“My negative is my hardwork” നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ സിനിമപ്രേമികള്‍ക്കിടയില്‍ തങ്ങി നിന്ന ഒരു വാചകമാണിത്. കഠിനാദ്ധ്വാനം എങ്ങനെ ഒരാളുടെ നെഗറ്റീവാകും എന്ന് ചിന്തിക്കുകയാണെങ്കില്‍ അതിലൊരു കിക്കുണ്ട്. ഇതേ കിക്കുമായാണ് ഓപ്പറേഷന്‍ ജാവ പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്നത്.
കേരള പൊലീസിലെ സൈബര്‍ സെല്ലിന്‍റെ ഉദ്വേഗജനകമായ കേസ് അന്വേഷണത്തിന്‍റെ കഥപറയുന്ന സിനിമ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയറ്ററിലെത്തുമ്പോള്‍ തന്‍റെ കന്നിചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. നീണ്ട കാലത്തെ ശ്രമഫലമായി സംഭവിച്ച സ്വപ്നചിത്രത്തിന്‍റെ വിശേഷങ്ങളുമായി തരുണ്‍ മൂര്‍ത്തി അന്വേഷണം.കോമിനൊപ്പം ചേരുന്നു…
ഓപ്പറേഷന്‍ ജാവയെ മാറ്റി നിര്‍ത്തിയാല്‍ ആരാണ് തരുണ്‍ മൂര്‍ത്തി?
ഒരു കലാകാരന്‍ എന്ന് അറിയപ്പെടാന്‍ കൊതിക്കുന്ന വ്യക്തിയാണ് ഞാന്‍. കലയ്ക്കു വേണ്ടി നിലകൊള്ളുന്ന, കലയെ സ്നേഹിക്കുന്ന ഒരാള്‍. അങ്ങനെ പറയാനാണ് എനിക്കിഷ്ടം. ഓപ്പറേഷന്‍ ജാവയെ മാറ്റി നിര്‍ത്തിയാല്‍ ഞാനൊരു എഞ്ചിനിയറിങ് ബിരുദധാരിയാണ്. നാലു വര്‍ഷത്തോളം ചേര്‍ത്തല ഐഎച്ച്ആര്‍ഡി എഞ്ചിനീയറിങ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. ഷോര്‍ട്ട് ഫിലിമുകളിലൂടെ മലയാള സിനിമയിലേക്ക് കയറിച്ചെല്ലാമെന്ന് കരുതി അതിന്‍റെ പുറകെ പോയെങ്കിലും അതൊന്നും നടന്നില്ല…അങ്ങനെ, 2017 ആയപ്പോള്‍ ജോലി രാജിവച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പരസ്യനിര്‍മ്മാണ കമ്പനി ആരംഭിച്ചു. കുറച്ച് പരസ്യചിത്രങ്ങള്‍ ചെയ്തു. ഒരുപാട് അകലെയായിരുന്ന സിനിമയിലേക്ക് അടുക്കാനും ഓടിയെത്താനും ഇന്ധനം ആവശ്യമായിരുന്നു. ആ രീതിയിലാണ് ഞാന്‍ പരസ്യ നിര്‍മ്മാണത്തെയൊക്കെ സമീപിച്ചത്. അങ്ങനെ പതിയെ പതിയെ മുന്നോട്ടുപോയി ഇപ്പോള്‍ ഓപ്പറേഷന്‍ ജാവയില്‍ എത്തിനില്‍ക്കുന്നു.
സിനിമ മോഹം എന്നു തൊട്ടാണ് മനസ്സില്‍ കയറിക്കൂടിയത്?
സ്കൂള്‍ കാലഘട്ടത്തില്‍ തന്നെയാണ് അത് സംഭവിച്ചത്. നാടകങ്ങളുടെയും കലോത്സവങ്ങളുടെയും ഭാഗമായപ്പോള്‍ സ്വാഭാവികമായും ഉണ്ടായ ഒരു മോഹമായിരുന്നു അഭിനയം എന്നത്. ഞാന്‍ ഉദയംപേരൂര്‍ എസ്എന്‍ഡിപി എച്ച്എസ്എസില്‍ ആയിരുന്നു പഠിച്ചത്. കലോത്സവ വേദികളില്‍ സ്ഥിരമായി സമ്മാനം നേടാറുള്ള ഒരു നാടക സംഘമുണ്ടായിരുന്നു സ്കൂളില്‍. കൂടാതെ, നിരവധി അമെച്വര്‍ നാടകങ്ങളുടെ ഭാഗമായിരുന്ന എന്‍റെ അച്ഛന്‍ തന്നെയായിരുന്നു സ്കൂളില്‍ ഞങ്ങളെ നാടകം പഠിപ്പിക്കുന്നതും മത്സരത്തിന് കൊണ്ടുപോകുന്നതുമൊക്കെ. എന്‍റെ വീട്ടില്‍ വച്ചാണ് പലപ്പോഴും റിഹേഴ്സലുകളൊക്കെ നടക്കുന്നത്. അങ്ങനെയൊക്കെയാണ് അഭിനയത്തോടും സിനിമയോടുമൊക്കെ കൂടുതല്‍ താല്‍പ്പര്യമുണ്ടായതും.
തരുണ്‍ മൂര്‍ത്തിയെന്ന കഥകളി കലാകാരനെക്കുറിച്ച്?
എന്‍റെ ആറാം വയസ്സുമുതല്‍ ഞാന്‍ കഥകളി പഠിച്ചിട്ടുണ്ട്. ഇപ്പോഴും ആ രംഗത്ത് സജീവമാണ്. പരിപാടികള്‍ ഉണ്ടാകുമ്പോള്‍ ചെയ്യാറുമുണ്ട്. ആ നിറങ്ങളും മേളവും വെളിച്ചവും ഒക്കെയാണ് കഥകളിയുമായി എന്നെ അടുപ്പിക്കുന്നത്. ഒരു തരത്തില്‍ ഇത്തരം ഘടകങ്ങള്‍ തന്നെയാണ് എന്നെ സിനിമയിലേക്കും അടുപ്പിച്ചത്. കഥകളിയിലെ രൂപങ്ങളിലും അതുണ്ടാക്കുന്ന അന്തരീക്ഷത്തിലും ആകൃഷ്ടനായാണ് കഥകളി പഠിക്കണമെന്ന് ആഗ്രഹിക്കുന്നതും പഠിക്കുന്നതും. അതേ ആഗ്രഹവും ആവേശവും തന്നെയാണ് സിനിമയുടെ കാര്യത്തിലും എനിക്കുള്ളത്. ശരിക്കും കലയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ഒരു ബന്ധമുണ്ടല്ലോ..അത് ഒരിക്കലും മുറിഞ്ഞുപോകാതെ ജീവിതത്തില്‍ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നൊരാളാണ് ഞാന്‍.
കലയെ ഇത്രമേല്‍ സ്നേഹിക്കുന്ന വ്യക്തി ഒരു എഞ്ചിനീയര്‍ ആകുന്നതെങ്ങനെയാണ്?
പ്ലസ്ടു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ബിടെകിനു പോകുന്നില്ലെന്ന കാര്യം വീട്ടില്‍ പറഞ്ഞതാണ്. പിന്നീടെങ്ങനെയോ ഞാന്‍ അവിടെ തന്നെ എത്തി. പ്ലസ്ടുവിന് കുറച്ച് മാര്‍ക്ക് കൂടുതല്‍ കിട്ടിയതിന്‍റെ അഹങ്കാരം എന്നു വേണമെങ്കില്‍ പറയാം (ഒരു നീണ്ട ചിരിക്ക് ശേഷം തരുണ്‍ തുടര്‍ന്നു). എന്‍റെ ആ തീരുമാനം തെറ്റായിരുന്നു എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം കോളേജ് കാലഘട്ടത്തില്‍ എനിക്ക് കിട്ടിയ അനുഭവങ്ങളും സുഹൃത്തുക്കളും പാഠങ്ങളും തന്നെയാണ് സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് സഹായകമാകുന്നത്. വായനയ്ക്കും കാണുന്ന കാഴ്ചകള്‍ക്കും അപ്പുറമാണല്ലോ അനുഭവം എന്നത്.
പിന്നെ, എല്ലാവര്‍ക്കും ജീവിതത്തില്‍ ആരാകണം, എന്ത് പ്രൊഫഷന്‍ തെരഞ്ഞെടുക്കണമെന്നതിന്‍റെ ഒരു പൂര്‍ണ്ണരൂപം കിട്ടുന്നത് 22-23 വയസ്സിനു ശേഷമായിരിക്കും. പത്താം ക്ലാസ് കഴിയുമ്പോഴും പ്ലസ്ടു കഴിയുമ്പോഴുമൊക്കെ പലപ്പോഴും വീട്ടുകാരുടെ താല്‍പ്പര്യപ്രകാരമാകും നമ്മള്‍ എഞ്ചിനിയറിങ്ങിനും മെഡിസിനുമൊക്കെ പോകുന്നത്. പിന്നെ തന്‍റെ മേഖല ഇതല്ല എന്ന് തിരിച്ചറിയുമ്പോഴാണ് മാറി ചിന്തിച്ചു തുടങ്ങുക. ആ തിരിച്ചറിവു തന്നെ സൗഹൃദങ്ങളിലൂടെയും പ്രണയത്തിലൂടെയുമൊക്കെയാണുണ്ടാകുന്നത്. 25 വയസ്സിനു ശേഷമാണ് ഒരു വ്യക്തി അവന്‍റെ ഇഷ്ടപ്രകാരം ജീവിച്ചു തുടങ്ങുന്നതെന്നാണ് എന്‍റെ വിശ്വാസം. അതുവരെ അവന്‍ കണ്ടും കേട്ടും തെറ്റ് തിരുത്തിയും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുമാണ് കഴിയുന്നത്.
എന്തൊക്കെ പ്രതിസന്ധികള്‍ക്ക് ശേഷമാണ് ഓപ്പറേഷന്‍ ജാവയിലെത്തുന്നത്?
സത്യത്തില്‍ ഒരു അഭിനേതാവാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. സ്ക്രീനില്‍ തിളങ്ങി കയ്യടി നേടണമെന്ന ചിന്തയില്‍ നിന്നാണ് ഷോര്‍ട്ട് ഫിലിമുകളിലൊക്കെ ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയത്. അങ്ങനെ 21ഓളം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലും മുഖം കാണിച്ചു. പക്ഷെ സിനിമയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് വളരെ പെട്ടെന്നാണ്. അത് ആക്ടിങ് സ്റ്റൈലിലായാലും മേക്കിങ്ങിലായാലുമൊക്കെ അങ്ങനെതന്നെ.
തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്‍റെ പ്രതികാരം, ലിജോ ചേട്ടന്‍റെ (ലിജോ ജോസ് പെല്ലിശ്ശേരി) അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് തുടങ്ങി വിവിധ സിനിമകള്‍ പുതിയ പുതിയ ട്രെന്‍ഡ് കൊണ്ടുവന്നവയാണ്. അപ്പോള്‍ ഞാനൊക്കെ പിന്തുടര്‍ന്ന ഒരു ആക്ടിങ് മെത്തേഡ് ഈ കാലത്ത് പറ്റില്ലെന്ന് മനസ്സിലായി. അപ്പോഴാണ് ഞാന്‍ സിനിമയോട് അകന്നു പോകുമോ എന്ന ഭയമുണ്ടായത്. അങ്ങനെ വീണ്ടും സിനിമയോട് അടുക്കാന്‍ സ്ക്രിപ്റ്റ് എഴുതാന്‍ തുടങ്ങി. വ്യത്യസ്തമായ കഥകള്‍ മെനയാന്‍ തുടങ്ങി. പണ്ട് അഭിനയിക്കാന്‍ ചെന്നിട്ട് ഇറക്കി വിട്ട സ്ഥലങ്ങളിലൊക്കെ കഥകളുമായി പോയിരുന്ന് ചര്‍ച്ച ചെയ്യാന്‍ പറ്റി.
എന്നാല്‍ മലയാള സിനിമയില്‍ സ്ക്രിപ്റ്റുകളുടെ സ്വഭാവവും മാറി മാറി വരികയായിരുന്നു. ഈ പരിതസ്ഥിതികളോട് ഇണങ്ങേണ്ട ഒരേയൊരാള്‍ സംവിധായകനാണ്. അങ്ങനെയാണ് സിനിമ സംവിധാനം ചെയ്യാമെന്ന രീതിയില്‍ ചിന്തിക്കുന്നത്. പിന്നീട് ആഡ് ഫിലിംസ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഒരു സംവിധായകനാകാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടാകുന്നത്.
ആദ്യ സിനിമയ്ക്ക് ഒരു അന്വേഷണാത്മക സ്വഭാവമുള്ളത് എന്തുകൊണ്ടാണ്?
എന്തെങ്കിലും പുതുമയുള്ളത് പ്രേക്ഷകരിലേക്കെത്തിച്ച് തെളിയിക്കണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അല്ലാത്തപക്ഷം നമുക്ക് ഇന്‍ഡസ്ട്രിയില്‍ നിലനില്‍പ്പുണ്ടാകില്ല. ഒന്നുകില്‍ വലിയ താരങ്ങളെ വച്ച് ഒരു പക്ക കൊമേഷ്യല്‍ പടം എടുക്കുക, അല്ലെങ്കില്‍ ഒരു വലിയ റിസ്ക് ഏറ്റെടുക്കുക. ഈ രണ്ട് സാധ്യതകളായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്നത്. നല്ല ഉള്ളടക്കമുള്ള നല്ലൊരു സിനിമ ഉണ്ടാക്കാമെന്ന സാധ്യതയാണ് ഇതില്‍ നിന്ന് ഞാന്‍ തെരഞ്ഞെടുത്തത്. അങ്ങനെയാണ് ഇത്തരമൊരു സ്ക്രിപ്റ്റ് ഉണ്ടായത്. അല്ലാതെ ഇന്‍വെസ്റ്റിഗേഷന്‍ എന്ന തരത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച് ചെയ്തതല്ല. കണ്ടതും കേട്ടതുമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടിയിണക്കിയപ്പോള്‍ അത് സംഭവിച്ചതാണ്. കൂടാതെ ഓപ്പറേഷന്‍ ജാവ ഒരു സൈക്കോ ത്രില്ലറാണെന്നോ, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നോ ഞാന്‍ അവകാശപ്പെടുന്നില്ല.
പൊലീസും പൊലീസ് സ്റ്റേഷനും പശ്ചാത്തലമായി നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എങ്ങനെയാണ് ഓപ്പറേഷന്‍ ജാവ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാകുന്നത്?
സൈബര്‍ സെല്ലിലെ കുറേ കാഴ്ചകളാണ് ഈ സിനിമ. എങ്ങനെയാണ് സൈബര്‍ സെല്ലിന്‍റെ പ്രവര്‍ത്തന രീതികള്‍, എങ്ങനെയാണ് അവിടെയുള്ള പൊലീസുകാര്‍, എന്താണ് സത്യത്തില്‍ അവിടെ നടക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് സിനിമ കാണിക്കുന്നത്. കണ്ട് പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകരില്‍ എന്തെങ്കിലും തിരിച്ചറിവുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഞാന്‍ അത്തരം കാര്യങ്ങളൊന്നും സിനിമയില്‍ അടിവരയിട്ടുവച്ചിട്ടില്ല.
എഞ്ചിനീയറിങ്ങ് മേഖലയില്‍ നിന്നുള്ള അനുഭവങ്ങള്‍ തിരക്കഥയെ സ്വാധീനിച്ചിട്ടുണ്ടോ?
ഞാന്‍ കടന്നുപോയ സംഭവങ്ങളും അടുത്തറിഞ്ഞകാര്യങ്ങളും തന്നെയാണ് ഓപ്പറേഷന്‍ ജാവയില്‍ ഉള്ളത്. സിനിമയില്‍ ബാലു വര്‍ഗീസും ലുക്ക്മാനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ബിടെക്കുകാരാണ്. ആ കഥാപാത്രങ്ങള്‍ എന്‍റെ കണ്ണാടിയാണ് എന്നു തന്നെ പറയാം. പിന്നെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട കഥയാണെങ്കിലും വളരെ സങ്കീര്‍ണ്ണമായ സാങ്കേതിക കാര്യങ്ങളൊന്നും സിനിമ ചര്‍ച്ച ചെയ്യുന്നില്ല. ഒരു സാധാരണക്കാരന് മനസ്സിലാക്കാന്‍ സാധിക്കുന്ന, റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കഥാസന്ദര്‍ഭങ്ങളാണ് കൂടുതലും.
സ്റ്റോറീസ് ഓഫ് അണ്‍സങ് ഹീറോസ് (Stories of Unsung Heroes) എന്നാണല്ലോ ടൈറ്റില്‍ വ്യക്തമാക്കുന്നത്, എന്തൊക്കെയായിരുന്നു തിരക്കഥ രചനയുടെ വിവിധ ഘട്ടങ്ങള്‍ ?
സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട സിനിമയാണിതെന്ന് തീരുമാനിച്ച സമയത്ത് തന്നെ വിവിധ ഓഫീസര്‍മാരെ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓരോ കേസുകളെക്കുറിച്ചും അവ കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചും മനസ്സിലാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പടത്തിന്‍റെ ഒരു സ്ട്രക്ചര്‍ തെളിഞ്ഞുവരുന്നത്. തുടര്‍ന്ന് കഥാപാത്രങ്ങളെ ഈ സ്ട്രക്ചറിലൂടെ കടത്തിവിടുകയെന്ന ദൗത്യം മാത്രമാണുണ്ടായത്. ഇതുകഴിഞ്ഞപ്പോള്‍ കാര്യങ്ങളൊക്കെ എളുപ്പമായിരുന്നു. ഒരുപാട് പൊലീസ് ഉദ്യോഗസ്ഥര്‍ തുടക്കം മുതല്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഡബ്ബിങ് സ്റ്റേജില്‍ വരെ അവര്‍ കൂടെ നിന്നു. വയര്‍ലെസ് മെസേജൊക്കെ കൊടുക്കുന്ന സമയത്ത് പൊലീസ് ഭാഷയും പദപ്രയോഗങ്ങളും അതേപടി പകര്‍ത്താന്‍ സാധിച്ചത് അതുകൊണ്ടാണ്.
ഓപ്പറേഷന്‍ ജാവ എന്ന സിനിമ യാഥാര്‍ത്ഥ്യമായതെങ്ങനെയായിരുന്നു?
ഓപ്പറേഷന്‍ ജാവയുടെ അടിസ്ഥാനപരമായ ആശയം ഉരുത്തിരിയുന്നത് സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുമായുണ്ടായിട്ടുള്ള ചില ചര്‍ച്ചകള്‍ക്കിടെയാണ്. അതു കഴിഞ്ഞ് അവര്‍ അവരുടെ വഴിക്കും ഞാന്‍ എന്‍റെ വഴിക്കും മുന്നോട്ട് പോയി. അല്ലാതെ സിനിമയില്‍ പറയത്തക്ക ബന്ധങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ഒരു ദിവസം സക്രിപ്റ്റുമായി വി സിനിമാസിന്‍റെ വാതുക്കല്‍ ചെന്ന് മുട്ടി. കഥപറഞ്ഞപ്പോള്‍ അവര്‍ക്ക് താല്‍പ്പര്യം തോന്നി. അങ്ങനെയാണ് വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മാണം ഏറ്റെടുക്കുന്നത്.
പക്ഷെ, അപ്പോഴും എനിക്കൊരു ടീമുണ്ടായിരുന്നില്ല. ക്യാമറമാന്‍ ഇല്ല, അസിസ്റ്റന്‍സ് ഇല്ല… സ്ക്രിപ്റ്റും സംവിധാനം ചെയ്യാമെന്ന ദൃഢനിശ്ചയവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഓരോരോ കാര്യങ്ങളായി കണ്ടെത്തുകയും എല്ലാവരെയും, അഭിനേതാക്കളെയടക്കം തീരുമാനിച്ച് ക്രൂവിന്‍റെ ഭാഗമാക്കുകയും ചെയ്തു. 86ഓളം അഭിനേതാക്കള്‍ സിനിമയിലുണ്ട്. അതില്‍ 25ഓളം പേര്‍ പ്രധാനപ്പെട്ട താരങ്ങളാണ്. ഇവരെയൊക്കെ ഞാന്‍ നേരില്‍ കണ്ട് കഥ പറഞ്ഞിട്ടുണ്ട്. അതായത്, ജാവയുടെ വിത്തിട്ടപ്പോള്‍ തൊട്ട് കായ പറിക്കും വരെ എല്ലാ ഘട്ടത്തിലും ഞാന്‍ നേരിട്ട് പ്രവര്‍ത്തിച്ചിരുന്നു.
സൂപ്പര്‍ താര പരിവേഷമുള്ള ആരും തന്നെ ഈ സിനിമയുടെ ഭാഗമല്ല. ഇങ്ങനെയൊരു കാസ്റ്റിങ് എന്തുകൊണ്ടാണ്?
സ്ക്രിപ്റ്റ് അത് ഡിമാന്‍റ് ചെയ്തതുകൊണ്ട് തന്നെയാണ്. സിനിമ കണ്ടു കഴിയുമ്പോള്‍ ആ റോള്‍ എന്തുകൊണ്ട് ലുക്ക്മാന് കൊടുത്തു എന്തുകൊണ്ട് ബാലുവിന് കൊടുത്തു എന്ന് ആരും ചോദിക്കില്ലെന്ന് തന്നെയാണ് എന്‍റെ വിശ്വാസം. ഇങ്ങനെയുള്ള അഭിനേതാക്കള്‍ ചെയ്താലേ ഈ സിനിമ നന്നാവൂ എന്ന് എനിക്കും തോന്നി, നിര്‍മ്മാതാക്കള്‍ക്കും തോന്നി, ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും തോന്നി. മറുത്തൊരഭിപ്രായം എവിടെ നിന്നും ഉണ്ടായിട്ടില്ല. ഓപ്പറേഷന്‍ ജാവയിലെ കഥാപാത്രങ്ങള്‍ സാറ്റലൈറ്റ് വാല്യു ഉള്ള താരങ്ങള്‍ ചെയ്തതിനേക്കാള്‍ വിശ്വനീയമാകുന്നത് ഈ നടന്മാര്‍ ചെയ്യുമ്പോഴാണ്. സിനിമ കൂടുതല്‍ പ്രവചനാതീതമാവുകയായിരുന്നു അതിലൂടെ. ഒരു സിനിമ, താരങ്ങളുള്ളതായാലും സൂപ്പര്‍ താരങ്ങളുള്ളതായാലും ആദ്യം നമ്മുടെ കയ്യിലുള്ള തിരക്കഥയില്‍ നൂറുശതമാനം ആത്മവിശ്വാസം വേണം. കണ്ടന്‍റ് ഈസ് ദ കിംഗ് (Content Is The King) എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.
അഭിനയം സ്വപ്നം കണ്ട തരുണ്‍ മൂര്‍ത്തി സ്വന്തം സിനിമയില്‍ എന്തുകൊണ്ട് അഭിനയിച്ചില്ല? അത്തരം ചില വാര്‍ത്തകള്‍ സിനിമയുടെ പ്രാരംഭഘട്ടത്തില്‍ പുറത്തുവന്നിരുന്നല്ലോ?
സംവിധാനം ചെയ്യുകയെന്നത് തന്നെ ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. നമ്മളെ വിശ്വസിച്ച് പണം ചെലവിടുന്ന ഒരു പ്രൊഡക്ഷന്‍ ഉണ്ട്. അപ്പോള്‍ മികച്ച രീതിയില്‍ ആ ദൗത്യം പൂര്‍ത്തിയാക്കണം. കഥ പറയുമ്പോള്‍ വിവരിച്ച സന്ദര്‍ഭങ്ങള്‍ ഫൈനല്‍ ഔട്ട് കാണുമ്പോള്‍ മോശമാവുകയാണെങ്കില്‍ അതൊരു സംവിധായകന്‍റെ പരാജയമാണ്. അതുകൊണ്ട് മള്‍ട്ടിടാസ്ക് ചെയ്യേണ്ടെന്ന് തീരുമാനിച്ചു. അല്ലെങ്കില്‍ ഞാനും മുഖം കാണിച്ചേനെ.
ഒരുപാട് കഥാപാത്രങ്ങളുള്ള ചിത്രമാണല്ലോ ഓപ്പറേഷന്‍ ജാവ, എന്തൊക്കെയായിരുന്നു ചിത്രീകരണ അനുഭവങ്ങള്‍?
അഭിനേതാക്കളും ടെക്നീഷ്യന്‍സും മറ്റ് ക്രൂ അംഗങ്ങളും ഒരു കുടുംബം പോലെയാണ് ഓപ്പറേഷന്‍ ജാവയില്‍ പ്രവര്‍ത്തിച്ചത്. പിന്നെ നേരത്തെ പറഞ്ഞപോലെ അണ്‍സങ് ഹീറോസിന്‍റെ കഥകളായതുകൊണ്ട് പലര്‍ക്കും സ്വയം തെളിയിക്കാനുള്ള അവസരമാണ് ഈ സിനിമ. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ഈ സിനിമയില്‍ അണിനിരക്കുന്നത്.
ആരെയും ഞാന്‍ എന്‍റെ വരയില്‍ നിര്‍ത്തണമെന്ന് കരുതിയിട്ടില്ല. ഔട്ട്പുട്ടാണ് എന്നെ സംബന്ധിച്ച് വലിയ പ്രാധാന്യമര്‍ഹിക്കുന്നത്. ഒരു സീന്‍ വിവരിച്ച് നല്‍കിയാല്‍ അത് ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ഫലിപ്പിക്കാനാവശ്യമായ എന്തൊക്കെ ഘടകങ്ങള്‍ കൊണ്ടുവരാം എന്ന് ചര്‍ച്ച ചെയ്ത്, നല്ലത് സ്വീകരിച്ചും അല്ലാത്തവ ഇനിയും മെച്ചപ്പെടുത്തിയും ഒക്കെയാണ് ഓരോ ആര്‍ട്ടിസ്റ്റുകളും അവരവരുടെ ഭാഗം ചെയ്തിട്ടുള്ളത്. അപ്പോഴാണ് കൂടുതല്‍ ആസ്വദിച്ച് ചിത്രീകരിക്കാന്‍ പറ്റുന്നത്. ഇതിന് കുറച്ച് സമയം അധികമെടുക്കുമായിരിക്കും. പക്ഷെ ഞാന്‍ നാളെ ഒരു സിനിമയെടുക്കുകയാണെങ്കിലും ഈ പാറ്റേണ്‍ തന്നെ അവലംബിക്കും. അതിലൊരു സംശയവുമില്ല.
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് കഴിവുതെളിയിച്ച കുറേ പ്രതിഭകളെ പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും പ്രതീക്ഷിക്കാം. അഭിനേതാക്കളായാലും ടെക്നീഷ്യന്‍സായാലും അത്യധികം ആത്മാര്‍ത്ഥതയോടെ ചെയ്ത പടമാണ് ഓപ്പറേഷന്‍ ജാവ. ഫായിസ് സിദ്ദിഖാണ് പടത്തിന്‍റെ ക്യാമറ ചെയ്തിരിക്കുന്നത്. ഫായിയുടെ റിലീസാകുന്ന ആദ്യ പടമാണ് ജാവ. ഇംപെര്‍ഫെക്ഷന്‍ ഈസ് ദ പെര്‍ഫെക്ഷന്‍ (Imperfection is the Perfection) എന്ന കാര്യം മനസ്സില്‍ വെക്കാനാണ് ഞാന്‍ ഫായിയോട് ആദ്യം തന്നെ പറഞ്ഞത്. അതിന് സന്നദ്ധനായി കൂടെ നിന്ന ക്യാമറാമാനാണ് അദ്ദേഹം. പടത്തില്‍ കൂടുതലും ഹാന്‍റ് ഹെല്‍ഡ് മൂവ്മെന്‍റുകളാണ് എടുത്തിരിക്കുന്നത്. ഇതൊക്കെ ഫായി അത്യധികം ആത്മാര്‍ത്ഥതയോടെ തന്നെ ചെയ്തു.
അതുപോലെ തന്നെയായിരുന്നു എഡിറ്റര്‍ നിഷാദ് യൂസഫ്. നമ്മുടെ വര്‍ക്കിങ് സ്റ്റൈല്‍ ഇതാണെന്ന് മനസ്സിലാക്കി കൂടെ നിന്നയാളാണ് നിഷാദ്. തിരക്കഥയുടെ താളം അതേപടി ഉള്‍ക്കൊണ്ട് ചര്‍ച്ചകള്‍ ചെയ്ത് ഓരോ മൊമെന്‍റ്സിലും കഴിവു തെളിയിക്കുകയായിരുന്നു നിഷാദ്. വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ശബ്ദമിശ്രണം. ഡോള്‍ബി അറ്റ്‌മോസ് 7.1ലാണ് സൗണ്ട് മിക്സിങ് ചെയ്തിരിക്കുന്നത്. സൈബര്‍ സെല്ലും അന്തരീക്ഷവും എന്നുവേണ്ട ചിത്രീകരണം നടന്ന തമിഴ്നാടും മറ്റ് സ്ഥലങ്ങളും ഫീല്‍ ചെയ്യിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
ജേക്‌സ് ബിജോയ് ആണ് സംഗീതം. ടീസറിനും ട്രെയിലറിനും കിട്ടിയ എല്ലാ കയ്യടികളും ജേക്സിനുള്ളതാണ്. ഇതു കൂടാതെ ചിത്രത്തില്‍ മഴുനീളെ ജേക്‌സിന്‍റെ അസാധ്യ കഴിവുകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പിന്നെ പിന്നണി ഗായകര്‍, കോസ്റ്റ്യൂം ചെയ്തിരിക്കുന്ന മഞ്ജുഷ രാധാകൃഷ്ണന്‍ തുടങ്ങി ഡയറക്ഷന്‍ ടീമിലുള്ള മിക്കവരും ഒരുപാട് അഭിനേതാക്കളും നവാഗതരാണ്.
കോവിഡ് മഹാമാരി എങ്ങനെയാണ് ഓപ്പറേഷന്‍ ജാവയെ ബാധിച്ചത്?
കോവിഡ് വന്നതാണ് റിലീസ് വൈകാനുള്ള കാരണം. പക്ഷെ, യഥാര്‍ത്ഥത്തില്‍ നമുക്ക് കുറച്ചധികം സമയം ലഭിക്കുകയാണ് ചെയ്തത്. വര്‍ക്ക് കൂടുതല്‍ മെച്ചപ്പെടുത്താനും തെറ്റുകള്‍ കണ്ടെത്തി പരിഹാരം കാണാനുമുള്ള സാവകാശമുണ്ടായി. ഇതുകൂടാതെ, കോവിഡും ലോക്ക് ഡൗണും ആളുകളെ ഫോണിലേക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്കും കൂടുതല്‍ അടുപ്പിച്ചു. ഇതോടെ സൈബര്‍ ക്രൈമുകള്‍ കൂടിവരികയും അവ ചര്‍ച്ചയാവുകയും ചെയ്തു. അപ്പോള്‍ ഞങ്ങള്‍ പറയുന്ന കഥയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാവുകയാണ് ചെയ്തത്. ചിത്രീകരണമൊക്കെ നേരത്തെ തീര്‍ന്നതുകൊണ്ട് മറ്റ് ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വേളയില്‍ ചില യാത്രാ നിയന്ത്രണങ്ങളും പ്രോട്ടോകോളുകളും ബുദ്ധിമുട്ടായി എന്ന് മാത്രം.
തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന നിര്‍ബന്ധം ഓപ്പറേഷന്‍ ജാവയ്ക്കുണ്ടായിരുന്നോ? തിയറ്ററുകള്‍ തുറക്കാന്‍ വൈകിയപ്പോള്‍ മാറിചിന്തിച്ചിരുന്നോ ?
സ്മാര്‍ട്ട്ഫോണില്‍ കാണാനുള്ളത് എന്ന രീതിയിലായിരുന്നില്ല തിരക്കഥ എഴുതുന്നത്. ചില ഷോട്ടുകളും സൗണ്ടുമൊക്കെ തിയറ്റര്‍ അനുഭവം മുന്നില്‍ കണ്ട് കൊണ്ടുതന്നെ ചെയ്തതാണ്. മികച്ച ശബ്ദമിശ്രണവും മ്യൂസികും ഉള്ള സിനിമ ഒടിടി റിലീസ് ചെയ്യുമ്പോള്‍ ഒരു ചേര്‍ച്ചയില്ലായ്മയുണ്ടല്ലോ. അതുകൊണ്ടു തന്നെയാണ് കാത്തിരുന്നതും മറ്റൊരു സാധ്യതയ്ക്ക് പിന്നാലെ പോകാതിരുന്നതും. അല്ലെങ്കില്‍ പിന്നെ ആദ്യ ഘട്ടം മുതല്‍ ഒടിടി റിലീസിനുള്ളതാണെന്ന രീതിയില്‍ സിനിമയെ സമീപിക്കണമായിരുന്നു. പിന്നെ, തിയറ്ററുകള്‍ വൈകാതെ തുറക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. മനുഷ്യന് ഏത് സാഹചര്യവും അതിജീവിച്ച ചരിത്രമാണല്ലോ ഉള്ളത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയുമുണ്ടായിരുന്നു. ഇനി സിനിമ നല്ലതാണെങ്കില്‍ കോവിഡ് ആയാലും വെള്ളപ്പൊക്കമായാലും ആളുകള്‍ കാണും. അതുകൊണ്ട് അക്കാര്യത്തില്‍ ആശങ്കകളൊന്നും ഉണ്ടായിട്ടില്ല.
പരമ്പരാഗത തിയറ്റർ റിലീസുകളില്‍ നിന്ന് മാറി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമാകുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തില്‍ എന്താണ് അഭിപ്രായം?
ഏത് മാധ്യമത്തിലൂടെയാണ് പടം റിലീസാകേണ്ടത് എന്ന് മുന്‍കൂട്ടി കണ്ട് കാര്യങ്ങള്‍ തീരുമാനിച്ചാല്‍ ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയേ ആവശ്യമില്ല. തിയറ്ററിലേക്ക് ഷൂട്ട് ചെയ്തിട്ട് ഒടിടി റിലീസ് എന്ന സാഹചര്യം വരുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഏത് പാരമീറ്ററിലാണ് അത് ചെയ്യേണ്ടതെന്ന ബോധ്യമുണ്ടാകണം. മാനസികമായും ശാരീരികമായും വളരെ കഷ്ടപ്പെട്ട് തിയറ്റര്‍ അനുഭവം മുന്നില്‍ കണ്ട് ചെയ്ത പടം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കി കച്ചവടമാക്കാന്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.
ജോലി പാതിവഴിയില്‍ ഉപേക്ഷിച്ച് സ്വപ്നത്തിനു പുറകെ പോകുമ്പോള്‍ ഏറ്റവും പ്രാധാന്യം കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണല്ലോ? എങ്ങനെയായിരുന്നു അവരുടെ പ്രതികരണം?
അച്ഛനും അമ്മയും ഭാര്യയും മകനുമടങ്ങുന്നതാണ് എന്‍റെ കുടുംബം. എന്നെപ്പോലുള്ള സിനിമപ്രാന്തന്മാര്‍ക്ക് മുഖ്യമായും വേണ്ടത് കുടുംബത്തിന്‍റെ പിന്തുണയാണ്. ആരെങ്കിലും എന്‍റെ തീരുമാനത്തെ വിമര്‍ശിക്കുമ്പോള്‍ മറുപടി പറയാനും ഞാന്‍ ലക്ഷ്യത്തിലെത്തുമെന്ന് അവരെ ബോധ്യപ്പെടുത്താനും ഒരു ഭാര്യയുള്ളതാണെന്‍റെ ധൈര്യം. തളര്‍ന്നു പോകുമ്പോള്‍ “കുഴപ്പമില്ലെടാ നീ അടുത്ത പരിപാടി പിടിക്ക്” എന്ന് പറയുന്ന ഒരു അച്ഛനുള്ളതാണ് എന്‍റെ ധൈര്യം. ഇതിലൊക്കെയുപരി വിളക്കിനുമുന്നില്‍ ചെന്ന് നിന്ന് “അപ്പേടെ സിനിമ നടക്കണേ” എന്ന് പ്രാര്‍ത്ഥിക്കുന്ന മൂന്നു വയസ്സുകാരന്‍ മകനുള്ളതാണ് എന്‍റെ ധൈര്യം.
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയെ ഒരു അഭിനേതാവായി കാണാന്‍ സാധിക്കുമോ? അടുത്ത പ്രൊജക്ടുകള്‍ എന്തൊക്കെയാണ്?
ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ എന്തു തന്നെയായാലും ഓപ്പറേഷന്‍ ജാവ എന്ന സിനിമ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയുണ്ടെന്നത് ട്രെയിലറിനു ശേഷം ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ പറ്റിയാല്‍ മാത്രമെ നാളെ ഒരു സിനിമയെക്കുറിച്ച്, വാക്കുകൊണ്ട് പോലും എനിക്ക് പറയാന്‍ സാധിക്കൂ. എന്‍റെ ജീവിതത്തിലൊരു വഴിത്തിരിവാണ് ഈ സിനിമയും ഇത് റിലീസാകുന്ന ഫെബ്രുവരി പന്ത്രണ്ടും.
ഒരു നവാഗത സംവിധായകനെന്ന നിലയില്‍ പ്രേക്ഷകരോട് എന്താണ് പറയാനാഗ്രഹിക്കുന്നത്?
വ്യത്യസ്ത ആശയങ്ങളുമായി കടന്നുവന്ന ഏതൊരു കലാകാരനെയും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച ചരിത്രമേ മലയാളി പ്രേക്ഷകര്‍ക്കുള്ളൂ. പക്ഷെ ഇപ്പോള്‍ സാഹചര്യം പഴയപോലെയല്ല. വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ സമയത്താണ് എന്‍റെ ആദ്യ പടം ഇറങ്ങുന്നതും. ഓപ്പറേഷന്‍ ജാവ എല്ലാവരും തിയറ്ററില്‍ പോയി കാണുക. നല്ല സിനിമയാണെങ്കില്‍ നാലുപേരോട് കൂടി കാണാന്‍ പറയുക. പ്രോത്സാഹിപ്പിക്കുക.