ന്യൂഡൽഹി: പൗരൻമാരല്ലാത്തവർക്ക് പ്രവേശന വിലക്ക് നീട്ടി കുവൈറ്റ്. വ്യോമഗതാഗത അഥോറിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായാണിത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെയാണു വിലക്കെന്ന് ട്വിറ്ററിൽ വ്യക്തമാക്കി .
കുവൈറ്റി പൗരൻമാർക്ക് രാജ്യത്തേക്കു വരാൻ വിലക്കില്ല. എന്നാൽ, ഒരാഴ്ച അവർ സർക്കാർ അംഗീകരിച്ച ഹോട്ടലിൽ സ്വന്തം ചെലവിൽ ക്വാറന്റൈനിൽ കഴിയണം. അതിനുശേഷം മറ്റൊരാഴ്ച വീട്ടിലും ക്വാറന്റൈൻ ഉണ്ട്.
കുവൈറ്റി പൗരൻമാരുടെ അടുത്ത ബന്ധുക്കൾ, വീട്ടുജോലിക്കാർ, നയതന്ത്ര പ്രതിനിധികൾ, മെഡിക്കൽ സ്റ്റാഫ് തുടങ്ങിയവർക്കും ഈ സൗകര്യം ഉപയോഗിക്കാം. ഇങ്ങനെയെത്തുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട് .
ഇന്നു മുതൽ രാജ്യത്തിനു പുറത്തുള്ളവർക്കും പ്രവേശനം അനുവദിക്കാനായിരുന്നു നേരത്തേ വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. ഈ മാസം ഏഴു മുതൽ രണ്ടാഴ്ചത്തേക്ക് ഏർപ്പെടുത്തിയ വിലക്കാണ് അവസാനിക്കാനിരുന്നത്. എന്നാൽ, സാഹചര്യം വിലയിരുത്തിയ ശേഷം വിലക്ക് നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
വിവാഹം, വിരുന്ന്, സംസ്കാരച്ചടങ്ങുകൾ തുടങ്ങിയവയ്ക്ക് വലിയ ജനക്കൂട്ടങ്ങൾ വിലക്കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം. ഇതു ലംഘിക്കുന്നവർക്ക് പിഴയോ മൂന്നു മാസം വരെ ജയിൽ ശിക്ഷയോ ലഭിക്കാം. വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, മാളുകൾ തുടങ്ങിയവ ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെ രാത്രി എട്ടു മണി വരെയേ പ്രവർത്തിക്കാവൂ എന്നും നേരത്തേ നിർദേശിച്ചിട്ടുണ്ട്.