ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിയില്‍ കര്ഷകന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവച്ച ‘ദി വയര്‍’ എഡിറ്റര്‍ സിദ്ധാര്‍ഥ് വരധരാജനെതിരെയും കേസ്. ഉത്തര്‍പ്രദേശിലെ രാംപുരിലാണ് കേസെടുത്തത്. ഐപിസി 153 -ബി, 505 (2) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കർഷക സമരത്തിനിടെ മരിച്ച നവ്രീത് സിങ്ങിന്റെ മുത്തച്ഛനെ ഉദ്ധരിച്ച് തയാറാക്കിയ വാർത്ത പങ്കുവെച്ച ട്വീറ്റാണ് കേസിനാധാരം. ട്രാക്ടര്‍ മറിഞ്ഞല്ല നവരീത് സിംഗ് മരിച്ചതെന്നും പോലീസ് വെടിവയ്പിലാണെന്നും കുടുംബം പറയുന്നു. ഈ വാര്‍ത്തയാണ് വരധരാജന്‍ ട്വിറ്ററില്‍ പങ്കുവച്ചത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ച നവരീത് സിംഗിന്റെ ശരീരത്തില്‍ വെടിയുണ്ട തുളച്ചുകയറിയതിന്റെ മുറിവുകള്‍ കണ്ടെത്തിയതായി കുടുംബം പറയുന്നു.
ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിലായിരുന്നു നടപടി. കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോർട്ടർമാർക്കും എതിരെയും കേസെടുത്തിരുന്നു. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളായിരുന്നു ഇവർക്കെതിരെ ചുമത്തിയത്.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.