ന്യൂഡല്‍ഹി: പതഞ്ജലി പുറത്തിറക്കിയ കോവിഡ് മരുന്ന് കൊറോണിലിന് കേന്ദ്ര ആരോഗ്യ സംഘടന അനുമതി നല്‍കിയെന്ന അവകാശവാദത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. പതഞ്ജലി ഉത്പ്പന്നമായ കൊറോണിന് ലോക ആരോഗ്യ സംഘടന അനുമതി നല്‍കിയെന്ന് ബാബാ രാം ദേവ് വെളിപ്പെടുത്തിയത് കേന്ദജ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ സാന്നിധ്യത്തിലാണ്. എന്നാല്‍ ഈ അവകാശ വാദത്തെ എതിര്‍ത്ത് ലോക ആരോഗ്യ സംഘടന രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഐ.എം.എ. വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ ആരോഗ്യമന്ത്രിയെന്ന നിലയില്‍, വ്യാജമായി കെട്ടിച്ചമച്ച അശാസ്ത്രീയമായ ഒരു ഉല്‍പ്പന്നം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കുന്നത് എത്രത്തോളം ന്യായമാണെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ.ജയപാല്‍ ചോദിച്ചു.
ഉല്‍പ്പന്നത്തെ അനീതിപരവും തെറ്റായതുമായ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നത് ധാര്‍മികമല്ലാത്ത കാര്യമാണ്. ചില കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് വിപണി നേട്ടമുണ്ടാക്കാമെന്ന വ്യാജേന ആയുര്‍വേദം മായം ചേര്‍ത്ത് മാനവികതയ്ക്ക് ഒരു ദുരന്തം സൃഷ്ടിക്കരുത്. മന്ത്രി രാജ്യത്തോട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കൊറോണില്‍ ടാബ്ലറ്റിന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ആയുഷ് മന്ത്രാലയം അനുമതി നല്‍കിയെന്ന് ബാബാ രാം ദേവ് അറിയിച്ചത്. എന്നാല്‍ ഇതുവരെ കോവിഡിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.