ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പോരാട്ടങ്ങളിലും സ്വാതന്ത്ര്യ സമരങ്ങളിലും ജ്വലിക്കുന്ന പ്രതീകമാണ് ഓങ് സാൻ സൂ ചി. ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്‍റെ പേരിൽ വിവിധ കാലയളവുകളിലായി വർഷങ്ങളോളം വീട്ടുതടങ്കലിൽ കഴിഞ്ഞ സൂ ചി ഒരു പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്കു ശേഷം വീണ്ടും സൈന്യത്തിന്‍റെ തടവിലായിരിക്കുന്നു. മ്യാന്‍മറില്‍ അരനൂറ്റാണ്ടുകാലത്തെ പട്ടാളഭരണത്തിനൊടുവില്‍ പുലര്‍ന്ന ജനാധിപത്യ ഭരണക്രമത്തിനാണ് ഇതോടെ വിലങ്ങു വീണിരിക്കുന്നത്.
വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ സൈനിക ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതിന് അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമര്‍ശനം നേരിട്ട സായുധ സേന മേധാവി മിൻ ഓങ് ലെയ്ങാണ് ഇനി മ്യാന്‍മറിനെ നയിക്കാൻ പോകുന്നത്. റോഹിന്‍ഗ്യന്‍ മുസ്‌ലിംകൾക്കെതിരെ 2017 ൽ സൈന്യം നടത്തിയ അതിക്രമങ്ങളുടെ പേരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘന കുറ്റങ്ങളാണ് മിൻ ഓങ് ലെയ്ങിനെതിരെ ആരോപിക്കപ്പെട്ടത്.
വിവേചനബുദ്ധിയില്ലാത്ത കൊലപാതകങ്ങള്‍, ചുട്ടെരിക്കപ്പെട്ട ഗ്രാമങ്ങള്‍, കൂട്ടബലാത്സംഗത്തിനിരകളായ സ്ത്രീകള്‍, ബാല്യം കടന്നുപോകാത്ത കുഞ്ഞുങ്ങള്‍… ഇതാണ് പട്ടാള ഭരണത്തിനു കീഴിലെ മ്യാന്‍മറിന്‍റെ ചിത്രം. 1962 മുതല്‍ പട്ടാളത്തിന്‍റെ ഉരുക്കു മുഷ്ടിക്കു കീഴില്‍ ഞെരിഞ്ഞമര്‍ന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ ജനാധിപത്യത്തിന്‍റെ വെള്ളിവെളിച്ചം കണ്ടു തുടങ്ങിയിട്ട് കഷ്ടിച്ച് പത്തുവര്‍ഷം മാത്രമേ ആയുള്ളൂ. പട്ടാളത്തിന്‍റെ കിരാത ഭരണം തിരിച്ചു വരുമ്പോള്‍ പൂര്‍വ്വ സ്ഥിതിയിലേക്കുള്ള യാത്ര, അവകാശ ലംഘനങ്ങളുടെ മുറികൂടാത്ത വ്യഥകളുണ്ടാക്കുമെന്നത് തന്നെയാണ് ലോകത്തിന്‍റെ ആശങ്ക.
സ്വാതന്ത്ര്യം അന്യമായ സ്വാതന്ത്ര്യാനന്തര ബര്‍മ
ജീവനു സുരക്ഷയോ ജീവിതത്തില്‍ സമാധാനമോ സാധ്യമല്ലാത്ത ഒരു നാടായിരുന്നു പട്ടാള ഭരണത്തിന് കീഴിലെ മ്യാന്‍മര്‍. ഓങ് സാന്‍ സൂ ചിയുടെ പിതാവ് ഓങ് സാനും കൂട്ടരും അധിനിവേശ ശക്തികളോട് പൊരുതി 1948ല്‍ നേടിയെടുത്ത സ്വാതന്ത്ര്യം പൗരന്മാര്‍ക്ക് കാലങ്ങളോളം അന്യമായ രാജ്യം. 1820കള്‍ മുതല്‍ ബ്രിട്ടീഷുകാരുടെ കോളനിയായിരുന്നു ബര്‍മ ( മ്യാൻമർ എന്ന ഔദ്യോഗിക പേരിലേക്കു ബര്‍മ മാറുന്നത് 1989ലാണ്). പിന്നീട്, ബര്‍മ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയുടെ സഹായത്തോടെ ജപ്പാന്‍ ബ്രിട്ടനില്‍നിന്നും ഈ രാജ്യം പിടിച്ചെടുത്തു. ബ്രിട്ടന്‍റെ നേതൃത്വത്തില്‍ ബര്‍മ്മയ്ക്ക് ജാപ്പനീസ് അധിനിവേശത്തില്‍ നിന്ന് മോചനം ലഭിച്ചതിനു പിന്നാലെ 1948 ജനുവരി നാലിനാണ് ബര്‍മ സ്വതന്ത്രമായത്.
ഓങ് സാനും അദ്ദേഹത്തോടൊപ്പം താത്കാലിക സര്‍ക്കാരില്‍ അംഗങ്ങളായിരുന്ന ആറുപേരും വിമത സേനയുടെ ആക്രമണത്തില്‍ വധിക്കപ്പെട്ടതിനാല്‍ ആന്‍റി ഫാസിസ്റ്റ് പീപ്പിൾസ് ഫ്രീഡം ലീഗിലെ (AFPFL) ‘യൂ നൂ’ സ്വതന്ത്ര ബര്‍മയുടെ പ്രസിഡന്‍റായി. 1958 ലാണ് രാജ്യത്തിന്‍റെ ഭരണകാര്യത്തിലേക്ക് സൈന്യം ആദ്യമായി ഇടപെടുന്നത്. ഭരണകക്ഷി പിളര്‍ന്നതിനെത്തുടര്‍ന്ന് സൈനികത്തലവനായ ജനറല്‍ ‘നെ വിന്‍’ ഇടക്കാല സര്‍ക്കാരിന്റെ തലവനായി സ്ഥാനമേറ്റതായിരുന്നു ഇതിന്‍റെ ആദ്യ പടി.
‘ജുന്‍റ’ എന്ന പേരിലാണ് മ്യാൻമറിലെ സൈനിക ഭരണകൂടം അറിയപ്പെട്ടത്. 1960ല്‍ ഈ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ എഎഫ്പിഎഫ്എല്ലിന്‍റെ ഊ നൂ വിഭാഗം ജയിച്ചു. എന്നാല്‍ ഈ സിവിലിയന്‍ സര്‍ക്കാരിന് രാജ്യത്തെ സ്ഥിതിഗതികളില്‍ സാരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. കൂടാതെ രാഷ്ട്രീയ പോര്, ഭരണനയങ്ങളിലെ അസന്തുലിതാവസ്ഥ, രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍, തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ എന്നിവ ചൂണ്ടിക്കാട്ടി സൈന്യം രംഗത്ത് വരികയും ചെയ്തു.
പിന്നീട് സൈനിക വിപ്ലവത്തിന് പിന്നാലെ ജനാധിപത്യത്തിലധിഷ്ഠിതമായ പാര്‍ലമെന്‍ററി സംവിധാനം അട്ടിമറിച്ച് 1962ല്‍ ജനറല്‍ നെ വിന്‍ പരമാധികാരത്തിലെത്തി. ഇതോടെ ബുദ്ധഭിക്ഷുക്കളുടെയും പഗോഡകളുടെയും നാടായ ബര്‍മ നീണ്ട അന്ധകാരത്തിലായി. രാജ്യം ഏകകക്ഷി ഭരണത്തിലേക്ക് പോയി. ഫെഡറല്‍ സമ്പ്രദായം എടുത്തു കളഞ്ഞു. സമ്പദ് വ്യവസ്ഥ ദേശസാത്കരിച്ചു. പത്രങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തി. എതിരാളികള്‍ അടിച്ചമര്‍ത്തപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചു, വിദേശികളെ പുറത്താക്കി. 1988 വരെ ബർമ സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടി (ബിഎസ്പിപി) എന്നറിയപ്പെടുന്ന സൈനിക നേതൃത്വത്തിലുള്ള പാർട്ടിയുടെ കീഴിൽ, ബര്‍മ ഒറ്റ കക്ഷി സോഷ്യലിസ്റ്റ് രാജ്യമായി നിലകൊണ്ടു.
1962 മുതല്‍ 1974 വരെ നേരിട്ടുള്ള സൈനിക ഭരണത്തിനു കീഴിലായിരുന്നു ബര്‍മ. 1974ല്‍ രാജ്യത്ത് പുതിയ ഭരണഘടന കൊണ്ടു വന്നതോടെ നെ വിനും മുന്‍കാല സൈനികരും ഉള്‍പ്പെട്ട ഒരു സമിതിക്ക് ഭരണം കൈമാറപ്പെട്ടു. 1975ഓടുകൂടി പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്ന് രൂപവത്കരിച്ച നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് സര്‍ക്കാറിനെതിരെ ഗറില്ലാ യുദ്ധത്തിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് 1981ല്‍ പ്രസിഡന്‍റ് പദത്തില്‍നിന്നൊഴിഞ്ഞ നെ വിന്‍ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് റൂളിങ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഒതുങ്ങി. പകരം സൈന്യത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ജനറല്‍ സാന്‍ യൂ സൈനിക ഭരണത്തിന്‍റെ ചുമതലയേറ്റു. എന്നാല്‍ ജനജീവിതം ദിനംപ്രതി വഷളായതോടെ മ്യാന്‍മര്‍ ജനത തങ്ങളിലെ അമര്‍ഷം തീര്‍ക്കാന്‍ തെരുവുകളില്‍ സംഘടിച്ചു. പിന്നീട് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളുടെ നാളുകളായിരുന്നു ബര്‍മയില്‍.
ജനകീയ മുന്നേറ്റവും ‘ദ ലേഡിയും’
രാജ്യത്തെ ഖജനാവ് കട്ടുമുടിച്ച, നിലവിലെ സൈനിക ഭരണത്തില്‍ ഗതികെട്ടപ്പോള്‍ ജനം ചില അട്ടിമറി ശ്രമങ്ങളിലേക്ക് കടന്നു. വിദ്യാര്‍ത്ഥി സംഘടനകളും ജനകീയ മുന്നേറ്റങ്ങളില്‍ സജീവമായിരുന്നു. 1988 ഓടു കൂടിയായിരുന്നു വിദ്യാര്‍ത്ഥി രോഷം സൈനിക സര്‍വ്വാധിപത്യത്തിനെതിരെ തെരുവുകളില്‍ പരസ്യമായി അലയടിച്ചത്. യാങ്കോണില്‍ അന്ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മ്യാന്‍മറിന്‍റെ ജനാധിപത്യ ഭാവി തന്നെ നിര്‍ണ്ണയിച്ച വന്‍ പ്രക്ഷോഭം നടന്നു.
പക്ഷെ, വിദ്യാര്‍ത്ഥി സംഘടനകളുടെ മുന്നേറ്റത്തെ സൈന്യം അടിച്ചമര്‍ത്തി. സര്‍വ്വകലാശാലകള്‍ അടച്ചുപൂട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പട്ടാളം വെടിവെപ്പ് നടത്തി. നൂറോളം വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു. ആയിരക്കണക്കിന് പേര്‍ പരിക്കുപറ്റി ആശുപത്രിയിലായി. പട്ടാളഭരണത്തില്‍ പിടഞ്ഞ്, സാമ്പത്തികമായി തകർന്നടിഞ്ഞ മ്യാന്‍മറിലെ ജനാധിപത്യപ്പോരാട്ടത്തിന്‍റെ ഈ തീച്ചൂളയിലേക്കാണ് ബർമാഗാന്ധി ഓങ് സാനിന്‍റെ പുത്രി ഓങ് സാന്‍ സൂ ചി രംഗപ്രവേശം ചെയ്യുന്നത്.
ആധുനിക മ്യാൻമറിന്‍റെ ജനാധിപത്യപ്പോരാട്ട ചരിത്രത്തോട് വളരെ അടുത്ത് കിടക്കുന്നതാണ് ഓങ് സാൻ സൂ ചിയുടെ ജീവചരിത്രം. 1945 ജൂൺ 19ന് ജനറൽ ഓങ് സാനിന്‍റെയും മാ കിൻ ചിയുടെയും മകളായി ജനിച്ച സൂ ചി, പിതാവിന്‍റെ മരണ ശേഷം ഇന്ത്യയിലെ ബർമീസ് സ്ഥാനപതിയായി നിയോഗിക്കപ്പെട്ട അമ്മയുടെ കൂടെ ബര്‍മ വിട്ടതാണ്. ഡൽഹി ലേഡി ശ്രീ റാം കോളേജിൽ നിന്ന് 1964ല്‍ ബിരുദമെടുത്ത സൂ ചി ഉപരിപഠനത്തിനായി ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിലേക്ക് പോവുകയും അവിടെ നിന്ന് പരിചയപ്പെട്ട മൈക്കൽ ആരിസിനെ വിവാഹം ചെയ്തതോടെ ബ്രിട്ടനിൽ താമസമാക്കുകയുമായിരുന്നു.
രോഗബാധിതയായ അമ്മയെ കാണാനാണ് അവര്‍ 1988ൽ മ്യാന്‍മറിലേക്ക് തിരിച്ചെത്തുന്നത്. സൈനിക ഭരണത്തിനു കീഴില്‍ അവകാശങ്ങള്‍ ലംഘിക്കപ്പെട്ട മനുഷ്യര്‍ക്കിടയിലേക്കും സാമ്പത്തികമായി തകർന്നടിഞ്ഞ മ്യാന്‍മറിന്‍റെ മണ്ണിലേക്കും തികച്ചും യാഥൃശ്ചികമായായിരുന്നു സൂ ചിയുടെ കടന്നു വരവ്. ജനാധിപത്യ പുനഃസ്ഥാപനത്തിനായി കേണുകൊണ്ടിരുന്ന ആ ജനത തങ്ങള്‍ക്കു വേണ്ടി പൊരുതാന്‍ സൂ ചിയെ സമരമുഖത്തേക്ക് ക്ഷണിച്ചു. ഒരു കാലത്ത് ബര്‍മീസ് ജനകീയ പ്രക്ഷോഭങ്ങളുടെ അമരക്കാരനായിരുന്ന ധീര രക്തസാക്ഷി ഓങ് സാനിന്‍റെ മകള്‍ തന്‍റെ നാടിന്‍റെ പരിതസ്ഥിതി ഉള്‍ക്കൊണ്ട് പുതു ചരിതത്തിന് കൊടിനാട്ടി.
സൈന്യത്തിന്റെ കൊടും ക്രൂരതയില്‍ അടിച്ചമര്‍ത്തപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്നാലെ 1988 ഓഗസ്റ്റില്‍ റങ്കൂണിലെ പ്രശസ്തമായ ഷ്വെദഗൗണ്‍ പഗോഡയുടെ മുന്നില്‍ വെച്ച് അഞ്ച് ലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രകടനത്തെ അഭിസംബോധന ചെയ്താണ് ഓങ് സാന്‍ സൂ ചി ജനകീയമുന്നേറ്റത്തിന്റെ മുന്‍നിരയില്‍ എത്തിയത്. “എന്‍റെ അച്ഛന്‍റെ മകളെന്ന നിലയ്ക്ക് ഈ നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങളോട് മുഖം തിരിക്കാന്‍ എനിക്ക് സാധിക്കില്ല. ഇത് മ്യാന്‍മറിന്‍റെ രണ്ടാം സ്വാതന്ത്ര്യ സമരമാണ്” എന്ന് ലക്ഷോപലക്ഷങ്ങളെ സാക്ഷി നിര്‍ത്തി സൂ ചി പ്രഖ്യാപിച്ചു.
‘8888 വിപ്ലവം’ എന്ന് പേരുകേട്ട ആ പ്രക്ഷോഭം ചോരപ്പുഴയൊഴുക്കിയാണ് അവസാനിച്ചത്. പട്ടാളം അടിച്ചമര്‍ത്തിയ പ്രക്ഷോഭത്തില്‍ ജനാധിപത്യവാദികളും മനുഷ്യാവകാശപ്രവര്‍ത്തകരും ഉള്‍പ്പെടെ അനേകായിരങ്ങള്‍ അറസ്റ്റിലായി. ഇതിനു പിന്നാലെ, സ്റ്റേറ്റ് ലോ ആന്‍ഡ് ഓര്‍ഡര്‍ റെസ്റ്ററേഷന്‍ കൗണ്‍സില്‍ (SLOR) എന്ന പേരില്‍ ഭരണ സമിതി രൂപീകരിച്ച് സൈനികത്തലവന്‍ സോ മോങ് അധികാരം ഏറ്റെടുക്കുകയും ചെയ്തു.
ഇതിന് തൊട്ടടുത്തമാസം സൂ ചി നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) എന്ന രാഷ്ട്രീയപ്പാർട്ടിക്കു രൂപം നൽകി. അക്കാലത്ത് (1990 കാലഘട്ടത്തില്‍) വര്‍ധിച്ചുവന്ന അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് സൈന്യം പാര്‍ലമെന്‍ററി ജനാധിപത്യ മാതൃകയില്‍ ഒരു പൊതുതെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചു. മ്യാന്‍മറിലുടനീളം സഞ്ചരിച്ച സൂ ചി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു. ആ തെരഞ്ഞെടുപ്പില്‍ സൂ ചിയുടെ പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. എന്നാല്‍ അധികാരക്കൊതി മൂത്ത സൈന്യം ആ തെരഞ്ഞെടുപ്പ് ഫലം അസാധുവായി പ്രഖ്യാപിച്ചു. സൂ ചി സൃഷ്ടിച്ച ആവേശതരംഗത്തിനു തടയിടാന്‍ പട്ടാളം അവരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
അടുത്ത രണ്ട് ദശാബ്ദക്കാലം യാങ്കോണിലെ ’54 യൂണിവേഴ്സിറ്റി അവന്യൂ’ വിലുള്ള വീട്ടില്‍ സൈന്യത്തിന്‍റെ തടവിലായിരുന്നു സൂ ചി. സൂ ചിയുടെ സാന്നിദ്ധ്യം മ്യാന്‍മറിലെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞു എന്നല്ലാതെ, അവരുണര്‍ത്തിവിട്ട പ്രതീക്ഷയെ മായ്ച്ചുകളയാന്‍ ഭരണകൂടത്തിനായില്ല. ഇത് അടിവരയിടുന്നതാണ് നേതാക്കളെല്ലാം തടവറയിലായ, ഭരണകൂടം കൊല്ലങ്ങളോളം നിരോധിച്ച ഒരു പാര്‍ട്ടി, മരിക്കാതെ പിടിച്ചുനിന്ന് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്ന് നേടിയ വിജയ ചരിത്രം. വീട്ടുതടങ്കലിലായി മാസങ്ങള്‍ക്കകം, 1991ലാണ് സൂ ചിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. പക്ഷേ, ഈ സമ്മാനം നേരില്‍ കൈപ്പറ്റാന്‍ 21 വര്‍ഷം അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു.
പലപ്പോഴായി വീട്ടുതടങ്കലില്‍ നിന്ന് സൂ ചി മോചിപ്പിക്കപ്പെട്ടെങ്കിലും അവയൊക്കെ താല്‍ക്കാലികമായിരുന്നു. വീണ്ടും തടവിലാക്കാന്‍ മാത്രമായുള്ള ഒരു മോചനം. 1999ല്‍ കാന്‍സര്‍ ബാധിതനായി മരണത്തോട് മല്ലിടുന്ന ഭര്‍ത്താവ് ആരിസിനെ കാണാന്‍ ഓക്സ്ഫോര്‍ഡിലേക്ക് പോകാമെന്ന് സൈന്യം അനുവദിച്ചപ്പോള്‍ അതിലെ കെണി മനസ്സിലാക്കിയ സൂ ചി രാജ്യത്ത് തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവിനെ സന്ദര്‍ശിച്ചാല്‍ പിന്നീടൊരിക്കലും തന്‍റെ രാജ്യത്തേക്ക് കാലു കുത്താന്‍ സാധിക്കില്ലെന്നറിയാവുന്നതു കൊണ്ടാണ് ആ നിര്‍ണ്ണായക വേളയില്‍ അവര്‍ രാജ്യത്തോടൊപ്പം നിന്നത്.
അന്ന് മ്യാന്‍മറില്‍ ഓങ് സാന്‍ സൂ ചി എന്ന പേരു പറയുന്നത് പോലും കുറ്റകൃത്യമാണെന്ന പ്രതീതിയായിരുന്നു. അതുകൊണ്ട് ജനം സൂ ചിയുടെ പേരിനു പകരം ‘ദ ലേഡി’ എന്ന് അവരെ അഭിസംബോധന ചെയ്തു. 2010ഓടുകൂടിയാണ് മ്യാന്‍മര്‍ സൈന്യം പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്. ഇതിലേക്കുള്ള ആദ്യപടിയെന്ന രീതിയിലായിരുന്നു അവര്‍ സൂചിയെ 2010 നവംബര്‍ 13 ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ അനുവദിക്കുന്നത്.
2012ലെ ഉപതെരഞ്ഞെടുപ്പിൽ 44 സീറ്റുകളിലേക്കു മത്സരിച്ച എൻഎൽഡി എല്ലാം പിടിച്ചെടുത്ത് കരുത്തുകാട്ടി. സൂ ചി പാർലമെന്‍റിലെത്തി പ്രതിപക്ഷനേതാവാവുകയും ചെയ്തു. 2015ൽ എൻഎൽഡി ഉജ്വലവിജയം നേടിതോടെയാണ് സൂ ചി സ്റ്റേറ്റ് കൗൺസിലർ എന്ന പദവി സ്വീകരിച്ചത്. കാരണം, സൂ ചി മ്യാന്‍മറിന്‍റെ പ്രസിഡന്‍റ് പദമേറാനുള്ള സാധ്യത വളരെ അകലെയാണ്. സൈന്യം ഭരണഘടനയില്‍ വരുത്തിയ പരിഷ്കാരം അനുസരിച്ച് വിദേശികളായ കുടുംബാംഗങ്ങളുള്ളവര്‍ക്ക് പ്രസിഡന്‍റാവാനാകില്ല. സൂ ചിയുടെ ഭര്‍ത്താവ് മൈക്കല്‍ ആരിസ് ബ്രിട്ടീഷ് പൗരനായിരുന്നു. രണ്ടുമക്കളും അങ്ങനെതന്നെ.
സ്റ്റേറ്റ് കൗണ്‍സിലറായിരിക്കെ അഞ്ചു വർഷം വിജയകരമായി ഭരിച്ചുവെന്നു മാത്രമല്ല, സൈന്യവുമായി കാര്യമായ കലഹത്തിനൊന്നും സൂ ചി മുതിർന്നില്ല. റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളുടെ വംശഹത്യയില്‍ പോലും അവര്‍ സൈന്യത്തിന്‍റെ പ്രവൃത്തിയെ അപലപിച്ചില്ലെന്നത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
വേട്ടയാടപ്പെട്ട ന്യൂനപക്ഷം
ബാമര്‍ എന്ന ബുദ്ധിസ്റ്റ് പാരമ്പര്യമുള്ള ഒരു ജനവിഭാഗമാണ് മ്യാന്‍മറിലെ ഭൂരിപക്ഷം. ബാക്കി വരുന്ന ജനസംഖ്യ 135ല്‍പരം വംശീയ വിഭാഗങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. നാസി ജർമ്മനിയിലെ കമ്മ്യൂണിസ്റ്റുകളെയും, ജൂതന്മാരെയുംപോലെ, ഇന്ത്യയിലെ ദളിത്- മുസ്ലിം- ആദിവാസികളെപ്പോലെ മ്യാന്‍മർ ബുദ്ധിസ്റ്റ് ദേശീയതയുടെ അപരന്‍മാരാണ് റോഹിന്‍ഗ്യന്‍ മുസ്ലിങ്ങൾ. ആറര ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മ്യാന്‍മറിന്‍റെ വെറും അഞ്ച് ശതമാനം വരുന്ന പടിഞ്ഞാറന്‍ പ്രവിശ്യയായ റാഖൈന്‍ മേഖലയിലാണ് ഈ ജനവിഭാഗം കഴിയുന്നത്. ഇവര്‍ തലമുറകള്‍ക്ക് മുമ്പ് അറേബ്യയില്‍ നിന്ന് വ്യാപാരത്തിന് വന്ന് ബര്‍മയില്‍ സ്ഥിരതാമസമാക്കിയവരാണെന്നാണ് കരുതപ്പെടുന്നത്. 15ാം നൂറ്റാണ്ടുമുതല്‍ റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളുടെ സ്വാധീനം ബര്‍മ്മയിലുണ്ടായിരുന്നു എന്നതിന് തെളിവുകളുമുണ്ട്.
ലോകത്തിൽ വെച്ചേറ്റവും അടിച്ചമർത്തപ്പെട്ട ജനത റോഹിന്‍ഗ്യകൾ ആണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ രേഖപ്പെടുത്തുന്നു. റോഹിന്‍ഗ്യകളുടെ ചരിത്രം പരിശോധിച്ചാൽ അക്കാര്യം വ്യക്തവുമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടുകളോളമായി പലതരത്തിൽ റോഹിന്‍ഗ്യകൾ മ്യാന്‍മർ ഭരണകൂടത്തിൽ നിന്നും ബുദ്ധിസ്റ്റ് ഭൂരിഭാഗത്തിൽ നിന്നും പലതരത്തിൽ അടിച്ചമർത്തലുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. തങ്ങൾ റാഖൈനിലെ യഥാർത്ഥ താമസക്കാർ ആണെന്ന് റോഹിന്‍ഗ്യകൾ അവകാശപ്പെടുമ്പോൾ മ്യാന്‍മറിലെ ഭരണകൂടമാകട്ടെ, റോഹിന്‍ഗ്യകളെ ബംഗ്ലാദേശി അഭയാര്‍ഥികളായി ചിത്രീകരിച്ച് അവര്‍ക്ക് അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുകയാണുണ്ടായത്.
1948 ജനുവരിയിൽ ബര്‍മ സ്വതന്ത്ര്യമായതിനു പിന്നാലെ അധികാരത്തിലെത്തിയ സർക്കാർ പൗരത്വത്തിന് അർഹതയുള്ള വംശീയരുടെ പട്ടികയില്‍ നിന്നടക്കം റോഹിന്‍ഗ്യകളെ പുറന്തള്ളി. എന്നാൽ രണ്ടു തലമുറയായി മ്യാൻമറിൽ കഴിയുന്ന റോഹിന്‍ഗ്യൻ കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി. ഈ കാലഘട്ടത്തിൽ അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ടുചെയ്യാനുമൊക്കെ സാധിച്ചിരുന്നു. പക്ഷെ, 1962ലെ പട്ടാള അട്ടിമറിയോടെ റോഹിന്‍ഗ്യകളുടെ അവസ്ഥ ആകെ മാറി.
പട്ടാളം അധികാരത്തിലെത്തിയതോടെ രാജ്യത്തെ പൗരൻമാരെല്ലാം നാഷണൽ രജിസ്ട്രേഷൻ കാർഡ് എടുക്കണം എന്ന് നിയമം വന്നു. എന്നാൽ റോഹിന്‍ഗ്യകൾക്ക് വിദേശികള്‍ക്കു നൽകുന്ന കാർഡേ ലഭിച്ചുള്ളൂ. അതോടെ അവർക്ക് രാജ്യത്തെ വിദ്യാഭ്യസ സൗകര്യങ്ങളും തൊഴിലവസരങ്ങളും നിഷേധിക്കപ്പെട്ടു. റോഹിന്‍ഗ്യകൾ എന്ന പേരുപോലും ഇവർക്ക് നൽകാൻ സർക്കാർ തയാറായിരുന്നില്ല. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിപ്പാർത്തവരെന്ന നിലയില്‍ ഇവരെ ബംഗാളികൾ എന്നാണ് വിളിച്ചിരുന്നതു പോലും.
1978 ഫെബ്രുവരിയിലാണ് മ്യാന്‍മറില്‍ ‘ഓപ്പറേഷന്‍ ഡ്രാഗണ്‍ കിംഗ്’ അഥവ ‘ഓപ്പറേഷന്‍ നാഗ്മിന്‍’ എന്ന റോഹിന്‍ഗ്യന്‍ വിരുദ്ധ സൈനിക നടപടിയുണ്ടായത്. റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളെ മ്യാന്‍മറില്‍ നിന്ന് തുരത്തുകയായിരുന്നു ബാമര്‍ ബുദ്ധിസ്റ്റ് ഭൂരിപക്ഷമുള്ള സൈനിക ഭരണകൂടത്തിന്‍റെ ലക്ഷ്യം. അന്ന് ലക്ഷക്കണക്കിന് റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളെ സൈന്യം ബംഗ്ലാദേശിലേക്ക് അടിച്ചോടിച്ചു. പിന്നീട് ദുരിതത്തിൽ കഴിഞ്ഞിരുന്ന റോഹിന്‍ഗ്യകൾക്ക് ഇരുട്ടടിയായി 1982 ൽ പുതിയ പൗരത്വ നിയമം പാസാക്കി.
രാജ്യത്തെ മറ്റെല്ലാ വംശീയ വിഭാഗങ്ങളെയും അംഗീകരിച്ച ഈ നിയമം മ്യാന്‍മറിലെ വംശീയ പട്ടികയിൽ നിന്ന് റോഹിന്‍ഗ്യകളെ മാത്രം ഒഴിവാക്കി. ഇതോടെ ലക്ഷക്കണക്കിന് വരുന്ന റോഹിന്‍ഗ്യകൾ വീടോ നാടോ ഇല്ലാത്തവരായി. രാജ്യത്തെ പൗരൻമാരായി അംഗീകരിക്കണമെങ്കിൽ 1948 നു മുന്‍പ് മ്യാൻമറിൽ ജീവിച്ചവരാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമായിരുന്നു. എന്നാൽ ഈ രേഖകൾ റോഹിന്‍ഗ്യകൾക്കു നൽകാൻ അധികൃതർ തയാറായിരുന്നില്ല. അതോടെ രാജ്യത്തെ നിയമങ്ങൾക്കോ, വിദ്യാഭ്യാസത്തിനോ, ജോലിക്കോ, സഞ്ചാരത്തിനോ, വിവാഹം കഴിക്കാനോ, തങ്ങളുടെ മതാചാരങ്ങൾ പിൻതുടരാനോ, വോട്ടുചെയ്യാനോ അവർക്ക് അവകാശമില്ലാതായി.
പിന്നീട് പലതവണ പട്ടാള ഭരണകൂടം റോഹിന്‍ഗ്യകളെ കൂട്ടക്കുരുതി ചെയ്തു. റോഹിന്‍ഗ്യൻ വംശത്തെത്തന്നെ ഉന്മൂലനം ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ കുറ്റപ്പെടുത്തിയിട്ടും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. അതോടെ റോഹിന്‍ഗ്യകൾ തങ്ങളുടെ നാടുപേക്ഷിച്ച് കൂട്ടപ്പലായനം ആരംഭിച്ചു. അഞ്ചരക്കോടി ജനങ്ങളുള്ള മ്യാന്‍മറില്‍ താമസിച്ചിരുന്ന പതിമൂന്ന് ലക്ഷത്തില്‍പരം റോഹിന്‍ഗ്യകളില്‍ ഏഴുലക്ഷത്തിലധികം പേര്‍ സൈനിക ഭരണകൂടത്തിന്‍റെയും ബാമര്‍ ബുദ്ധിസ്റ്റുകളുടെയും വേട്ടയാടലിന്‍റെ ഭാഗമായി മ്യാന്‍മറിന്‍റെയും ബംഗ്ലാദേശിന്‍റെയും ഇടയിലുള്ള നാഫ് നദി മുറിച്ചു കടന്ന് ബംഗ്ലാദേശില്‍ അഭയം പ്രാപിച്ചിരുന്നു. ഇന്ന് റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ഏറെയും വിജനമാണ്. പലതും ഭൂപടങ്ങളില്‍ നിന്നടക്കം നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞു.
ഇന്ത്യ, പാക്കിസ്ഥാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും പലായനം നടത്തിയ റോഹിന്‍ഗ്യകള്‍ മറ്റു രാജ്യങ്ങളിലുള്ള റോഹിന്‍ഗ്യന്‍ മുസ്ലിംകളുടെ സഹായത്തോടെ മ്യാന്‍മറില്‍ സർക്കാരിനെതിരെ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാല്‍, സർക്കാരിനെതിരെ പോരാടാൻ പുറത്തുനിന്നുള്ള ഭീകരസംഘടനകളുടെ സഹായം റോഹിന്‍ഗ്യകൾക്കു ലഭിക്കുന്നുണ്ടെന്നാണ് മ്യാന്‍മര്‍ സർക്കാർ ആരോപിച്ചത്.
രാജ്യത്തെ ആകെ ജനസംഖ്യയുടെ 90 ശതമാനവും വരുന്ന ബാമര്‍ ബുദ്ധിസ്റ്റുകള്‍, വിദേശ സഹായത്തോടെ റോഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍ നാളെ തങ്ങള്‍ക്കു മേല്‍ സമഗ്രാധിപത്യം സൃഷ്ടിച്ചേക്കുമെന്ന് പ്രചരിപ്പിക്കുകയും വര്‍ഗീയ കലാപങ്ങള്‍ക്ക് എണ്ണ പകരുകയും ചെയ്തു. പ്രാഥമികമായ പൗരാവകാശം പോലും നിഷേധിക്കപ്പെട്ട് വലയുന്ന റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളെ വേട്ടയാടാന്‍ മനഃപ്പൂര്‍വ്വമുള്ള നിര്‍മ്മിതി ആയിരുന്നു ഇത്.
2012 മുതല്‍ റോഹിന്‍ഗ്യകള്‍ക്കെതിരെ സൈന്യത്തിന്‍റെ ഒത്താശയോടെ ബാമര്‍ ബുദ്ധിസ്റ്റുകള്‍ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ‘മാബാ താ’ പോലുള്ള തീവ്ര ബുദ്ധിസ്റ്റ് സംഘടനകള്‍ അക്രമത്തിന് മുന്നില്‍ തന്നെ നിലകൊണ്ടു. ‘ബര്‍മീസ് ബിന്‍ലാദന്‍’ എന്നറിയപ്പെടുന്ന ‘അഷിൻ വിരാതു’ വിനെപ്പോലുള്ളവര്‍ ബുദ്ധമത വിശ്വാസികള്‍ക്കിടയില്‍ മുസ്ലീംവിരുദ്ധതയുടെ ബീജങ്ങള്‍ വിതച്ചു. “നമുക്കുള്ളില്‍ സഹജീവി സ്നേഹമുണ്ടെങ്കിലും ഒരു പേപ്പട്ടിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാനാകുമോ” എന്നായിരുന്നു വിരാതു റോഹിന്‍ഗ്യകളെപ്പറ്റി പറഞ്ഞത്.
2016 ഒക്ടോബറിലാണ് റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളുടെ ഭാഗത്ത് നിന്ന് സൈന്യത്തിനെതിരെ ഒരു പ്രകോപനമുണ്ടാകുന്നത്. ‘ഹരാക അൽ-യാക്കിൻ’ എന്നറിയപ്പെട്ടിരുന്ന തീവ്ര സ്വഭാവമുള്ള ഒരു സംഘടനയുണ്ടായിരുന്നു റോഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍ക്കിടയില്‍. ഇതാണ് ‘അരകന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി’ (ആര്‍സ) എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ടത്. റാഖൈനിലെ അതിർത്തിയില്‍ കാവലിലുണ്ടായിരുന്ന മ്യാൻമർ സേനയിലെ സൈനികരെ ആര്‍സ ഗറില്ലകള്‍ ആക്രമിച്ചു കൊന്നതായിരുന്നു തുടക്കം. ‘ഒക്ടോബര്‍ ആക്രമണം’ എന്നാണ് ഈ സംഭവം പൊതുവെ അറിയപ്പെടുന്നത്. ഈ പോരാട്ടത്തില്‍ 12 സൈനികരും 59 ആര്‍സ ഗറില്ലകളുമായിരുന്നു കൊല്ലപ്പെട്ടത്.
ഇതേതുടര്‍ന്ന്, അന്ന് രാജ്യത്ത് അധികാരത്തിലുണ്ടായിരുന്ന ഓങ് സാന്‍ സൂ ചിയുടെ കൂടി മൗനാനുവാദത്തോടെ റോഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള കടുത്ത വേട്ടയാടല്‍ നടപടികളായിരുന്നു മ്യാന്‍മറില്‍ അരങ്ങേറിയത്. അന്നും ലക്ഷക്കണക്കിന് റോഹിന്‍ഗ്യന്‍സ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. 2017 ല്‍ വീണ്ടും ആര്‍സ, പൊലീസ് ഔട്ട്പോസ്റ്റുകള്‍ ആക്രമിച്ചു. ഇതില്‍ 12ലധികം പൊലീസുകാര്‍ കൊല്ലപ്പെട്ടു. ആര്‍സ ഗറില്ലകളുടെ ഈ പ്രകോപനത്തോട് മുന്‍പത്തേതിനെക്കാള്‍ കടുപ്പത്തിലായിരുന്നു മ്യാന്‍മര്‍ സൈന്യത്തിന്‍റെ പ്രതികരണം.
റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളെ റാഖൈന്‍ പ്രവിശ്യയില്‍ നിന്ന് തുടച്ചു നീക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങി. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ അവര്‍ ഇടിച്ചു നിരത്തി. അതിന്‍റെ അവശിഷ്ടങ്ങള്‍ പെട്രോളൊഴിച്ച് കത്തിച്ചു. റോഹിന്‍ഗ്യന്‍ യുവതികളെ കൂട്ടബലാത്സംഗം ചെയ്തു. പുരുഷന്മാരെ പരസ്യമായി വെടിവെച്ചു കൊന്നു.
എന്നാല്‍ അന്ന്, ഓങ് സാന്‍ സൂ ചി ഈ സംഭവത്തില്‍ പൊതുവെ അപലപിച്ചതല്ലാതെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ഒരു നടപടിയും കൈകൊണ്ടില്ല. ഇത് സമാധാന നൊബേൽ ജേതാവ് എന്ന സൂ ചിയുടെ ഖ്യാതിയെത്തന്നെ സാരമായി ബാധിച്ചിരുന്നു. ‘താനൊരു രാഷ്ട്രീയക്കാരിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകയല്ല,’ എന്നായിരുന്നു വിമര്‍ശകരോട് സൂ ചി അന്ന് പറഞ്ഞ ന്യായം. സൈനിക തടവില്‍ വര്‍ഷങ്ങളോളം കഴിഞ്ഞപ്പോള്‍ സൂ ചിക്ക് വേണ്ടി മുറവിളി കൂട്ടിയ അന്താരാഷ്ട്ര സമൂഹത്തിന് കനത്ത ആഘാതമായിരുന്നു അവരുടെ ഈ വാദം. അന്ന് അവര്‍ ന്യായീകരിച്ച അതേ സൈന്യം തന്നെയാണ് ഇന്ന് അവരെ വീണ്ടും ചിറകറുത്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
മ്യാന്‍മറിന്‍റെ ജനാധിപത്യ ഭാവി
2020 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 83ശതമാനം വോട്ടുകൾ നേടിയാണ് സൂ ചിയുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി വിജയം കൈവരിച്ചത്. പട്ടാളത്തിന്‍റെ പിന്തുണയുള്ള യുഎസ്ഡിപി (യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്‍റ് പാർട്ടി) ക്ക് 476 സീറ്റിൽ ആകെ 33 സീറ്റ് മാത്രമാണു ലഭിച്ചത്. ഇതോടെ പൊതുതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പട്ടാളം രംഗത്തെത്തി. ഈ പരാതി തെരഞ്ഞെടുപ്പു കമ്മിഷൻ തള്ളിയതിനു പിന്നാലെയാണ് പട്ടാളം സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തത്. പുതിയ സർക്കാരിന്‍റെ ആദ്യ പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപായിരുന്നു ഈ അട്ടിമറി.
ഓങ് സാൻ സൂ ചിയെയും പ്രസിഡന്‍റ് വിന്‍ മിന്‍ അടക്കമുള്ള മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം ഒരു വർഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. കരസേനാ മേധാവി മിൻ ഓങ് ലെയ്‌ങ്ങിന്‍റെ സര്‍വ്വാധികാരത്തില്‍ മ്യാന്‍മറിന്‍റെ ഭാവി എന്താകുമെന്നതാണ് ഇനിയുള്ള ആശങ്ക.
പ്രായ പരിധി പരിഗണിച്ച് ഈ വര്‍ഷം വിരമിക്കേണ്ട ലെയ്‌ങിന് അധികാരം നിലനിർത്താൻ അവസാന അവസരം ഒരുക്കിക്കൊടുക്കുകയാണ് ഇത്തവണത്തെ പട്ടാള അട്ടിമറിയുടെ അപ്രഖ്യാപിത ലക്ഷ്യമെന്ന വായനകള്‍ ഇപ്പോള്‍ സജീവമാണ്. ഇതിനു പുറമെ രാജ്യത്ത് ജനാധിപത്യം ശക്തമായി വരുന്നത് ഭാവിയിൽ സൈന്യത്തിനു ഭരണത്തിന്മേലുള്ള സ്വാധീനം കുറയ്ക്കുമെന്ന ആശങ്കയ്ക്ക് പുറത്താണ് അട്ടിമറി നടപടിയെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
സൂ ചിയുടെ പാർട്ടിക്ക് നവംബറിലെ തെരഞ്ഞെടുപ്പിൽ ലഭിച്ച വൻ വിജയം സൈന്യത്തിന് ഒരു മുന്നറിയിപ്പായിരുന്നു. എന്‍എല്‍ഡിയുടെ ഭരണകാലത്തെ സാമ്പത്തിക പുരോഗതി, വാർത്താവിനിമയ സംവിധാനങ്ങളുടെ വികസനം തുടങ്ങിയവ സൂ ചിക്കും പാര്‍ട്ടിക്കും ജനഹൃദയങ്ങളില്‍ വൻ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്. ഈ ജനസമ്മതി വളരാന്‍ അനുവദിക്കാതിരിക്കേണ്ടത് പട്ടാളത്തിന്‍റെ ആവശ്യമാണ്.
വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കിയതിന് വിവിധ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന സായുധ സേന മേധാവിയാണ് മിന്‍ ഓങ് ലെയ്ങ്. മ്യാൻമറിലെ വംശീയ ശുദ്ധീകരണ കാമ്പയിനിന്‍റെ മുഖ്യ സൂത്രധാരൻ എന്നാണ് ഇയാള്‍ പൊതുവെ അറിയപ്പെടുന്നത്. സൂ ചിയോളം തന്നെ നിര്‍ണായക രാഷ്ട്രീയ സ്വാധീനവുമുണ്ട് ലെയ്ങിന്. ഇദ്ദേഹത്തിന്‍റെ സൈന്യത്തിനെതിരെ കൊലപാതകം ബലാത്സംഗം, തുടങ്ങി അനേകം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, അവ സത്യമെന്ന് തെളിഞ്ഞിട്ടും അയാള്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാവുക മാത്രമാണ് ചെയ്തത്. കൂടാതെ മകൻ, മരുമകൾ, മകൾ എന്നിവരുൾപ്പെടെയുള്ള ലെയ്ങിന്‍റെ കുടുംബാംഗങ്ങൾക്കെതിരെയും അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പതിറ്റാണ്ടുകളുടെ സൈനിക ഭരണത്തിന് ശേഷം 2011ൽ മ്യാൻമർ ജനാധിപത്യത്തിലേക്ക് വഴിമാറിയപ്പോൾ സൈനിക മേധാവിയായി തുടർന്ന ലെയ്ങ് സൈന്യത്തിന്‍റെ അധികാരം നിലനിർത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു. 2016 ൽ, ഓങ് സാൻ സൂ ചിയുടെ പാർട്ടി അധികാരത്തിൽ വന്നതോടെ, അവരുമായി പൊതുപരിപാടികളിൽ പങ്കെടുത്ത് ലെയ്ങ് തന്‍റെ രാഷ്ട്രീയ സ്വാധീനവും സോഷ്യല്‍ മീഡിയ സാന്നിദ്ധ്യവും ശക്തിപ്പെടുത്തിയിരുന്നു.
ഇപ്പോള്‍, രാജ്യത്തിന്‍റെ പരമാധികാരം ഏറ്റെടുത്തിരിക്കുകയാണ് ലെയ്ങ്. തങ്ങള്‍ വീണ്ടും ഭയത്തിന്‍റെ ഓര്‍മകളിലേക്ക് മടങ്ങുന്നു എന്നാണ് മ്യാന്‍മര്‍ ജനത ഇതിനെ വിശേഷിപ്പിക്കുന്നത്. സൈനിക സർവ്വാധിപത്യത്തിന്‍റെ കറുത്ത നാളുകളോട് പൊരുതി പുതു പുലരിക്ക് കാത്തിരിക്കുകയായിരുന്നു അവര്‍. അധികാരദുര്‍വിനിയോഗത്തിന്‍റെയും അവകാശ ധ്വംസനങ്ങളുടെയും വര്‍ഗീയ കലാപങ്ങളുടെയും പഴയകാലം തിരിച്ചു വരുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും ദുരിത ജീവിതത്തില്‍ ഗതികെട്ട ജനങ്ങളുടെയും നിറമുള്ള സ്വപ്നങ്ങള്‍ ശിഥിലമാവുകയാണ്.