ഗൊരഖ്പൂര്‍: ശിശുരോഗവിദഗ്ധന് ഡോ. കഫീല്‍ഖാനെ പൊലീസിന്റെ സ്ഥിരം ക്രിമിനല്‍ കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തി യുപി പൊലീസ്. ഗൊരഖ്പൂരിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള 81 പേര്‍ക്കൊപ്പമാണ് കഫീല്‍ഖാനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
“യുപി സര്‍ക്കാര്‍ എന്നെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. അവര്‍ എന്നെ ജീവിതകാലം മുഴുവന്‍ നിരീക്ഷിക്കുമെന്നാണ് പറയുന്നത്. 24 മണിക്കൂറും എന്നെ നിരീക്ഷിക്കാനായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഇനി വരുന്ന വ്യാജകേസുകളില്‍ നിന്നെങ്കിലും എന്നെ രക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞാല്‍ മതിയായിരുന്നു,” വീഡിയോ സന്ദേശത്തില്‍ കഫീല്‍ ഖാന് പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 18ന് കഫീല്‍ഖാനെ പൊലീസ് ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണെന്നും ആ വിവരം വെള്ളിയാഴ്ചയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും കഫീല്‍ഖാന്റെ സഹോദരന് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യുപി പൊലീസ് അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയായിരുന്നു അറസ്റ്റ്.
എന്നാല്‍ സെപ്തംബര്‍ ഒന്നിന് ഡോക്ടര്‍ കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതിനൊപ്പം അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
ഇതിന് പിന്നാലെ ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ യോഗി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കുറ്റകൃത്യത്തിലേര്‍പ്പെട്ട ചരിത്രമാണ് കഫീല്ഖാന് ഉള്ളതെന്നും അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടിയിലേക്ക് കടന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തതെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയില്‍ പറഞ്ഞിരുന്നത്.
എന്‍എസ്എ ചുമത്തിയാല്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ 12 മാസം വരെ കുറ്റം ചുമത്താതെ തടവിലിടാന്‍ സാധിക്കും. ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ.കഫീല്‍ ഖാന് വാര്‍ത്തകളിലിടം നേടിയത്. ഇതോടെ കഫീല്ഖാന് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി.
തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.