ഓൺലൈൻ പലചരക്ക് വ്യാപാര സംരംഭമായ ബിഗ് ബാസ്കറ്റിനെ ഏറ്റെടുക്കാൻ തയ്യാറായി ടാറ്റ ഗ്രൂപ്പ്. 9,300 മുതൽ 9,500 കോടി വരെ രൂപ ചെലവിലാണ് ടാറ്റ സൺസിനു കീഴിലുള്ള കമ്പനി ബിഗ് ബാസ്കറ്റിലെ 68 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ധാരണയായെങ്കിലും ഇരു ഗ്രൂപ്പുകളും ഇതേക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇടപാടിന് അനുമതി തേടി ടാറ്റ ഗ്രൂപ്പ് സിസിഐയെ സമീപിച്ചിട്ടുണ്ട്. നാലോ അഞ്ചോ ആഴ്ചയ്ക്കുള്ളിൽ ഇടപാട് പൂർത്തിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
2011 ഡിസംബറിലാണ് മലയാളിയായ ഹരി മേനോന്റെ നേതൃത്വത്തിൽ ബിഗ് ബാസ്കറ്റിന് തുടക്കമായത്. നിലവിൽ 13,500 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഏറ്റെടുക്കൽ നടക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സംരംഭമായി ടാറ്റ ഗ്രൂപ്പ് മാറും. സ്റ്റാർ ക്വിക്ക്, ടാറ്റ ന്യൂട്രികോർണർ എന്നിവയിലൂടെ ഈ രംഗത്ത് ചെറിയ വിപണി വിഹിതം മാത്രമാണ് ടാറ്റക്ക്. നിലവിൽ 26 നഗരങ്ങളിൽ സാന്നിധ്യമുള്ള ബിഗ് ബാസ്കറ്റിനാണ് കൂടുതൽ വിപണി വിഹിതം ഉള്ളത്. ഇടപാടിനു ശേഷവും സിഇഒ ഹരിമേനോൻ കമ്പനിയുടെ ബോർഡിൽ തുടർന്നേക്കും.