“സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ കീഴിലെ നവീകരിച്ചതും പുതിയതുമായ എല്ലാ സൗകര്യങ്ങളും ആഗോളതലത്തില്‍ ഭാരതത്തിന്‍റെ യശസ്സുയര്‍ത്തിയ അത്ലറ്റുകളുടെ പേരില്‍ അറിയപ്പെടും,” 2021 ജനുവരി 17ാം തീയതി കേന്ദ്ര കായിക മന്ത്രാലയം പുറത്തുവിട്ട ഒരു പ്രസ്താവനയിലെ സുപ്രധാനമായ വരികളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. “നമ്മുടെ കായികതാരങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കേണ്ടത് പ്രധാനമാണ്, കാരണം അപ്പോൾ മാത്രമേ യുവതലമുറ കായികരംഗത്തെ ഒരു കരിയറായി ഏറ്റെടുക്കാൻ തയ്യാറാകൂ,” എന്നായിരുന്നു അന്ന് കായിക മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത്. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ, ഇതുവരെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേരില്‍ അറിയപ്പെട്ടിരുന്ന അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിന്‍റെ കാര്യത്തില്‍ ഈ പ്രസ്താവന തികച്ചും അസ്ഥാനത്തായി.
ഇന്ത്യയുടെ ക്രിക്കറ്റ് സംസ്കാരത്തില്‍ ശ്രേഷ്ഠമായ സ്ഥാനം വഹിക്കുന്ന അഭിമാന സ്റ്റേഡിയം ഇനി രാജ്യാന്തര ഖ്യാതി പിടിച്ചുപറ്റാന്‍ പോകുന്നത് ഇന്ത്യന്‍ ജെഴ്സിയില്‍ തിളങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പേരിലല്ല, കായിക രംഗത്തെ മികച്ച സംഭാവനകളുടെ പേരിലല്ല, പകരം സര്‍ദാര്‍ പട്ടേല്‍ എന്ന ഉരുക്കു മനുഷ്യന്‍റെ പേര് വെട്ടിമാറ്റി സ്വതന്ത്ര ഭാരതത്തിന്‍റെ പതിനാലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ്. ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തോളം ഗാലറി ശേഷിയോടെ, ഓസ്ട്രേലിയയിലെ മെൽബൺ സ്‌റ്റേഡിയത്തെ പോലും മറികടന്ന് ലോക ശ്രദ്ധ നേടിയ മൊട്ടേരയിലെ ഈ കൂറ്റൻ നിർമിതി മോദിയുടെ പേരിലറിയപ്പെടുന്നതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യമെന്താണ്? പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെ സര്‍ദാര്‍ പട്ടേൽ പഴയ സംഘപരിവാറുകാരനാണെന്ന ധ്വനിയുണ്ടാക്കാൻ ശ്രമിച്ച ബിജെപി ആ പേര് വെട്ടിമാറ്റിയതെന്തുകൊണ്ട്? മൊട്ടേര സ്റ്റേഡിയത്തിന്‍റെ മോദി ബ്രാന്‍റിങ് വിരല്‍ ചൂണ്ടുന്നത് എങ്ങോട്ട്?
പട്ടേലിനെ വാഴ്ത്തിയ സംഘവും വീഴ്ത്തിയ സംഘവും
1982ൽ പണികഴിപ്പിച്ചതാണ് മൊട്ടേരയില്‍ സബർമതി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന പഴയ സർദാർ പട്ടേൽ മൈതാനം. അന്നത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു. പിന്നീടാണ് സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്മരണാര്‍ത്ഥം സ്റ്റേഡിയത്തിന് ആ പേര് കൈവന്നത്. 2006ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഈ സ്റ്റേഡിയം പുനര്‍ നിർമ്മിച്ചിരുന്നു. 2017ലാണ് സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇടിച്ചു നിരത്തിയതും ഇന്നു കാണുന്ന നിലയിലേക്ക് പുതുക്കിപണിയാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും. മൊട്ടേര സ്റ്റേഡിയം വളരുന്നതിന് സമാന്തരമായി രാജ്യത്ത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രഭാവം പുനര്‍വ്യാഖ്യാനിക്കപ്പെടുന്നുമുണ്ടായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ എടുത്ത കര്‍ക്കശ സമീപനത്തിലൂടെ ഉരുക്കുമനുഷ്യന്‍ എന്ന വിശേഷണം നേടിയ നേതാവാണ് സര്‍ദാര്‍ പട്ടേല്‍. ആധുനികനായ, ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന, മതരഹിതനും നിരീശ്വരവാദിയുമായ പട്ടേല്‍ പക്ഷെ, നെഹ്റുവിനെ പോലെ സംഘപരിവാറിന്‍റെ ശത്രുവായിരുന്നില്ല. പൊതുവെ ഹിന്ദുത്വയോടും ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളോടും മൃദുസമീപനം സ്വീകരിച്ചിരുന്ന നേതാവായിരുന്നു ആദ്യ ഉപപ്രധാനമന്ത്രികൂടിയായിരുന്ന അദ്ദേഹം. അതുകൊണ്ട് തന്നെ ദേശീയ പ്രസ്ഥാനത്തില്‍ ഒന്നും അവകാശപ്പെടാനില്ലാത്ത സംഘപരിവാര്‍ പട്ടേലിന്‍റെ രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിഞ്ഞു. ചരിത്രത്തിന്‍റെ പുനരാഖ്യാനത്തിലൂടെ പട്ടേലിനെ ആധുനിക ഇന്ത്യയുടെ പിതാവായി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഇതിന്‍റെ ഭാഗമായിരുന്നു.
ഗുജറാത്തുകാരനായ, കോൺഗ്രസിന്‍റെ ഈ ഉന്നതനേതാവിന് വേണ്ടത്ര ഇടം കൊടുത്തില്ലെന്നും നെഹ്റു കുടുംബത്തിന്‍റെ അധിനിവേശമാണ് അതിനു കാരണമായതെന്നുമാണ് ഈ പ്രചാരണങ്ങളുടെയെല്ലാം മൂലതന്തു. പ്രാദേശിക ദേശീയത ഉണർത്തി ഗുജറാത്തികളെ തങ്ങൾക്കൊപ്പം നിർത്താനുള്ള ഒരു ഗൂഢ പദ്ധതിയും ഇതിലൂടെ സാധൂകരിച്ചു. നിലവിലുള്ള വ്യവസ്ഥയെയും അതിന്‍റെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അടയാളങ്ങളെയുമെല്ലാം തങ്ങളുടേതാണെന്ന് വരുത്തിതീര്‍ത്ത് അതിനാവശ്യമായ സിദ്ധാന്തങ്ങൾ ചമച്ച്, അവ ആവർത്തിച്ചുറപ്പിച്ചും ഉപയോഗിച്ചും ചരിത്രത്തില്‍ സ്ഥാനം നേടുകയെന്ന അധിനിവേശ രീതികൾ പ്രയോഗിക്കുന്നതിൽ മിടുക്കുള്ള സംഘപരിവാരങ്ങള്‍ ഈ ദൗത്യത്തില്‍ ഏറെക്കുറെ വിജയിച്ചു.
ഗുജറാത്തിലെ പട്ടീദാർ സമുദായത്തിന്‍റെ പിന്തുണ സംസ്ഥാനത്തെ ബിജെപിയുടെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായപ്പോഴാണ് പട്ടേൽ സമുദായക്കാരനായ ഒരു സമുന്നത നേതാവിനെ സ്വാംശീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്‍റെ ഫലമായിരുന്നു നർമദാ നദീതീരത്ത് 597 അടി ഉയരത്തില്‍ പണിത ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്ന പട്ടേൽ പ്രതിമ. സ്റ്റാച്യൂ ഓഫ് യൂണിറ്റി മൂവ്മെന്‍റ് എന്ന പേരിൽ ഒരു പ്രസ്ഥാനം തന്നെയുണ്ടാക്കി, ആറ് ലക്ഷം ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രചാരണം നടത്തി, പ്രതിമയുടെ നിർമാണം ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റുകയായിരുന്നു ബിജെപി.
ഒരു പുരുഷായുസ്സ് മുഴുവന്‍ കോണ്‍ഗ്രസുകാരനായി ജീവിച്ചയാളാണ് സര്‍ദാര്‍ പട്ടേല്‍. എവിടെയെങ്കിലും ആർഎസ്എസ്സിനോട് അദ്ദേഹം അടുപ്പം കാണിച്ചതിന് തെളിവുകളില്ല. അതേസമയം, ആർഎസ്എസ്സിന്‍റെയും ഹിന്ദു മഹാസഭയുടെയും വർഗീയ അജണ്ടകളെ നേരിട്ടെതിർത്ത ചരിത്രവും പട്ടേലിനുണ്ട്. കോൺഗ്രസ്സിലെ അക്കാലത്തെ മറ്റേതൊരു നേതാവിനെക്കാളും കടുത്തവയായിരുന്നു പട്ടേലിന്‍റെ പല ആർഎസ്എസ് വിമർശനങ്ങളും. മാത്രമല്ല, ആര്‍എസ്എസിനെ നിരോധിച്ച നേതാവ് കൂടിയായിരുന്നു നെഹ്‌റു മന്ത്രിസഭയിലെ ഈ ആഭ്യന്തര മന്ത്രി.
ഗാന്ധി വധത്തിന്‍റെ പേരിലാണ് പട്ടേല്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ആര്‍എസ്എസിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നത്. അക്കാലത്ത് വിലക്ക് നീക്കിക്കിട്ടാൻ സംഘടനയുടെ തലവൻ എംഎസ് ഗോൾവാൾക്കർ പട്ടേലിനോട് തുടർച്ചയായി അപേക്ഷിച്ചു. ഒടുവില്‍, അക്രമവും രഹസ്യപ്രവർത്തനങ്ങളും അവസാനിപ്പിക്കുകയും ഇന്ത്യയെയും ഇന്ത്യന്‍ ദേശീയപതാകയെയും ബഹുമാനിക്കുകയും ചെയ്യാമെന്ന് ആർഎസ്എസ്സിനെക്കൊണ്ട് വ്യവസ്ഥ ചെയ്യിപ്പിച്ചാണ് പട്ടേൽ നിരോധനം നീക്കിയത്.
എന്നിട്ടും എന്തുകൊണ്ടാണ് സർദാർ വല്ലഭായ് പട്ടേലിനെ തങ്ങളുടെയാളായി ചിത്രീകരിക്കാൻ ബിജെപിയും ആർഎസ്എസ്സും ശ്രമങ്ങള്‍ നടത്തിയതെന്ന കാര്യത്തില്‍ ആർക്കും അത്ഭുതം തോന്നാം. ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ തങ്ങളുടേതായി ചൂണ്ടിക്കാട്ടാന്‍ സംഘപരിവാറിന് ഒരു നേതാവില്ലാത്തതാണ് പട്ടേലിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ആര്‍എസ്എസ്സിനെയും ബിജെപിയെയും പ്രേരിപ്പിച്ചതെന്ന വിലയിരുത്തലുകള്‍ ഈ സാഹചര്യത്തിലാണ് ഉടലെടുക്കുന്നത്. പട്ടേലിന്‍റെ പേരില്‍ കാലാകാലങ്ങളായി അറിയപ്പെട്ട മൊട്ടേര സ്റ്റേഡിയത്തിന്‍റെ കാര്യത്തിലും സംഘ പരിവാരങ്ങള്‍ ഇതേ ചേതോവികാരം കാത്തു സൂക്ഷിച്ചു.
2021 ജനുവരി രണ്ടാം വാരം മുഷ്താഖ് അലി ടി 20 ടൂർണമെന്‍റിനുള്ള നോക്കൗട്ട് മത്സരങ്ങൾ മോട്ടേരയിലെ നവീകരിച്ച സ്റ്റേഡിയത്തിലായിരുന്നു നടന്നത്. അന്ന് സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ അറിയപ്പെട്ട സ്റ്റേഡിയം, ബുധനാഴ്ച ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പാണ് നരേന്ദ്രമോദിയുടെ പേരില്‍ അറിയപ്പെടുമെന്ന പ്രഖ്യാപനം ഉണ്ടാകുന്നത്. സര്‍ദാര്‍ പട്ടേലിനെ വെട്ടിമാറ്റി ആ സ്ഥാനത്ത് ചിര പ്രതിഷ്ഠ നേടാന്‍ നരേന്ദ്രമോദി ശ്രമിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനൊപ്പം മോദിയും ഈരേഴുലകിലും വ്യാപിക്കും.
മൊട്ടേരയിലെ മോദി പ്രഭാവം
നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളുടെയും രാഷ്ട്രീയ വിമര്‍ശകരുടെയും കടന്നാക്രമണങ്ങളും ബിജെപിയുടെ പ്രത്യാക്രമണങ്ങളുമായി കലുഷിതമായിരുന്നു സോഷ്യല്‍ മീഡിയ. ബിജെപി സര്‍ക്കാരിന്‍റെ പ്രവൃത്തി സര്‍ദാര്‍ പട്ടേലിനോടുള്ള അവഗണനയാണ്, പട്ടേലിനെ അപമാനിക്കുന്നതാണ്, ആര്‍എസ്എസിനെ നിരോധിച്ചതിന് പട്ടേലിനോട് മോദി പകരം തീര്‍ക്കുകയാണ്, ജീവിച്ചിരിക്കുന്നവരുടെ പേരില്‍ സ്മാരകങ്ങള്‍ ഉണ്ടാകുന്നത് നടാടെയാണ് തുടങ്ങി ഒന്നിനു പുറകെ ഒന്നായി വിമര്‍ശനങ്ങള്‍ വന്നപ്പോള്‍, പട്ടേലിനെ ഇതുവരെ അംഗീകരിക്കാത്ത ഗാന്ധി കുടുംബത്തിന്‍റേത് കപട ദുഖമാണെന്നും സ്റ്റേഡിയത്തിന്‍റെ പേരു മാത്രമെ മാറ്റിയുള്ളൂ, സ്റ്റേഡിയം കോംപ്ലക്സ് പട്ടേലിന്‍റെ പേരില്‍ തന്നെ തുടരുമെന്നുമുള്ള വാദങ്ങളുമായി കേന്ദ്രമന്ത്രിമാരടക്കം ബിജെപിക്കുവേണ്ടി പ്രതിരോധം തീർത്തു.
മൊട്ടേര സ്റ്റേഡിയം നരേന്ദ്രമോദിയുടെ പേരിലറിയപ്പെടുന്നതിനു പുറകിലെ രാഷ്ട്രീയ ലക്ഷ്യമെന്തെന്ന ചോദ്യത്തിന് പ്രത്യക്ഷത്തില്‍ ഒറ്റ ഉത്തരമേ ഉള്ളൂ. വ്യക്തമായ മാർക്കറ്റിംഗ്. മോദി പ്രഭാവം ലോകോത്തരമാക്കുക. ഒരു സ്റ്റേഡിയത്തിന്‍റെ പേരുമാറ്റുന്നതിലൂടെ ഇതെങ്ങനെ സാധിക്കുമെന്നതിന്‍റെ ഉത്തരം മൊട്ടേരയിലെ കൂറ്റന്‍ സ്റ്റേഡിയത്തിന്‍റെ പ്രത്യേകതകളും പ്രാധാന്യവും തന്നെയാണ്. പുതുക്കിപ്പണിത സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് എത്തുന്നതിനുമുൻപെ മൊട്ടേര ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ‘നമസ്തേ ട്രംപ്’ എന്ന വിഖ്യാത പരിപാടിയുടെ ഭാഗമായി യുഎസ് പ്രസിഡന്‍റായിരുന്ന ഡോണാൾഡ് ട്രംപിനെ, ഇന്ത്യ സന്ദർശനവേളയിൽ പ്രധാനമന്ത്രി സ്വാഗതം ചെയ്തത് മൊട്ടേരയിലായിരുന്നു.
പുതിയ പ്രതാപത്തിലെത്തും മുമ്പ് തന്നെ പഴയ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം കായിക ചരിത്രത്തിന്‍റെ ഭാഗമായിട്ടുമുണ്ട്. 12 ടെസ്റ്റുകള്‍ക്കും 23 ഏകദിനങ്ങള്‍ക്കും ഒരു ട്വന്‍റി 20 മത്സര പരമ്പരയ്ക്കും വേദിയായ പഴയ മൈതാനം നിരവധി ഇതിഹാസങ്ങളുടെ മാസ്മരിക പ്രകടനങ്ങൾക്കാണ് സാക്ഷിയായത്. ഇന്ത്യ ലോകകപ്പ് ഉയർത്തിയ 1983ൽ പകരംവീട്ടാനെത്തിയ വെസ്റ്റിൻഡീസിന്‍റെ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് നടന്നത് മൊട്ടേരയില്‍ വച്ചായിരുന്നു. ഇതായിരുന്നു സർദാർ പട്ടേൽ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരം. അന്ന് ക്ലൈവ് ലോയ്ഡിന്‍റെ വിൻഡീസ് പടയ്ക്കുമുന്നിൽ ഇന്ത്യ 138 റൺസിന്‍റെ തോൽവി സമ്മതിച്ചെങ്കിലും നായകൻ കപിൽദേവിന്‍റെ 9 വിക്കറ്റ് പ്രകടനം രണ്ടാം ഇന്നിങ്സിൽ പിറന്നു. കപിലിന്‍റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു അത്.
കപിൽദേവ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ എന്ന റെക്കോഡ് സ്വന്തമാക്കിയതും മൊട്ടേര സ്റ്റേഡിയത്തിലാണ്. 1993- 94ലെ ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിവസമാണ് കപിൽ ചരിത്രം കുറിച്ചത്. മറ്റൊരു ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ, ടെസ്റ്റിലെ 10,000 റൺസ് എന്ന കൊടുമുടി പിന്നിട്ടതും മൊട്ടേരയില്‍ നിന്നാണ്. രാജ്യാന്തര ക്രിക്കറ്റിലെ ഏതെങ്കിലും താരത്തിന്‍റെ ആദ്യ പതിനായിരമായിരുന്നു ഇത്. 1986- 87ലെ പാക് പര്യടനത്തിലെ നാലാം ടെസ്റ്റിലാണ് ചരിത്രം പിറന്നത്. പിന്നീട് പലരും ഗവാസ്കറിന്‍റെ പാത പിന്തുടര്‍ന്ന് ഈ റെക്കോഡ് തകര്‍ത്ത് മുന്നേറി.
ബാറ്റിങ് വിസ്മയം സാക്ഷാൽ സച്ചിൻ തെൻഡുൽക്കര്‍ തന്‍റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടുന്നതും മൊട്ടേര കണ്ടു. ഇന്ത്യ മൂന്നു തവണ ലോകകപ്പിന് വേദിയൊരുക്കിയപ്പോഴും മൊട്ടേര സർദാർ പട്ടേൽ സ്റ്റേഡിയം ആതിഥ്യമരുളി. 1987, 1996, 2011 ലോകകപ്പുകളിൽ ഇവിടെ മത്സരങ്ങൾ നടന്നു. 2011ലെ ഏകദിന ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ യുവരാജ് സിങ്ങിന്‍റെ കരുത്തിൽ ടീം ഇന്ത്യ ഓസ്ട്രേലിയയെ പുറത്താക്കിയതും ഇവിടെവച്ചാണ്.
1,00,024 സീറ്റുകളുള്ള ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ റെക്കോർഡാണ് മൊട്ടേര ഇപ്പോള്‍ പൊളിച്ചെഴുതിയത്. ലോകത്തിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ കൂട്ടത്തിൽ 1,32, 000 സീറ്റുകളോടെ മൊട്ടേര ഇനി ഒന്നാം സ്ഥാനത്താണ്. നവീകരണത്തിന് മുമ്പ് 49000 ആയിരുന്നു മൊട്ടേര സ്റ്റേഡിയത്തിന്‍റെ സീറ്റിംഗ് കപ്പാസിറ്റി. സബര്‍മതി നദിയുടെ തീരത്തോട് ചേര്‍ന്ന് 63 ഏക്കറിലായി പരന്നു കിടക്കുന്ന സ്റ്റേഡിയത്തിലേക്ക് നാല് പ്രധാന പ്രവേശന കവാടങ്ങളാണുള്ളത്. 25 പേര്‍ക്ക് വീതം ഇരിക്കാവുന്ന 76 കോര്‍പറേറ്റ് ബോക്സുകളും ഒളിംപിക്സ് നീന്തല്‍ക്കുളത്തിനോളം പോന്ന നീന്തല്‍ക്കുളവും സ്റ്റേഡിയത്തിലുണ്ട്. ജിംനേഷ്യത്തോടു കൂടിയ നാല് വലിയ ഡ്രസ്സിംഗ് റൂമുകളാണ് മൊട്ടേരയിലുള്ളത്. ഇത്തരത്തില്‍ നാല് ഡ്രസ്സിംഗ് റൂമുകളുള്ള ലോകത്തിലെ ഒരേയൊരു ക്രിക്കറ്റ് സ്റ്റേഡിയവും മൊട്ടേരയാണ്.
ഫ്ലഡ് ലൈറ്റുകള്‍ക്ക് പകരം മേല്‍ക്കൂരയില്‍ നിന്നുള്ള എല്‍ഇഡി ലൈറ്റുകളാണ് സ്റ്റേഡിയത്തില്‍ രാത്രിയില്‍ വെളിച്ചം പകരുക. നിഴലുകള്‍ പരമാവധി കുറക്കാനാവുമെന്നതും കൂടുതല്‍ വ്യക്തമായ കാഴ്ച ലഭിക്കുമെന്നതും ഇതിന്‍റെ നേട്ടമാണ്. സ്റ്റേഡിയത്തില്‍ 11 സെന്‍റര്‍ പിച്ചുകളുണ്ട്. ലോകത്ത് ഇത്രയധികം സെന്‍റര്‍ പിച്ചുകളുള്ള ഒരേയൊരു സ്റ്റേഡിയവും ഇതുമാത്രമാണ്. പരിശീലന പിച്ചുകളും സെന്‍റര്‍ പിച്ചുകളും ഒരേ മണ്ണുപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. സ്റ്റേഡിയത്തില്‍ ആറ് ഇൻഡോര്‍ പിച്ചുകളും ബൗളിംഗ് മെഷിനുകളുമുണ്ട്. കൂടാതെ, സ്റ്റേഡിയത്തിന് പുറത്ത് പരിശീലന പിച്ചുകളും ചെറിയ പവലിയനോടു കൂടിയ രണ്ട് പരിശീലന ഗ്രൗണ്ടുകളും വേറെയുണ്ട്.
കനത്ത മഴ പെയ്താലും എത്രയും വേഗം മത്സരം പുനരാരാംഭിക്കാന്‍ കഴിയുന്ന ആധുനിക ഡ്രെയ്നേജ് സംവിധാനമാണ് മൊട്ടേരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 3000 നാലുചക്ര വാഹനങ്ങളും 10000 ഇരുചക്രവാഹനങ്ങളും ഉൾക്കൊള്ളുന്ന വിപുലമായ പാർക്കിങ് സംവിധാനവും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം 700 കോടി രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിതത്. മുംബൈ ആസ്ഥാനമായുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനി ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോക്കിനായിരുന്നു (എല്‍&ടി ) മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ ചുമതല. സ്റ്റേഡിയത്തിന്‍റെ രൂപകൽപന തയ്യാറാക്കിയത് ഓസ്ട്രേലിയ കേന്ദ്രീകൃതമായി പ്രവൃത്തിക്കുന്ന ലോകപ്രശസ്ത ആര്‍ക്കിടെക്ട് സ്ഥാപനമായ പോപുലസാണ്.
അതേസമയം, മോദി സ്‌റ്റേഡിയത്തിന്‍റെ രണ്ട് പവലിയൻ എൻഡുകൾ നിലവിൽ അറിയപ്പെടുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് കോർപറേറ്റ് ഭീമന്മാരുടെ പേരിലാണ്. ഒന്ന് റിലയൻസിന്‍റെയും മറ്റൊന്ന് അദാനിയുടെയും. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരുന്നു. കാർഷിക നിയമങ്ങളുടെ ഗുണഭോക്താക്കൾ അദാനിയും റിലയൻസുമാണ് എന്ന ആക്ഷേപങ്ങൾ നിലനില്‍ക്കെ ഈ രണ്ടു കമ്പനികൾക്കും മോദി സ്‌റ്റേഡിയത്തിൽ പവലിയനുകൾ ഉണ്ടാകുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. എന്നാല്‍, ഈ കമ്പനികളാണ് പവലിയനുകള്‍ സ്‌പോണ്‍സര്‍ ചെയ്തതെന്നും കരാര്‍ പ്രകാരം, പവലിയനുകള്‍ക്ക് അവരുടെ പേരുകള്‍ നേടാനുള്ള അവകാശം ഉണ്ടെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെയും (ജിസിഎ) ബിസിസിഐയുടെയും വാണിജ്യപരമായ തീരുമാനമാണിതെന്നും പറഞ്ഞാണ് ബിജെപി വൃത്തങ്ങള്‍ വിമര്‍ശനങ്ങളെ ഖണ്ഡിക്കുന്നത്.
മൊട്ടേര സ്റ്റേഡിയത്തിന്‍റെ ആശയം വിഭാവനം ചെയ്തതും പുനര്‍നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതും അന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന നരേന്ദ്രമോദിയായിരുന്നു. ഗുജറാത്ത് ക്രിക്കറ്റിന് മോദി നല്‍കിയ സംഭാവനകള്‍ അനേകമാണ്. അവയെ ആദരിക്കുന്നതിനും അനുസ്മരിക്കുന്നതിനും വേണ്ടിയാണ് ജിസിഎ പുതിയ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്‍റെ പേരു നല്‍കിയതെന്നാണ് മൊട്ടേരയുടെ പേരുമാറ്റത്തെ ബിജെപി ന്യായീകരിക്കുന്നത്. എന്നാല്‍, ഇതിനോടകം തന്നെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സ്റ്റേഡിയം വിഖ്യാതമാകുമ്പോള്‍ അതിന്‍റെ ലാഞ്ചനകള്‍ മോദിയെന്ന രാഷ്ട്രീയ നേതാവിലും പ്രതിഫലിക്കും. മൊട്ടേരയിലൂടെ നരേന്ദ്രമോദിയെന്ന പേരും ചര്‍ച്ചയാകും. പ്രത്യേകിച്ച് യുവതലമുറയ്ക്കിടയില്‍. ഇത് ബിജെപിക്ക് വേരുപിടിക്കാന്‍ വളമായി ഭവിക്കുകയും ചെയ്യും.