ആറിനും നാലാം ഘട്ടം ഏപ്രില്‍ 10 നും നടക്കും. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 17 നും ആറാംഘട്ടം ഏപ്രില്‍ 22 നും ഏഴാംഘട്ടം ഏപ്രില്‍ 26 നും എട്ടാംഘട്ടം ഏപ്രില്‍ 29 നുമാണ് നടക്കുക. മറ്റിടങ്ങളിലേതെന്ന പോലെ വോട്ടെണ്ണല്‍ മെയ് 2ന് തന്നെയാണ്. ചില ജനോപകാര പദ്ധതികളില്‍ മാത്രം ചുരുങ്ങി, ഒരു ശരാശരി ഭരണമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് (ടിഎംസി) കാഴ്ചവെച്ചത്. ഇടതുപക്ഷം വീരചരമം പ്രാപിച്ചതും കോണ്‍ഗ്രസിന്‍റെ ഖ്യാതി മങ്ങിയതുമായ സാഹചര്യം ബംഗാള്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഇടം ഉറപ്പിക്കാന്‍ കാരണമാകുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ കണ്ടറിയേണ്ടത്.

പശ്ചിമ ബംഗാളിലെ നിയമസഭാ മണ്ഡലങ്ങളുടെ ഭൂപടം

ബംഗാളില്‍ എങ്ങനെയും അധികാരം പിടിച്ചെടുക്കുമെന്ന വാശിയിലാണ് ബിജെപി. ഇന്ത്യ മുഴുക്കെ അധികാരം വ്യാപിപ്പിക്കണമെന്ന മോഹമാണ് ഇതിനടിസ്ഥാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആത്മവിശ്വാസമാക്കിയാണ് ബംഗാളില്‍ ബിജെപിയുടെ പ്രചാരണങ്ങള്‍ കൊടുമ്പിരികൊള്ളുന്നത്. നാൽപ്പത്തിരണ്ടിൽ 18 ഇടത്താണ് ബിജെപി അന്ന് ജയിച്ചത്. 22 സീറ്റുകളില്‍ ജയിച്ച തൃണമൂൽ കോൺഗ്രസുമായി മൂന്നു ശതമാനം വോട്ടിന്‍റെ വ്യത്യാസം മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. ടിഎംസിക്ക് 43.69% വോട്ടാണ് കിട്ടിയതെങ്കില്‍ ബിജെപിക്ക് 40.64% വോട്ടാണ് ലഭിച്ചത്.

എന്നാല്‍, 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 291 സീറ്റിൽ മത്സരിച്ച ബിജെപി ആകെ ജയിച്ചത് മൂന്നു സീറ്റിൽ മാത്രമാണ്‌. 263 ഇടങ്ങളിൽ കെട്ടിവച്ച പണം പോലും ലഭിച്ചില്ല. അവിടെ നിന്നാണ് ബംഗാളിന്‍റെ അധികാരസ്ഥാനം സുനിശ്ചിതമെന്ന് മമതയെ വെല്ലുവിളിക്കാന്‍ തക്ക വളര്‍ച്ച ബിജെപി കൈവരിച്ചത്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പുരോഗമിക്കുന്നത്. പൗരത്വഭേദഗതി ബിൽ, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങളെല്ലാം ബിജെപി പ്രചാരണത്തിൽ ഉപയോഗിക്കുന്നുണ്ട്. ഭൂരിപക്ഷ വോട്ടുകൾ പരമാവധി നേടുകയാണ് പാർട്ടിയുടെ ലക്ഷ്യം.

അമിത് ഷാ, മമത ബാനര്‍ജി

മമത ബാനര്‍ജിയെ സംബന്ധിച്ച് രാഷ്ട്രീയ ജീവിതത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്ന അങ്കപ്പുറപ്പാടാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ്. ബിജെപി വിജയം ഉറപ്പിക്കുമ്പോള്‍ എന്തുവില കൊടുത്തും അധികാരം നിലനിര്‍ത്തുമെന്ന ശാഠ്യം മമത ഒട്ടും കുറയ്ക്കുന്നില്ല. ടിഎംസി നേതാക്കള്‍ ബിജെപിയിലേക്ക് മേച്ചില്‍പുറങ്ങള്‍ തേടി യാത്രയായത് മമതയ്ക്ക് മുന്നില്‍ വന്‍ പ്രതിസന്ധിയായി നിലനില്‍ക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയുടെ നേതൃത്വത്തിലായിരുന്നു ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തി നേതാക്കളുടെ കൂറുമാറ്റം.

തൃണമൂൽ കോൺഗ്രസിന്‍റെ രാഷ്ട്രീയ ഉദയം കണ്ട നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുമെന്നാണ് മമത പ്രഖ്യാപിച്ചിട്ടുള്ളത്. ടിഎംസിയില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവ് സുവേന്ദു അധികാരിയുടെ മണ്ഡലമാണിത്. വിമതർക്കുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ തന്നെയാണ് മമത അങ്കം കുറിക്കുന്നതും. ബംഗാളിന്‍റെ മകൾ എന്ന് സ്വയം വിശേഷിപ്പിച്ചാണ് മമതയുടെ നേതൃത്വത്തില്‍ ടിഎംസി കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ നടത്തുന്നത്. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ 294ൽ 211 സീറ്റും നേടി അധികാരത്തിലേറിയ മമത ബാനർജി ബിജെപിയെ വരത്തനായ കക്ഷിയായി തന്നെയാണ് സമീപിക്കുന്നതും.

പിർസാദ അബ്ബാസ് സിദ്ദീഖി, അസദുദ്ദീൻ ഉവൈസി

അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും പിർസാദ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്യുലർ ഫോറവും സംസ്ഥാനത്തെ 30 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് സജീവമാകുന്നതും മമതയ്ക്ക് ഭീഷണിയാണ്. പരമ്പരാഗതമായി തൃണമൂലിനൊപ്പം നിന്ന മുസ്ലീം വോട്ടുബാങ്ക് പിളരുമോ എന്നത് ഈ തെരഞ്ഞെടുപ്പിനെ കൂടുതല്‍ ആകാംക്ഷാഭരിതമാക്കുന്നു. 34 വര്‍ഷം അധികാരത്തിലിരുന്ന സിപിഎം ഇത്തവണയും കോണ്‍ഗ്രസിന് കൈകൊടുത്താണ് പോരാട്ടത്തിനിറങ്ങുന്നത്. സീറ്റു ധാരണകൾ പൂർത്തിയായതായി കോൺഗ്രസ് പ്രസിഡണ്ട് അധിർ രഞ്ജൻ ചൗധരിയും ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസും വ്യക്തമാക്കിയിട്ടുണ്ട്. ഇരുകക്ഷികളും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട 2014ൽ 38 ശതമാനം വോട്ടാണ് സഖ്യം നേടിയത്. 71 സീറ്റിൽ വിജയിക്കുകയും ചെയ്തു.

2016ലെ തെരഞ്ഞെടുപ്പിൽ 92 സീറ്റുകളിൽ ജനവിധി തേടിയ കോൺഗ്രസ് 44 സീറ്റുകളാണ് നേടിയത്. സിപിഎം 26 സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു. അതേസമയം,11 മണ്ഡലങ്ങളിൽ ജനവിധി തേടിയ സിപിഐ ഒരൊറ്റ മണ്ഡലത്തിലാണ് വിജയിച്ചത്. സംസ്ഥാന പാർട്ടികളായ എഐഎഫ്ബി രണ്ടു സീറ്റിലും ആർഎസ്പി മൂന്നു സീറ്റിലും വിജയിച്ചപ്പോള്‍ ഗോർഖ ജൻമുക്ത് മോർച്ച 3 സീറ്റുകൾ നേടി. ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. എന്നാല്‍, ഇത്തവണ ഇന്ത്യ ദർശിക്കാൻ പോകുന്ന ഏറ്റവും കടുത്ത വിഭജനാധിഷ്ഠിത തെരഞ്ഞെടുപ്പിനാണ് ബംഗാള്‍ വേദിയാകുന്നതെന്ന വിലയിരുത്തലുകള്‍ സജീവമാണ്. ഇതിന്‍റെ ആദ്യപടിയെന്നോണം സാമുദായിക ധ്രുവീകരണത്തിനുള്ള നടപടികൾ ബിജെപി ആരംഭിച്ചു കഴി‍ഞ്ഞു. മതത്തിന്‍റെ പേരിൽ ചോര ചീന്തിയ പാരമ്പര്യം ആ മണ്ണിനുണ്ടെന്ന വസ്തുത നിലനില്‍ക്കെ സംഘര്‍ഷ സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

പൗരത്വ നിയമവും അസം രാഷ്ട്രീയവും

അസമിലെ 126 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മൂന്ന് ഘട്ടമായാണ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് മാർച്ച് 27നും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 1നും മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 6നും നടക്കും. 47 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തില്‍ 39 ഉം മൂന്നാം ഘട്ടത്തില്‍ 40ഉം മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലെത്തും. മെയ് 2ന് തന്നെയാണ് വോട്ടെണ്ണല്‍. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങികേള്‍ക്കുന്നത് അസമിലാണ്. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് സിഎഎ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചപ്പോള്‍ നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് വാക്കു നല്‍കിയത് തെരഞ്ഞെടുപ്പില്‍ എങ്ങനെ ഭവിക്കുമെന്നാണ് കണ്ടറിയേണ്ടത്.

അസമില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ നിന്ന്

സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. അഞ്ചു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നിലനിര്‍ത്തുമ്പോള്‍ അധികാരത്തില്‍ തുടരാനാകുമെന്ന വിശ്വാസത്തിലാണ് ബിജെപി. 2016ൽ രണ്ടു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ തരുൺ ഗോഗോയ് സർക്കാരിനെ അട്ടിമറിച്ചാണ് ബിജെപി അധികാരത്തിലേറിയത്. അന്ന് 89 സീറ്റുകളിൽ ജനവിധി തേടിയ ബിജെപി 60 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണ, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പ്രകടനം ആവര്‍ത്തിക്കാമെന്ന് തന്നെയാണ് ഭരണകക്ഷിയുടെ പ്രത്യാശ. അന്ന് 14 സീറ്റില്‍ ഒമ്പതിടത്തും ബിജെപി-എജിപി-ബിപിഎഫ് സഖ്യമായിരുന്നു വിജയിച്ചത്. ലോക്‌സഭയിലെ വോട്ടിങ് പ്രകാരം 67 മണ്ഡലങ്ങളില്‍ ബിജെപിക്കായിരുന്നു മേല്‍ക്കൈ.

അസം ജനതയുടെ മൂല്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കുമെന്ന വാഗ്ദാനമാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടിയുടെ ദേശീയ നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയത്. അസം ജനതയുടെ യോജിപ്പ് താനും തന്‍റെ പാര്‍ട്ടിയും സംരക്ഷിക്കും. അതില്‍ നിന്ന് അണുവിട വ്യതിചലിക്കില്ലെന്നും രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ 122 സീറ്റുകളിൽ ജനവിധി തേടിയ കോൺഗ്രസ് 26 സീറ്റിൽ ഒതുങ്ങുകയാണുണ്ടായത്. സംസ്ഥാന പാർട്ടികളായ അസം ഗണ പരിഷത്ത് (എജിപി) 14 സീറ്റിലും എഐയുഡിഎഫ് 13 സീറ്റിലും ബിഒപിഎഫ് 12 സീറ്റിലും വിജയിച്ചപ്പോള്‍ ഒരു സീറ്റിൽ സ്വതന്ത്രനാണ് വിജയിച്ചത്.

അസം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2016

തേജസ്വി യാഥവിന്‍റെ ആർജെഡി ഇത്തവണ അസം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നു കഴി‍ഞ്ഞു. ബീഹാറിനു സമാനമായ രീതിയിൽ സഖ്യമുണ്ടാക്കിയാകും തെരഞ്ഞെടുപ്പിനെ നേരിടുക. സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യമുണ്ടാക്കാനാണ് പദ്ധതിയെന്ന് ആർ‌ജെ‌ഡി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും എഐയുഡിഎഫുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നുമായിരുന്നു തേജസ്വി യാദവ് പറഞ്ഞത്.

പുതുച്ചേരിയില്‍ പുതുഗാഥകള്‍ ആരെഴുതും?

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മെയ് 2ന് ജനവിധിയെന്തെന്ന് അറിയാം. സമീപകാലത്ത് നാടകീയമായ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പുതുച്ചേരിയെന്ന അര്‍ദ്ധ സംസ്ഥാനം ഇന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരായ വി നാരായണ സ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി നാല് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയതിനെത്തുടര്‍ന്നാണ് പുതുച്ചേരിയിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാകുന്നത്. നാരായണസ്വാമി മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിലേക്കുപോയ പുതുച്ചേരിയില്‍ വളരെ നിര്‍ണ്ണായകമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്.


പുതുച്ചേരി, കാരൈക്കല്‍, മാഹി, യാനം എന്നിങ്ങനെ നാല് ജില്ലകളിലായി 33 നിയമസഭ മണ്ഡലങ്ങളാണ് പുതുച്ചേരിയിലുള്ളത്. അതില്‍ അഞ്ച് സീറ്റുകള്‍ എസ്സി/എസ്ടി സംവരണവും മൂന്നെണ്ണം കേന്ദ്ര സര്‍ക്കാരിന് നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധിക്കുന്നതുമാണ്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത മൂന്ന് പേര്‍ മാത്രമാണ് ബിജെപി സാന്നിദ്ധ്യമായി പുതുച്ചേരിയിലുള്ളത്. എന്നാല്‍, കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റത്തോടെ ബിജെപി, തെരഞ്ഞെടുപ്പിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് പ്രസക്തം.

അതേസമയം, എന്‍ രംഗസ്വാമി നയിക്കുന്ന എൻആർ കോൺഗ്രസിന്‍റെ നേത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്‍റെ വേരുറച്ചിട്ടില്ല. കൂടാതെ കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ചു 3 ശതമാനത്തിൽ താഴെ വോട്ടു നേടിയ ബിജെപി, ഭരണം പിടിക്കാൻ നടത്തുന്ന ശ്രമം എൻആർ കോൺഗ്രസിനും അണ്ണാഡിഎംകെയ്ക്കും അത്ര രസിച്ചിട്ടുമില്ല. സീറ്റ് ചർച്ചയിൽ ബിജെപി വലിയ അവകാശവാദങ്ങൾ ഉന്നയിച്ചാൽ ഈ സഖ്യം പൊളിയും. അങ്ങനെയെങ്കിൽ കോൺഗ്രസ്, ഡിഎംകെ, ബിജെപി, എൻആർ കോൺഗ്രസ്- അണ്ണാഡിഎംകെ സഖ്യമെന്ന ചതുഷ്കോണ മത്സരത്തിനു പുതുച്ചേരിയില്‍ കളമൊരുങ്ങും.

വി നാരായണ സ്വാമി രാഹുല്‍ ഗാന്ധിക്കൊപ്പം

എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയെങ്കിലും പുതുച്ചേരിയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായി പോര്‍ക്കളത്തിലുള്ളത് കോണ്‍ഗ്രസ് തന്നെയാണ്. 2016ൽ, പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 30 നിയോജക മണ്ഡലങ്ങളിലേക്കാണു മത്സരം നടന്നത്. 21 സീറ്റുകളിൽ മത്സരിച്ച കോണ്‍ഗ്രസ്15 സീറ്റിൽ വിജയിച്ചപ്പോള്‍ 9 സീറ്റിൽ മത്സരിച്ച ഡിഎംകെ 2 സീറ്റിലും വിജയം നേടി. ഇതോടെ കോൺഗ്രസ്– ഡിഎംകെ സഖ്യം അധികാരത്തിലേറുകയും ചെയ്തു. 30 സീറ്റിൽ മത്സരിച്ച എഡിഎംകെ 4 സീറ്റുകളിലാണ് വിജയിച്ചത്. എഐഎൻആർസി 8 സീറ്റിലും സ്വതന്ത്രർ ഒരു സീറ്റിലും വിജയിച്ചു. ദേശീയ പാർട്ടികളായ ബിജെപി, സിപിഎം, സിപിഐ എന്നിവ പൂര്‍ണ്ണപരാജയം ഏറ്റുവാങ്ങിയപ്പോള്‍ 30 സീറ്റിൽ മത്സരിച്ച ബിജെപിക്ക് 29 ഇടത്തും 7 സീറ്റിൽ മത്സരിച്ച സിപിഐയ്ക്ക് ആറിടത്തും നാലു സീറ്റിൽ മത്സരിച്ച സിപിഎമ്മിന് നാലിടത്തും കെട്ടിവച്ച കാശും പോലും നഷ്ടപ്പെടുകയാണുണ്ടായത്.

നിലവില്‍ മൂന്ന് ഡിഎംകെ എംഎല്‍എമാരുടെയും ഒരു സ്വതന്ത്രന്‍റെയും ഉള്‍പ്പടെ 14 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. വി നാരായണ സ്വാമി തന്നെയായിരിക്കും ഇത്തവണയും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്നതു നാരായണ സ്വാമിയെ സംബന്ധിച്ച് അഭിമാനപ്രശ്നമാണുതാനും. എന്നാൽ, ഒറ്റയ്ക്കു മത്സരിച്ചു ശക്തി തെളിയിക്കാൻ ഡിഎംകെ നടത്തുന്ന നീക്കങ്ങൾ കോൺഗ്രസിനു തിരിച്ചടിയാകും.


അഞ്ച് സംസ്ഥാനങ്ങള്‍, 18.68 കോടി വോട്ടര്‍മാര്‍, 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍, പ്രതിസന്ധികള്‍ തീര്‍ത്ത് കോവിഡ് മഹാമാരി…അങ്ങനെ വന്‍ തെരഞ്ഞെടുപ്പ് മാമാങ്കത്തിനായി അങ്കത്തട്ടുണര്‍ന്നു കഴിഞ്ഞു. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും വേഗത്തിലാക്കി എത്രയും പെട്ടെന്ന് പൊതുജനമദ്ധ്യത്തിലിറങ്ങാനും പ്രചാരണം കൊഴുപ്പിക്കാനുമുള്ള തത്രപ്പാടിലാകും ഇനി മുന്നണികള്‍. വീറും വാശിയും വാക്കും വിശ്വാസവും വോട്ടാകുന്ന കാലമാണ് വരാനിരിക്കുന്നത്. പുത്തന്‍ രാഷ്ട്രീയ സമവാക്യങ്ങളെയും സഖ്യങ്ങളെയുമാണ് കാണാനിരിക്കുന്നത്.