ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ സുപ്രീംകോടതി ക്രിമിനൽ കോടതി അലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തു. കോടതി സ്വമേധയാ ആണ് കേസ് രജിസ്റ്റർ ചെയ്തത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെ ഒരു രൂപ പിഴ ശിക്ഷ വിധിച്ച സുപ്രീംകോടതി വിധി വിമർശിച്ചുള്ള ട്വീറ്റാണ് കേസിന് അടിസ്ഥാനം.
രാജ്ദീപിനെതിരെ കോടതി അലക്ഷ്യത്തിനുള്ള അനുമതി അറ്റോർണി ജനറൽ നിരസിച്ചിരുന്നു. രാജ്ദീപിനെതിരെ നേരിട്ടെത്തിയ ഹർജിയിലാണ് കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
കോടതി വിധിയെ അപമാനിച്ചെന്ന കേസില്‍ ഓഗസ്റ്റ് 14-നായിരുന്നു പ്രശാന്ത് ഭൂഷനെതിരെ കോടതി അലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. വിധിവന്നശേഷവും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നില്കുകയാണുണ്ടായത്. എന്നാല്‍ അദ്ദേഹത്തിന് കോടതി വിധിച്ച പിഴത്തുക ഒരു രൂപയായിരുന്നു. പിഴ ഒടുക്കാത്ത പക്ഷം മൂന്നു മാസം തടവ് ശിക്ഷക്ക് വിധേയനാകേണ്ടിവരുമെന്നും കോടതി അറിയിച്ചിരുന്നു.